ഇറച്ചിയുടെ അതേ രുചി, ഗുണമോ അതിലും; മാംസത്തിന് ആരോഗ്യകരമായ ബദലവുമായി സ്വീഡനിൽ നിന്നൊരു മലയാളി സംരംഭം


ജെസ്‌ന ജിന്റോ

ചെലവ് കുറഞ്ഞ രീതിയില്‍ ഫംഗസ്(fungi) ആധാരമായുള്ള പ്രോട്ടീന്‍ സമ്പന്നമായ വിഭവം തയ്യാറാക്കുന്നതിനെക്കുറിച്ചായിരുന്നു രാംകുമാറിന്റെ ഗവേഷണം.

രാംകുമാർ നായർ, പ്രൊമിക്‌

മാംസാഹാരം പാശ്ചാത്യരാജ്യങ്ങളുടെ ആഹാരക്രമത്തിലെ പ്രധാന ഘടകമാണ്. എന്നാല്‍, ഇറച്ചി സ്ഥിരമായി കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതോടെ അടുത്തകാലത്ത് പാശ്ചാത്യരാജ്യങ്ങള്‍ ആരോഗ്യപ്രദമായ ആഹാരശീലത്തിലേക്ക് മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത് ഈ വിപണി ലക്ഷ്യമിട്ട് മാംസത്തിന് ബദലുമായി എത്തിയിരിക്കുക സ്വീഡനില്‍ നിന്ന് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. മലയാളിയാണ് ഈ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയും. ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം കുത്തിയതോട് സ്വദേശി രാംകുമാര്‍ നായരാണ് മൈക്കോറീന എന്ന സംരംഭത്തിന്റെ അമരത്തുള്ളത്. സ്വീഡന്‍ കേന്ദ്രമായാണ് മൈക്കോറീന പ്രവര്‍ത്തിക്കുന്നത്.

ഗവേഷണം സ്റ്റാര്‍ട്ടപ്പിന് വഴിമാറുന്നു

ബയോടെക്‌നോളജിയില്‍ ബിരുദവും ബിരുദാനന്തരബിരുദം സ്വന്തമാക്കിയ രാംകുമാര്‍ ഒന്‍പത് വര്‍ഷം മുമ്പാണ് സ്വീഡനില്‍ എത്തിയത്. രാംകുമാര്‍ അവിടെ നടത്തിയ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് മൈക്കോറീനയുടെ പിറവിയിലേക്ക് എത്തിയത്. ചെലവ് കുറഞ്ഞ രീതിയില്‍ ഫംഗസ്(fungi) ആധാരമായുള്ള പ്രോട്ടീന്‍ സമ്പന്നമായ വിഭവം തയ്യാറാക്കുന്നതിനെക്കുറിച്ചായിരുന്നു രാംകുമാറിന്റെ ഗവേഷണം. ആരോഗ്യപ്രദമായ ഭക്ഷണശീലത്തിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ പതിയെ മാറിത്തുടങ്ങിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് മൈക്കോറീനയ്ക്ക് തുടക്കമിട്ടത്. 2017-ലാണ് കമ്പനിയുടെ തുടക്കം. കൂണിന് സമാനമായ ഫംഗസ് ആണ് പ്രധാനസ്രോതസ്സ്. 'പ്രൊമിക്' എന്നു പേരിട്ടിരിക്കുന്ന ഇവ വലിയ ടാങ്കുകളില്‍ വളര്‍ത്തി സംസ്‌കരിച്ചെടുക്കുകയാണ് ചെയ്യുക-രാംകുമാര്‍ പറഞ്ഞു. ഉത്പാദന പ്ലാന്റുകളില്‍ വലിയ ടാങ്കുകളില്‍ വെള്ളം നിറച്ചാണ് ഫംഗസിനെ വളര്‍ത്തുന്നത്. ഇത് പ്രത്യേകനടപടിക്രമങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ ഒരു ദിവസം 200 കിലോഗ്രാം വരെ 'പ്രൊമിക്' തയ്യാറാക്കാന്‍ കഴിയും.

മാംസത്തിന് ബദലാകുന്നതെങ്ങനെ?

മാംസത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ഉത്പന്നമാണിത്. എന്നാല്‍, മാംസം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലതാനും. കൂടാതെ, ഇതില്‍ പ്രോട്ടീന്റെ അളവും മറ്റ് പോഷകങ്ങളും മാംസത്തേക്കാള്‍ അധികമാണ്. അതിനാല്‍തന്നെ തികച്ചും ആരോഗ്യപ്രദമാണിത്-രാംകുമാര്‍ വ്യക്തമാക്കി.

ബര്‍ഗറും സാന്‍ഡ് വിച്ചും ഇവിടുത്തെ ആഹാരക്രമത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ്. ഗ്രൗണ്ട് മീറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതേ ഗ്രൗണ്ട് മീറ്റിന്റെ എല്ലാ ഗുണങ്ങളും പ്രൊമിക്കിലും അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത ഈ കൂണുകള്‍ ഏത് വിധത്തിലും തയ്യാര്‍ ചെയ്‌തെടുക്കാമെന്നുള്ളതും പ്രത്യേകതയാണ്. മെഡിറ്ററേനിയന്‍ രീതിയിലും യൂറോപ്യന്‍ രീതിയിലും മസാലയും എരിവും കൂടുതലായി ചേര്‍ക്കുന്ന ഇന്ത്യന്‍ രീതിയിലും ഇത് ഉപയോഗിക്കാം. വ്യത്യസ്തമായ മേഖലകളില്‍ ഇത് പാകം ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റം കമ്പനിയുടെ നേതൃത്വത്തില്‍ പഠിച്ചുവരികയാണ്. ഇതിനായി പ്രത്യേക ഗവേഷകസംഘത്തിനും കമ്പനി നേതൃത്വം കൊടുക്കുന്നുണ്ട്. കൊറിയന്‍, ചൈനീസ്, തായ് രീതിയില്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയും. പി.എച്ച്ഡി നേടിയ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ മേഖലകളിലുമുള്ള ഭക്ഷണവൈവിധ്യങ്ങള്‍ അറിയുക എന്നതിനൊപ്പം പ്രൊമിക്കിന്റെ സാധ്യതകള്‍ കൃത്യമായി മനസ്സിലാക്കുക എന്നതും പഠനലക്ഷ്യമാണ്.

