വൃത്തിയെക്കുറിച്ചുള്ള ആശങ്കയാണ് പാനീപൂരീ എന്ന ഉത്തരേന്ത്യന്‍ വിഭവം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 

ഇലക്ട്രോഫുഡീസ് എന്ന ഗ്രൂപ്പിലെ സഹാസ് ഗെംബാലി, സുനന്ദ സോമു, നേഹാ ശ്രീവാസ്തവ, കരിഷ്മ അഗര്‍വാള്‍ എന്നീ അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് പാനീപൂരി മെഷീന്‍ അവതരിപ്പിച്ച് ഹൈദരാബാദിലെ ടി- ഹബ്ബില്‍ ഇങ്ക് മേക്കേഴ്‌സ് നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. 

ചെറിയ ഉന്തുവണ്ടികളോടു കൂടിയ പെട്ടിക്കടകളിലാണ് സാധാരണഗതിയില്‍ പാനീപൂരീ വില്‍ക്കുന്ന കടകള്‍ ഉണ്ടാവാറ്. മിക്കവാറും ഒരാള്‍ മാത്രമായിരിക്കും ഇവിടെ പാനീപൂരി വില്‍ക്കാന്‍ ഉണ്ടായിരിക്കുക. ആളുകള്‍ കൂടുന്നയിടങ്ങളില്‍ ഇയാളുടെ ജോലി കഠിനമാകും. ഇത്തരം ഒരു അവസ്ഥ നേരില്‍ കണ്ടപ്പോഴാണ് ഇല്‌ക്ട്രോഫുഡീസിന് ഇങ്ങനെയൊരു ആശയം തലയിലുദിച്ചത്. 

പാനീപൂരി ഉണ്ടാക്കുന്നതിനായുള്ള എല്ലാ ഘട്ടങ്ങളും അടങ്ങിയ ഒരു മെഷീന്‍ ഉണ്ടാക്കാനായിരുന്നു ആദ്യം ഞങ്ങളുടെ ഉദ്ദേശം. ഒരു മാതൃകാരൂപം ഉണ്ടാക്കിയ ശേഷം യഥാര്‍ത്ഥ മെഷീന്‍ ഉണ്ടാക്കുന്നതിലേക്ക് കടക്കാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്- സഹാസ് പറയുന്നു. 

ആറു മാസം കൊണ്ട് മെഷീന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. ഇപ്പോഴത്തെ മെഷീനില്‍ പാനീപൂരി ഉണ്ടാക്കാന്‍ ആവശ്യമായ പൂരിയും മറ്റ് ചേരുവകളും മെഷീനില്‍ നിറച്ച് ഒരു സ്വിച്ചിട്ടാല്‍ തന്നെ പൂരിയില്‍ തുളയിട്ട് മറ്റു ചേരുവകളും ചേര്‍ത്ത് പാനീപൂരി കൈയ്യില്‍ കിട്ടും. 

ഷോപ്പിങ് മാളുകളിലും കോംപ്ലക്‌സുകളിലുമൊക്കെ വയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള മോഡലാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മെഷീന്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റാളില്‍ പരസ്യങ്ങളും നല്‍കാന്‍ കഴിയും എന്നും വിദ്യാര്‍ത്ഥികള്‍ സമര്‍ത്ഥിക്കുന്നു. ഇതുവഴിയും പാനീപൂരി നിര്‍മാതാവിന് വരുമാനം ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 

Electrofoodies
ഇലക്ട്രോഫുഡീസ് പാനീപൂരി മെഷീനുമായി അദ്ധ്യാപകരോടൊപ്പം

ഇപ്പോഴത്തെ പാനീപൂരി മെഷീനില്‍ ഒരു തരത്തിലുള്ള പാനീപൂരി മാത്രമേ നിര്‍മ്മിക്കാനാകൂ. എന്നാല്‍ ഭാവിയില്‍ എല്ലാ തരത്തിലുമുള്ള പാനീപൂരിയും നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലുള്ള മെഷീന്‍ നിര്‍മ്മിക്കാനാണ് ഗ്രൂപ്പിന്റെ ഉദ്ദേശം. 

ഇപ്പോഴത്തെ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനും ഒരാളുടെ സഹായം ആവശ്യമാണ്, എന്നാലത് മെഷീന്റെ സ്വിച്ചിടാനും മെഷീനില്‍ സാധനം തീരുന്നതിനനുസരിച്ച് ചേരുവകള്‍ നിറയ്ക്കാനും വേണ്ടി മാത്രമാണ്- സഹാസ് പറയുന്നു. 

ലോകത്തെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്കും ഇന്ത്യക്കാരല്ലാത്ത പാനീപൂരി പ്രിയക്കാര്‍ക്കും വേണ്ടി തങ്ങളുടെ മെഷീന്‍ ആഗോളതലത്തില്‍ പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇവരിപ്പോള്‍. മെഷീന്റെ നിര്‍മാണ ഘട്ടത്തില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചിരുന്നത്. 

എന്നാല്‍ മത്സരത്തിലെ വിജയം പുതിയ ആത്മവിശ്വാസം നല്‍കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതാണ് മെഷീന്‍ വില്‍പനാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംഭവം വിജയമായാല്‍ ഇനി ഭാവിയില്‍ ഹൈടെക് പാനീപൂരി കഴിക്കാം. 


Courtesy: THE BETTER INDIA, ചിത്രങ്ങള്‍ക്ക് കടപ്പാട്‌: ഫേസ്ബുക്ക്‌.