ല്ല മുളകിട്ട അയലകറി, മണ്‍ചട്ടിയില്‍ വറ്റിച്ചെടുത്ത ആവോലി, അരപ്പു പിടിച്ച് അടുപ്പത്തു കിടന്നു മൊരിയുന്ന അയക്കൂറ...ഹാ...എത്ര മനോഹരമാണ്!ഒരു കുഞ്ഞുമീന്‍ മതി. അടുക്കള ആകെ മാറും. കറിവെയ്ക്കാനാണ്‌ പുറപ്പാടെങ്കില്‍ ചിലതു പറയാം.

മുളകിട്ട കറിയാണെങ്കില്‍ മുളകു പൊടിക്കു പകരം അരച്ച മുളക് ഉപയോഗിച്ചു നോക്കൂ. എരിവിങ്ങനെ മീനിനോട് പറ്റിക്കൂടുന്നതു കാണാം. മുളക് നേരത്തേ വെള്ളത്തിലിട്ടുവെച്ച് കുതിര്‍ന്ന ശേഷം വേണം അരയ്ക്കാന്‍.

മധ്യ കേരളത്തിലും തെക്കും കുടമ്പുളിയാണ് മീനില്‍ പതിവ്. വടക്ക് വാളന്‍ പുളി. അതിന്റെ കൂടെ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ചേരും. മീന്‍ വെന്തു കഴിയുമ്പോള്‍ ഈ പറഞ്ഞ സാധനങ്ങളെല്ലാം മീനിനോളം സ്വാദാവും. കുടമ്പുളിയുടെ കടുപ്പമുള്ള രുചി ഇഷ്ടമുള്ളവര്‍ക്ക്, മീന്‍ കറിയില്‍ അതു തലപൊക്കി കിടക്കുന്നതു കണ്ടാല്‍ മതി!

ഇനി തേങ്ങയരച്ചുള്ള വെപ്പ്. മത്തിയും അയലയും ചൂടയും സ്രാവും ഇതിനു ചേരും. ഉള്ളിയും പച്ചമുളകും മുളകുപൊടിയും വെളിച്ചെണ്ണയില്‍ വഴറ്റിയ ശേഷം മീന്‍ അതിലിട്ടാല്‍ മതി. ഉഴുന്നുപരിപ്പ് , രണ്ടു മണി ഉലുവ എന്നിവ ചേര്‍ത്തു നോക്കൂ. സ്വാദു കൂടും. നല്ല കൊഴുത്തു തുടുത്ത മീന്‍ കറി കൂട്ടി നാലു പത്തിരിയോ ഒരു തവി ചോറോ കഴിക്കുന്നതിനെക്കുറിച്ച് ആലോച്ചിക്കൂ.

ചെമ്മീന്‍ തല കളയാതെ കറിവെച്ചിട്ടുണ്ടോ? അതാണ് സ്വാദ്. അതിന്റെ തലയിലെ കുഞ്ഞു കുഞ്ഞു നാരുകളും മാംസബിന്ദുക്കളും കളയേണ്ട; പുറന്തോട് മാത്രം കളയുക. തലയില്‍ അരപ്പൊക്കെ പറ്റിപിടിച്ച്...മുളകു ചാറിലൊക്കെ മുങ്ങി...ചെമ്മീന്‍ രുചികൊണ്ട് തിങ്ങിവിങ്ങുന്നതു കാണാം!

മീന്‍ വറുക്കും മുമ്പ് കഴിക്കുന്നവനോട് ചോദിക്കൂ, നന്നായി മൊരിയണോ വേണ്ടേ?  നന്നായി മൊരിയണമെങ്കില്‍ അരപ്പ് അധികം വേണ്ട. കുരുമുളകും ഉപ്പുമൊക്കെ ആവശ്യത്തിനായിക്കോട്ടെ. പക്ഷേ, ഉള്ളി ചേര്‍ക്കുന്നത് കുറച്ച് മതി. അല്ലെങ്കില്‍ മീനിനൊപ്പം ഉള്ളിയും അനാവശ്യമായി മൊരിയും. വെറും കുരുമുളകും ഉപ്പും മാത്രം ചേര്‍ത്ത് ചേര്‍ത്ത് മീന്‍ വറുക്കാം. മീനിന്റെ സ്വാദ് മുന്തിനില്‍ക്കും.

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇതെല്ലാം ചേര്‍ത്ത് അരപ്പു തയ്യാറാക്കാം. അപ്പോള്‍ അരപ്പിന്റെയും മീനിന്റെയും സ്വാദ് ഒന്നിച്ചു വരും. വെളിച്ചെണ്ണ അധികമല്ലാതെ അരപ്പ് ചേര്‍ത്ത് ഇത്തിരി നേരം വേവിച്ച് വറുത്തെടുക്കുന്ന മീനിന് വേറൊരു സ്വാദാണ്; തൊട്ടാല്‍ പൊടിഞ്ഞുപോരുന്ന മൃദുത്വവും. അതിന് വറവു ചട്ടി ഇത്തിരി നേരം ഒന്നടച്ചുവെച്ചാല്‍ മതി. വേണമെങ്കില്‍ ഇത്തിരി തേങ്ങാപ്പാലും ചേര്‍ക്കാം.


(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)