വീഗന്‍, വെജിറ്ററേനിയന്‍ ഡയറ്റ്

പ്രധാനമായും മാംസം ഉപയോഗിക്കുന്നവരെ തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്. വീഗന്‍ വെജിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് അവരുടേതായ ആഹാരക്രമം തന്നെയുണ്ട്. അവര്‍ അത് മാത്രമായിരിക്കും പിന്തുടരുക. മാംസം കൂടുതലായി കഴിക്കുന്നവരെ ഉന്നമിട്ട് തന്നെയാണ് പ്രൊമിക് വിപണിയിലിറക്കുന്നത്-രാംകുമാര്‍ പറഞ്ഞു. ബെര്‍ഗര്‍ പോലുള്ള സംസ്‌കരിച്ച ഭക്ഷണം ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുവായാണ് പ്രൊമിക് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുപ്പതോളം ഉത്പന്നങ്ങളും പത്ത് പേറ്റന്റുകളും കമ്പനിക്ക് സ്വന്തമായുണ്ട്. നിലവില്‍ പ്രതിവര്‍ഷം 100 ടണ്‍ ഉത്പദാനശേഷിയാണ് കമ്പനിയുടെ പ്ലാന്റിനുള്ളത്. കമ്പനിയുടെ ഏറ്റവും വലിയ ഉത്പാദന യൂണിറ്റ് 2023-ല്‍ സജ്ജമാകും. ഇതോടെ ഉത്പാദനശേഷി 5000 ടണ്‍ ആകുമെന്നാണ് കരുതുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈക്കോറീന ഇതുവരെ നേടിയത് 3.50 കോടി യൂറോയുടെ മൂലധന ഫണ്ടിങ് ആണ്. ഏകദേശം 300 കോടി രൂപവരുമിത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഒരു ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പ് നേടുന്ന ഏറ്റവും ഉയര്‍ന്ന ഫണ്ടിങ്ങാണിത്.

ആരോഗ്യഗുണങ്ങള്‍

സാധാരണ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെക്കുറവാണ് പ്രൊമിക്കില്‍ ഉള്ളത്. 100 ഗ്രാം ഇറച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3 ഗ്രാം കൊഴുപ്പ് കുറവാണിതില്‍. അതേസമയം, ഫൈബറിന്റെ അളവ് നൂറുഗ്രാമില്‍ ഇറച്ചിയെ അപേക്ഷിച്ച് മൂന്നുഗ്രാം കൂടുതലുണ്ട്. പഞ്ചസാരയുടെ അളവ് താരതമ്യേന കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്ന പ്രൊമിക്കില്‍ 60 ശതമാനത്തോളമാണ് പ്രോട്ടീന്‍ ഉള്ളത്.

ഫുഡ് ടെസ്റ്റ്

പ്രമുഖരായ അഞ്ച് സ്‌കാന്‍ഡിനേവിയന്‍ ഷെഫുമാരെ കമ്പനിയിലേക്ക് ക്ഷണിച്ച് കുക്ക് ടെസ്റ്റ് മൈക്കോറീനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അടുത്തപടിയായി ഇത് കുറെക്കൂടി വിപുലമായി രീതിയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോള്‍.

കാലാവസ്ഥയ്ക്കും പ്രകൃതിയ്ക്കും ദോഷമില്ലാതെ

കാലാവസ്ഥാ മാറ്റം ഏറ്റവും കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുകയും അവയുടെ മാംസം ഭക്ഷണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ വലിയതോതില്‍ പരിസ്ഥിതിയ്ക്ക് ഹാനികരമായി തീരുന്നുണ്ട്. പ്രൊമിക് ഉത്പാദനത്തിലൂടെ ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് സംരക്ഷിക്കപ്പെടുന്നത്. മാംസാഹാരം ഉപയോഗിക്കുന്നതിലൂടെ വലിയതോതില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നുണ്ട്. ഈ അളവ് കുറയ്ക്കുവാനും മൈക്കോറീന ലക്ഷ്യമിടുന്നു. കൂടാതെ, മാംസത്തിനായി മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതും ഒഴിവാക്കാന്‍ കഴിയും. ഒപ്പം ഭക്ഷണം മാലിന്യമായി പുറന്തള്ളുന്നതും വലിയതോതില്‍ കുറയ്ക്കാനാകും-രാംകുമാര്‍ അവകാശപ്പെട്ടു.

വാരിക്കാട്ട് ബാലചന്ദ്രന്‍ നായരുടെയും കൊക്കേരിയില്‍ രാജലക്ഷ്മിയുടെയും മകനായ രാംകുമാര്‍, കൊച്ചി ശാസ്ത്ര സാങ്കേതി സര്‍വകലാശാലയില്‍നിന്ന് ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയശേഷമാണ് സ്വീഡനിലെത്തിയത്. പാലക്കാട് സ്വദേശിനിയായ രഞ്ജിത രാജഗോപാലാണ് ഭാര്യ

Content Highlights: healthy food, fungi food, mycorena, ramkumar nair, sweedish starup by keralite

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented