വ്യത്യസ്തമായ ചാട്ട് വിഭവങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. രാജ്യത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്ത രുചിയിലും ഗുണത്തിലുമുള്ള ചാട്ടുകള്‍ ലഭിക്കും. ഗുണമേന്മയേറിയ ചാട്ട് വിഭവങ്ങളില്‍ ഒന്നാണ് സ്പ്രൗട്ട് ചാട്ട്. സ്പ്രൗട്ട് ചാട്ട് വില്‍ക്കുന്ന പ്രായമായ ഒരാളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കാണ്‍പുര്‍ നഗരത്തില്‍ നിറഞ്ഞ ചിരിയോടെ ചാട്ട് വില്‍ക്കുന്ന ഗോപിലാല്‍ എന്നയാളുടെ വീഡിയോ ആണ് വൈറലായത്. 

ഫുഡ് ബ്‌ളോഗറായ ഗൗരവ് വാസന്‍ ആണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ ഇതുവരെ ഏകദേശം ഒന്നരക്കോടിയിലധികം പേരാണ് കണ്ടത്. 18 ലക്ഷം പേര്‍ ലൈക്ക് നല്‍കി. വ്യത്യസ്ത ധാന്യങ്ങള്‍ മുളപ്പിച്ച് ചേര്‍ത്താണ് ഈ സ്പ്രൗട്ട് തയ്യാര്‍ ചെയ്തിരിക്കുന്നത്. കടല, വറുത്ത പീനട്ട്, ഉലുവ, ഗ്രീന്‍പീസ് എന്നിവയ്‌ക്കൊപ്പം റാഡിഷ് ഇലയും പച്ചമുളകും നാരാങ്ങാ നീരും മിന്റ് ചട്‌നിയും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്താണ് ചാട്ട് വില്‍ക്കുന്നത്. 

പുഞ്ചിരിയോടെ തന്റെ അടുത്തുവരുന്നവര്‍ക്ക് നിറഞ്ഞ ചിരിയോടെ ചാട്ട് തയ്യാറാക്കി നല്‍കുന്ന ഗോപിലാലിനെ ഇരുകൈകളും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരിയാണ് വീഡിയോയിലെ മികച്ച കാര്യമെന്ന് ഒരാള്‍ കമന്റ് ചെയ്തു. വറുത്തെടുക്കുന്ന ധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ചാട്ടിനേക്കാള്‍ ഏറെ ആരോഗ്യപ്രദമാണ് ഗോപിലാലിന്റെ ചാട്ട് എന്ന് കുറെപ്പേര്‍ അഭിപ്രായപ്പെട്ടു.

Content highlights: elderly man sells unique sprouts chaat in kanpur video goes viral