Image: Getty Images
മാതാപിതാക്കളെന്ന നിലയില്‍, എല്ലാവരും കുട്ടികള്‍ നല്ല ഉയരത്തോടെയും ആരോഗ്യത്തോടെയും വളരണം എന്നാഗ്രഹിക്കുന്നു. കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നു എന്നത് മിക്കവര്‍ക്കും അറിയുന്ന ഒന്നാണ്. എന്നാല്‍, ഉയരംകൂട്ടുന്നതിലും നമ്മള് കഴിപ്പിക്കുന്ന ഭക്ഷണം വലിയ പങ്കുവഹിക്കുന്നു എന്ന അറിവ് ചിലപ്പോഴെങ്കിലും ആശ്ചര്യത്തോടെയാണ് ചില മാതാപിതാക്കള്‍ കാണുന്നത്.
പൊക്കം അധികം ഇല്ല എന്നത് ഒരുവിധത്തിലും ഒരു കുറവായി കാണേണ്ടതില്ല. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജോസഫ് സ്റ്റാലിന്, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, എന്നിവരെല്ലാം പൊക്കത്തിന്റെ കാര്യത്തില്‍ പിന്നിലായിരുന്നെങ്കിലും ചരിത്രത്തില്‍ ഇടംപിടിച്ചത് മുന്നില്‍ത്തന്നെയായിരുന്നു. ഇതൊക്കെ അറിയാമെങ്കിലും മാതാപിതാക്കള്‍ എന്തിനും ഏതിനും കുട്ടികളെ കുറിച്ച് ആധിപിടിക്കാറുണ്ട് എന്നത് ഒരു വാസ്തവമാണ്. കുട്ടികള്‍ക്ക് പരമാവധി ഉയരം ലഭിക്കുമോ എന്നത് പലപ്പോഴും മാതാപിതാക്കളുടെ വലിയ ആശങ്കയാണ്.
നമ്മളില്‍ മിക്കവരും തിരിച്ചറിയുന്നതിലും വലുതായി ഈ ചിന്ത കുട്ടികള്‍ക്കും വലിയതോതില്‍ ഉണ്ടെന്നതാണ് വാസ്തവം. സഹപാഠികളുടെ കളിയാക്കല്‍ ആകാം ഇതിനു പിന്നില്‍. സ്ഥിരമായി ഇങ്ങനെ കളിയാക്കപ്പെടുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസം നശിക്കാനും അത് കാരണമാകും.
ഉയരം കൂടുക എന്നത് വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ കുട്ടി എത്രത്തോളം ഉയരംവയ്ക്കുമെന്ന് പ്രവചിക്കാന്‍ കഴിയുന്ന ഒരു പ്രധാന ഘടകമാണ് 'ജനിതകശാസ്ത്രം'. അതിന് പുറമേ, ശരിയായ പോഷകാഹാര ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നത് കുട്ടിയുടെ ഉയരം കൂട്ടുന്നതില്‍ വളരെ പ്രധാനമാണ്. ഉയരംവയ്ക്കാന് സഹായിക്കുന്ന ചില ഭക്ഷണപദാര്‍ഥങ്ങള്‍ പരിചയപ്പെടാം.
വളര്‍ച്ചയ്ക്കും ഉയരത്തിനും അത്യന്താപേക്ഷിതമായ പോഷകങ്ങള്‍
പ്രോട്ടീന്‍
ഉയരത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനമായ ഭക്ഷണക്രമ ഘടകങ്ങളില്‍ ഒന്നാണ് 'പ്രോട്ടീന്‍'. ശരീരത്തില്‍ പേശികളും ടിഷ്യുകളും കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ കുറവ് മുരടിപ്പിലേക്കും അസാധാരണ വളര്‍ച്ചയിലേക്കും കുറഞ്ഞ പിണ്ഡമുള്ള മസിലുകളിലേക്കും നയിച്ചേക്കാം. അതിനാല്‍, മാതാപിതാക്കള്‍ കുട്ടിയുടെ ഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീനുകളുമായി സമതുലിതമാവുന്നുവെന്ന് ഉറപ്പാക്കണം.
ഭക്ഷണപദാര്‍ഥങ്ങള്‍: മുട്ട, ചിക്കന്‍, സോയ, ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, ഓട്സ്, മത്സ്യം.
ധാതുക്കള്‍
കുട്ടിയുടെ ഉയരത്തെയും വളര്‍ച്ചയെയും സഹായിക്കുന്നതിനാവശ്യമായ ചില ധാതുക്കള്‍ ഭക്ഷണക്രമത്തില്‍ അത്യാവശ്യമാണ്. ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയഡിന്‍, മാംഗനീസ്, ഫ്ലൂറൈഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കുട്ടികളിലും കൗമാരക്കാരിലും വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത്. കാത്സ്യവും നിര്‍ണായകമാണ്, കാരണം ഇവ എല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.
