അയാഹ് അലോബീറും മഹ്മൂദ് അൽ റോഷും ഗ്രാൻഡ് ഹയാത്തിൽ ജോർദാനി വിഭവങ്ങൾ തയ്യാറാക്കുന്നു
കൊച്ചി: ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണെന്ന് വീട്ടുകാരോട് കളവു പറഞ്ഞാണ് അയാഹ് എന്ന ജോര്‍ദാനി പെണ്‍കുട്ടി എന്നും ഹോട്ടലിലെത്തിയിരുന്നത്. അവിടെ കിച്ചണില്‍ പാചക ജോലികളുടെ സഹായിയായി തുടങ്ങി ഒടുവില്‍ ചീഫ് ഷെഫ് ആയി മാറി അയാഹ്. പെണ്‍കുട്ടികള്‍ ഷെഫ് ആകുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത നാട്ടില്‍ കളവു പറഞ്ഞ് ഇഷ്ടപ്പെട്ട ജോലിയില്‍ കയറുമ്പോള്‍ അയാഹിന് ഒരു സ്വപ്നം മാത്രമേയുണ്ടായിരുന്നുള്ളൂ: നാളെ ഒരുപാടുപേര്‍ക്കു രുചിയുടെ വ്യത്യസ്ത ലോകം തുറന്നുകൊടുക്കുന്ന നല്ലൊരു ഷെഫ് ആകണം. ജോര്‍ദാനില്‍നിന്ന് കൊച്ചിയിലെത്തുമ്പോള്‍ അയാഹ് ആ സ്വപ്നത്തിലേക്കുള്ള യാത്രയുടെ വലിയ ആകാശങ്ങളിലായിരുന്നു. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലെ മലബാര്‍ കിച്ചണിലേക്ക് അയാഹ് അലോബീദ് എന്ന ജോര്‍ദാനി പെണ്‍കുട്ടി ആസ്വാദകരെ ക്ഷണിക്കുമ്പോള്‍ ഉറപ്പിക്കാം, ഇത് അറേബ്യന്‍ രുചികളുടെ വിസ്മയ ലോകം.
വീട്ടുകാര്‍ അറിയാതെ
അറേബ്യന്‍ മേഖലയില്‍നിന്നുള്ള ആദ്യത്തെ പെണ് ഷെഫുമാരിലൊരാള് എന്ന മേല്‍വിലാസത്തെ ഏറെ അഭിമാനത്തോടെയാണ് അയാഹ് കാണുന്നത്. ''ജോര്‍ദാനിലെ അല്‍ സാല്ത്ത് എന്ന പ്രദേശത്താണ് എന്റെ വീട്. നാല് ആണും മൂന്ന് പെണ്ണും ഉള്‍െപ്പടെ ഏഴു മക്കളായിരുന്നു ഞങ്ങള്‍. പച്ചക്കറി കര്‍ഷകനായിരുന്ന അച്ഛന് ഇബ്രാഹിമും അമ്മ സുമയ്യയും ഞങ്ങളെ വളര്‍ത്താന്‍ നന്നായി കഷ്ടപ്പെട്ടു. എന്റെ മൂത്ത സഹോദരന് നവാര്‍ നല്ലൊരു ഷെഫ് ആയിരുന്നു. ടി.വി.യില്‍ കുക്കറി ഷോ നടക്കുമ്പോള്‍ അത് കാണാന്‍ ചേട്ടന് എന്നെ പലപ്പോഴും ക്ഷണിക്കും. പക്ഷേ, ഞാനൊരു ഷെഫ് ആകുന്നതില്‍ അവര്‍ക്കൊന്നും താത്പര്യമുണ്ടായിരുന്നില്ല. അറേബ്യന്‍ ലോകത്ത് പെണ്ണുങ്ങളാരും ഷെഫ് ജോലിക്ക് പോകാറില്ലായിരുന്നു. ഷെഫ് എന്ന ജോലി വലിയൊരു സ്വപ്നമായി എന്റെ മനസ്സില്‍ കയറിപ്പറ്റി. കോളേജില്‍ കുക്കറി കോഴ്സ് പഠിക്കുമ്പോള്‍ വീട്ടുകാരോട് കളവു പറഞ്ഞ ഞാന്‍ അതിനുശേഷം ഹോട്ടലില്‍ ജോലി ചെയ്തതും കളവു പറഞ്ഞായിരുന്നു.
ആശുപത്രിയില്‍ നഴ്സാണെന്നു പറഞ്ഞാണ് ഞാന്‍ വീട്ടില്‍നിന്ന് പോന്നിരുന്നത്. ഷെഫിന്റെ വെള്ള വസ്ത്രത്തിന് നഴ്സിന്റെ വസ്ത്രത്തോട് സാമ്യമുണ്ടായിരുന്നതും അനുഗ്രഹമായി. ഒരു ദിവസം ഫുഡ് ഷോയില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ട ചേട്ടന്റെ സുഹൃത്തുക്കളാണ് ഈ രഹസ്യം പൊട്ടിച്ചത്'' - അയാഹ് ഷെഫ് ആയ കഥ പറഞ്ഞു.
