ന്ത്യൻ അടുക്കളകളിലെ പ്രധാന ചേരുവകളിലൊന്നാണ് മഞ്ഞൾ. ഭക്ഷണങ്ങളിൽ ഏറെയും മഞ്ഞൾ ചേർത്താണ് തയ്യാറാക്കുന്നത്. ആന്റിഓക്സിഡന്റുകളുടെ കലവറയായ മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നവരുമുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു മഞ്ഞൾ വിശേഷമാണ്. സം​ഗതി അധികം കണ്ടിട്ടില്ലാത്ത ഒരു മഞ്ഞളാണ്. ഇരുണ്ട നീല നിറത്തിലുള്ള ഈ മഞ്ഞളിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. 

ഐഎഫ്എസ് ഓഫീസറായ ശ്വേത ബൊഡ്ഡുവാണ് വ്യത്യസ്തമായ ഈ മഞ്ഞളിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ ഫീൽഡ് സന്ദർശനത്തിനിടെയാണ് ശ്വേത ഈ മഞ്ഞൾ കാണുന്നത്. കണ്ടമാത്രയിൽ തന്നെ കൗതുകം തോന്നിയ അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബ്ലാക് ടർമെറിക് എന്ന പേരിലുള്ള ഈ മഞ്ഞളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നു ചോദിച്ചാണ് ശ്വേത ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാൻസർ ഉൾപ്പെടെയുള്ള രോ​ഗങ്ങൾ ചികിത്സിക്കാൻ ഉപയോ​ഗിക്കുന്ന അപൂർവമായ ആയുർവേദ ഔഷധമാണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. 

കാഴ്ചയിൽ സാധാരണ മഞ്ഞൾ പോലെ തോന്നുമെങ്കിലും മുറിച്ചു നോക്കുമ്പോഴാണ് അകം ഇരുണ്ട നീലനിറത്തിലാണ് എന്നു കാണുക. കുർകുമ സീസിയ എന്ന പേരിലറിയപ്പെടുന്ന ഈ മഞ്ഞൾ മധ്യപ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രധാനമായും കാണപ്പെടുന്നത്. ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പരിഹരിക്കാനും മുറിവുണക്കാനുമൊക്കെ കഴിവുള്ളവയാണ് ഇവ. 

Content Highlights: Ever Heard Of Black Turmeric