ഭക്ഷണപദാര്‍ഥങ്ങള്‍: പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പാല് ഉത്പന്നങ്ങള്‍, ചിക്കന്‍, മത്സ്യം,
ജീവകം
അസ്ഥികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിന്‍-ഡി വളരെ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് ശരീരത്തില്‍ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. വിറ്റാമിന്‍-ഡി.യുടെ കുറവ് വളരെ ദുര്‍ബലമായ അസ്ഥികളും മുരടിച്ച വളര്‍ച്ചയും മാത്രമല്ല, ഉയരത്തില്‍ പ്രതികൂലമായ അവസ്ഥയും ഉണ്ടാക്കും. കൂടാതെ വിറ്റാമിന്‍-എ, വിറ്റാമിന്‍-ബി 1, വിറ്റാമിന്‍-ബി 2, വിറ്റാമിന്‍-സി, റൈബോഫ്ലേവിന്‍, അസ്കോര്‍ബിക് ആസിഡ്, വിറ്റാമിന്‍-എഫ് എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്.
ഭക്ഷണപദാര്‍ത്ഥങ്ങള്‍: പച്ചക്കറികള്‍ -കാരറ്റ്, ചീര വര്‍ഗങ്ങള്‍, ബദാം, പാല്, മത്സ്യം, വിത്തുകളില്‍ നിന്നുള്ള എണ്ണ (മത്തങ്ങ, സൂര്യകാന്തി).
കാര്‍ബോഹൈഡ്രേറ്റ്സ്
കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് വേണ്ടുന്ന ഊര്‍ജം നല്കുന്നു, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. എന്നിരുന്നാലും നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ആരോഗ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് തന്നെയാണ് അടങ്ങിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തുക. ഗോതമ്പ്, ധാന്യങ്ങള്‍ തുടങ്ങിയവ നല്കുന്ന കാര്‍ബോഹൈഡ്രേറ്റ്സ് ആണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. പിസ്സ, ബര്‍ഗര്‍, എന്നിവയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക.
കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയ്ക്കു പുറമെ, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണം ഉത്തമ ആരോഗ്യത്തിനും വേണ്ടുന്ന വളര്‍ച്ചയ്ക്കും കുട്ടികളെ സഹായിക്കും.
അതുപോലെതന്നെ, ഗുണം മനസ്സിലാക്കി ശരീരത്തിന് വേണ്ട ഭക്ഷണം തിരഞ്ഞെടുക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
ഒരു കുട്ടിയുടെ ഉയരം വേണ്ടവിധത്തില്‍ വേഗത്തിലാക്കാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണക്രമം അത്യാവശ്യമാണ്, അത് കോശങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്യുകയും, മെലിഞ്ഞ പേശികളെ വികസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ കുട്ടികള്‍ക്ക് പോഷകഗുണമുള്ള ആഹാരം നല്‍കാം.
ഭക്ഷണക്രമം ക്രമീകരിക്കുന്നതിനൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ വേണ്ടുന്ന ഫലം കാണാന്‍ സാധിക്കും:
- -ആരോഗ്യമുള്ള ശരീരത്തിന്, വിശ്രമവും വളരെ അത്യാവശ്യമുള്ളതാണ്. കുഞ്ഞുങ്ങളെ ഭക്ഷണ ശേഷം നേരത്തെ കിടത്തി ഉറക്കാന്‍ നോക്കുക. കിഡ്സ് ഹെല്‍ത്ത് സംഘടനയുടെ നിര്‍ദേശം അനുസരിച്ച് കുട്ടികള്‍ക്ക് 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്.
- -കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളില്‍ ശിശുരോഗ ഡോക്ടറെ കാണിച്ച് ഉയരവും തൂക്കവും പ്രായത്തിനനുസരിച്ചുള്ളതാണെന്ന് തിട്ടപ്പെടുത്തുക. വളര്‍ച്ചമുരടിപ്പ് നേരത്തെ കണ്ടുപിടിച്ചാല്‍ അടിയന്തര ചികിത്സ നല്കാന് കഴിയും.
- -പതിവായി വ്യായാമം ചെയ്യുന്നതുവഴി അനേകം പ്രയോജനങ്ങള്‍ ഉണ്ട്. വ്യായാമം പേശികളെയും അസ്ഥിയെയും ബലപ്പെടുത്തുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..