Photo: https://youtu.be/t9U94P3Da4c
പാചകം ചിലർക്കൊരു പാഷനാണ്. ആ പാഷനെ പിന്നീട് കരിയർ കൂടിയാക്കിയാലോ? അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് എൻജിനീയർമാരായ രോഹിത് സൈനിക്കും വിശാൽ ഭരദ്വാജിനും പറയാനുള്ളത്. ഇരുവരും തങ്ങൾ അതുവരെ ജോലി ചെയ്ത എൻജിനീയറിങ് മേഖലയോട് ഗുഡ്ബൈ പറഞ്ഞാണ് പാചകമേഖലയിലേക്ക് തിരഞ്ഞത്. ഇപ്പോൾ ബിരിയാണി വിൽപനയ്ക്കായി ഒരു തട്ടുകടയുമിട്ടു. ഇരുവരുടെയും വിശേഷങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലാവുകയാണ്.
സോനീപാതിൽ എൻജിനീയർമാരായിരുന്ന രോഹിതും വിശാലും. ഇതിനിടയിലാണ് വിരസമാർന്ന ഓഫീസ് ജോലിയോട് വിടപറഞ്ഞ് പാചകത്തിലേക്ക് കടക്കാൻ തീരുമാനിക്കുന്നത്. ചെറുപ്പം മുതലേ പാചകത്തോട് അഭിരുചി ഉള്ളയാളാണ് രോഹിത്. അത് സംരംഭം തുടങ്ങാൻ മുതൽക്കൂട്ടുമായി. മിക്കവരുടെയും പ്രിയപ്പെട്ട ബിരിയാണി തന്നെ സംരംഭത്തിനായി തിരഞ്ഞെടുത്തു.
എൻജിനീയേഴ്സ് വെജ് ബിരിയാണി എന്ന പേരിലാണ് ഇരുവരും സംരംഭം തുടങ്ങിയത്. കടയിൽ വരുന്നവർക്ക് പുറമേ ആവശ്യക്കാർക്ക് ഭക്ഷണം അതാത് സ്ഥലങ്ങളിൽ എത്തിക്കാനും ഇവർ മുൻപന്തിയിലുണ്ട്. അമിതമായി എണ്ണയില്ലാത്ത വെജിറ്റേറിയൻ ബിരിയാണി തങ്ങളുടേതെന്ന് ഇരുവരും പറയുന്നു.
പാചകത്തിന്റെ മേഖല രോഹിത്തിന്റേതാണ്. ആവശ്യത്തിനനുസരിച്ച് ബിരിയാണി തയ്യാറാക്കുന്നത് രോഹിത്താണ്. നടത്തിപ്പും മറ്റു കാര്യങ്ങളും വിശാലും നോക്കും. ബിരിയാണി തന്നെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണവും ഇരുവരും പറയുന്നുണ്ട്. റെസ്റ്ററന്റുകളിൽ അമിതവില ഈടാക്കിയാണ് ബിരിയാണി ലഭിക്കുന്നത്. അതുകൊണ്ടാണ് മിതമായ തുകയ്ക്ക് റെസ്റ്ററന്റ് ശൈലിയിലുള്ള ബിരിയാണി തയ്യാറാക്കാമെന്നു തീരുമാനിച്ചത്.
അമ്പതും എഴുപതും രൂപയ്ക്കാണ് ഇവിടുത്തെ ബിരിയാണികൾ വിൽക്കുന്നത്. ഇനി ബിസിനസ്സ് എങ്ങനെ പോകുന്നു എന്നതിനും മറുപടിയുണ്ട്. നിലവിൽ ലാഭമോ നഷ്ടമോ നോക്കിയല്ല നടത്തുന്നത്. വൈകാതെ വളർച്ചയുണ്ടാകും. പക്ഷേ ചെയ്യുന്ന ജോലിയിൽ സംതൃപ്തിയുണ്ട് എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഇരുവരും പറയുന്നു. ചെയ്യാനുള്ള പ്രാപ്തിയുണ്ടെങ്കിൽ പാഷനു പിന്നാലെ പോകാൻ ഒട്ടും മടിക്കരുതെന്നാണ് രോഹിത്തും വിശാലും ഒരുപോലെ പറയുന്നത്.
Content Highlights: engineer duo quits job to sell biryani, entrepreneurship, cooking biryani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..