കിദ്രേ റൈസും ഫിഷ് ഫില്ലറ്റും
ജോര്‍ദാനിലെ അമ്മാന് ഗ്രാന്‍ഡ് ഹയാത്തിലെ ചീഫ് ഷെഫ് മഹ്മൂദ് അല്‍ റോഷിനൊപ്പമാണ് അയാഹ് കൊച്ചിയിലെത്തിയത്. രുചിയൂറുന്ന അറേബ്യന്‍ വിഭവങ്ങളാണ് അല്‍ റോഷും അയാഹും ചേര്‍ന്ന് കൊച്ചിയില്‍ ഒരുക്കുന്നത്. ''കേരളത്തിലെ ഭക്ഷണപ്രേമികള്‍ക്ക് അറേബ്യന്‍ ഭക്ഷണത്തോടും ഇഷ്ടമുണ്ടെന്നു കേട്ടിട്ടുണ്ട്. ഇവിടെയെത്തിയപ്പോള്‍ അത് ബോധ്യമായി. ചെറിയ ആട്ടിന്‍കുട്ടിയെ മുഴുവനായി നിര്‍ത്തിപ്പൊരിച്ച കിദ്രേ റൈസ് റോസ്റ്റഡ് ലാംപും സീബാസ് മത്സ്യത്തിന്റെ ഫിഷ് ഫില്ലറ്റും ചെറിയ കോഴികളെ നിര്‍ത്തിപ്പൊരിച്ച സ്റ്റഫ്ഡ് ബേബി ചിക്കനും ഉള്‍പ്പെടെ വ്യത്യസ്തമായ രുചികളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഭക്ഷണം എന്നു പറയുന്നത് കഴിക്കുന്നവരുടെ വയറും മനസ്സും ഒരുപോലെ നിറയ്ക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്.
കേരളത്തിലെ ഭക്ഷണങ്ങളില്‍ എരിവ് അല്പം കൂടുതലാണെന്നു തോന്നിയിട്ടുണ്ട്. അതൊഴിച്ചാല്‍ നിങ്ങളുടെ വിഭവങ്ങളെല്ലാം ഞങ്ങള്‍ക്കും വളരെ ഇഷ്ടമായി'' - അല്‍ റോഷ് പറയുമ്പോള്‍ അയാഹ് കാര്യം പിടികിട്ടാതെ നിന്നു. അറബി മാത്രം അറിയുന്ന അയാഹിന് അല്‍ റോഷ്
കാര്യങ്ങള്‍ ആ ഭാഷയില്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവളുടെ മുഖത്ത് പുഞ്ചിരി.
മസ്റ്റിക്കും മഹ്ലബും
ജോര്‍ദാനി ഭക്ഷണത്തിന്റെ രുചി രഹസ്യങ്ങളെപ്പറ്റി അയാഹിനോട് ചോദിച്ചതും അല്‍ റോഷിന്റെ സഹായത്തോടെയായിരുന്നു. ''ജോര്‍ദാനി ഭക്ഷണം നോണ്‍വെജ് മാത്രമാണെന്ന് നിങ്ങളില്‍ പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്.
എന്നാല്‍, ഞങ്ങള്‍ ഒരുക്കുന്ന സ്റ്റാര്ട്ടറുകളെല്ലാം വെജിറ്റേറിയനാണ്. സ്പിനാച്ച ഫത്തായറും മുഹമ്മറ ഫത്തായറും ഫെറ്റാ സാജുമൊക്കെ അതിന്റെ ഉദാഹരണങ്ങളാണ്. ജോര്‍ദാനില്‍നിന്ന് കൊണ്ടുവന്ന മസ്റ്റിക്, മഹ്ലബ് എന്നിങ്ങനെ രണ്ടു പ്രത്യേക തരം മസാലയാണ് ഞങ്ങളുടെ ഭക്ഷണത്തിന്റെ രുചിയുടെ അടിസ്ഥാനം. മെഡിറ്ററേനിയന്‍ പ്രദേശത്തുണ്ടാകുന്ന സെഡാര്‍, പൈന്‍ തുടങ്ങിയ മരങ്ങളുടെ കറകളില്‍ നിന്നാണ് മസ്റ്റിക് മസാലയുണ്ടാക്കുന്നത്. കാട്ടുചെറിയുടെ വിത്ത് പൊടിച്ചെടുത്ത് പ്രത്യേക ധാന്യങ്ങളും പൊടിച്ചു ചേര്‍ത്താണ് മഹ്ലബ് എന്ന മസാലയുണ്ടാക്കുന്നത്. മണ്ണിനടിയില്‍ പ്രത്യേകം കുഴിയുണ്ടാക്കി അവിടെ കനല് വിരിച്ച് ചുട്ടെടുക്കുന്ന വിഭവങ്ങളും ജോര്‍ദാനികളുടെ സ്പെഷ്യല്‍ ഐറ്റമാണ്'' - അയാഹ് ജോര്‍ദാനി രുചിയുടെ ലോകം പരിചയപ്പെടുത്തി.
Content Highlights: egyptian chef ayahin, preparing arabian food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..