ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ജീവിതിശൈലീ രോഗമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സി.എസ്.ഐ.) റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയസംബന്ധിയായ അസുഖങ്ങളും അനുഭവിക്കുന്നുണ്ട്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നില്ലെങ്കിലും രക്തസമ്മര്‍ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുകയും അത് കൃത്യമായി പരിശോധിക്കാതെ വരികയും ചെയ്താല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കകളുടെ നാശം എന്നിവയിലേക്ക് ഇത് നയിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണം നമ്മുടെ രക്തസമ്മര്‍ദത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളും ഉപ്പിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് നമുക്കറിയാം. എന്നാല്‍, രക്തസമ്മര്‍ദത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

1. ബീറ്റ് റൂട്ട്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ബീറ്റ് റൂട്ട് സഹായിക്കുമെന്ന് നമുക്കറിയാം. നൈട്രേറ്റുകളാല്‍ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ഇത് രക്തധമനികളെ ശാന്തമാക്കി രക്തഒഴുക്ക് മെച്ചപ്പെടുത്തുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ ദീര്‍ഘകാലത്തേക്ക് സ്വാധീനിക്കുമെന്ന് 2021 ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഫൈബര്‍, അയണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളും ബീറ്റ്‌റൂട്ടില്‍ ധാരാളമായടങ്ങിയിട്ടുണ്ട്.

2. നാരങ്ങാവെള്ളം

ചെറുനാരങ്ങയിലുള്ള വിറ്റാമിന്‍ സി രക്തക്കുഴലുകളെ മൃദുവാക്കുകയും കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ സി ഒരു ആന്റിഓക്‌സിഡന്റ് പോലെ പ്രവര്‍ത്തിക്കുന്നു. 

3. തക്കാളി

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് തക്കാളി. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതായി യു.എസ്.ഡി.എ. കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ശരീരത്തില്‍ 
സോഡിയം കൂടുതലാകുമ്പോഴുള്ള ബുദ്ധിമുട്ടുകളെ ചെറുക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരില്‍ കൂടിയ സോഡിയത്തിന്റെ അളവ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മൂത്രത്തിലൂടെ അധികമുള്ള സോഡിയത്തെ പുറന്തള്ളുന്നതിന് തക്കാളി നല്ലതാണ്.

4. വാഴപ്പഴം

ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നായാണ് വാഴപ്പഴത്തെ കരുതുന്നത്. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനുകാരണം. നമുക്ക് ഒരു ദിവസം ആവശ്യമായ കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഒരു വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

5. തണ്ണിമത്തന്‍

ഹൃദയാരോഗ്യത്തിന് ഉത്തമമായ ഫൈബര്‍, ലൈക്കോപീന്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍. ഈ ഘടകങ്ങള്‍ക്കെല്ലാം രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പൊട്ടാസ്യം ധാരാളമായുള്ളതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. പൊണ്ണത്തടിയും അമിതശരീരഭാരവുമുള്ളവരുടെ രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താന്‍ തണ്ണിമത്തന്‍ നല്ലതാണെന്ന് അമേരിക്കന്‍ ജേണലായ ഹൈപ്പര്‍ടെന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

Content highlights: everyday foods that may help manage high blood pressure with diet