രോ​ഗ്യകരമായ ശരീരത്തിന് ജലാംശത്തിന്റെ അളവ് നിർബന്ധമാണ്. എന്നാൽ എല്ലാകാര്യവും പോലെ അധികമായാൽ വെള്ളവും പ്രശ്നമാണ്. ശരീരത്തിൽ മതിയായ വെള്ളമില്ലാത്തതുകൊണ്ട് ഡീഹ്രൈഡേഷൻ സംഭവിക്കുന്നതു പോലെ തന്നെ പ്രശ്നമാണ് വെള്ളം കുടിക്കുന്നത് കൂടുന്നതുകൊണ്ടുണ്ടാകുന്ന ഓവർ ​ഹൈഡ്രേഷനുമെന്ന് പറയുകയാണ് ന്യൂട്രീഷണിസ്റ്റായ രേണു രഖേജ.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രേണു വെള്ളം കുടിക്കുന്നത് അമിതമാകുന്നതു മൂലമുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് പങ്കുവെക്കുന്നത്. ഓവർ ഹൈഡ്രേഷൻ വഴി ഇലക്ട്രോലൈറ്റുകളായ പൊട്ടാസ്യം, സോഡിയം, മ​ഗ്നീഷ്യം എന്നിവയുടെ അളവ് താഴാൻ കാരണമാകുന്നു. ഇത് തലവേദനയ്ക്കും മസിലുകൾ ദുർബലമാകാനും കാരണമാവും.  ഹൃദയത്തിന്റെയും കിഡ്നിയുടെയും സു​ഗമമായ പ്രവർത്തനത്തിന് ഇവ പ്രധാന പങ്കുവഹിക്കുന്നുവെന്നും രേണു പറയുന്നു. 

വെള്ളം കുടിക്കുന്നത് അമിതമാണോ എന്നറിയാൻ ചില ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചും രേണു കുറിച്ചിട്ടുണ്ട്. ദാഹമില്ലാത്തപ്പോഴും വെള്ളം കുടിക്കുക, മസിലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക തുടങ്ങി മൂത്രത്തിന്റെ നിറം പരിശോധിച്ചു വരെ കണ്ടെത്താമെന്നും രേണു. 

വെള്ളം അമിതമാകാതിരിക്കാനുള്ള വഴിയും രേണു പങ്കുവെക്കുന്നുണ്ട്. അതിലാദ്യം ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതാണ്. മറ്റുസമയങ്ങളിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ തണ്ണിമത്തൻ കഴിക്കുകയോ അതല്ലെങ്കിൽ സമാനമായ പച്ചക്കറികളോ പഴവർ​ഗങ്ങളോ കഴിക്കുകയോ ചെയ്യാം. തേങ്ങാവെള്ളവും നല്ലതാണ്. താൻ ദിവസവും ഒന്നരലിറ്ററോളം വെള്ളം കുടിക്കാറുണ്ടെന്നും ഒപ്പം കാലാവസ്ഥയ്ക്കനുസരിച്ച് അളവിൽ മാറ്റം വരുത്താറുണ്ടെന്നും രേണു പറയുന്നു. 

വെള്ളം വേണ്ട അളവിലും കൂടുതൽ കുടിക്കുക വഴി ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളെക്കുറിച്ചും രേണു വീഡിയോയിൽ‌ പറയുന്നുണ്ട്. നിരവധി പേരാണ് രേണുവിന്റെ വീ‍ഡിയോക്ക് കീഴെ സമാന അനുഭവങ്ങൾ പങ്കുവെക്കുന്നത്. അധികമാരും തുറന്നു സംസാരിക്കാത്ത വിഷയം പങ്കുവച്ചതിന് നന്ദി പറയുന്നവരുമുണ്ട്.