ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത് ശീലമാക്കിയിട്ടുള്ളവരുണ്ട്. മിഠായിയോ കേക്കോ ഐസ്ക്രീമോ എന്തുമാകട്ടെ ഭക്ഷണത്തിന് ശേഷം കഴിക്കാനിഷ്ടമുള്ളവരുണ്ട്. ഡെസേർട്ടുകൾ എന്ന പേരിലറിയപ്പെടുന്നവയെല്ലാം ഭക്ഷണ ശേഷമാണ് വിളമ്പാറുള്ളത്. എന്നാൽ ഇത് ശരിയായ ശീലമല്ലെന്ന് പറയുകയാണ് ആയുർവേദ ഡോക്ടറായ വരലക്ഷ്മി യനമന്ദ്ര. ഇൻസ്റ്റാഗ്രാമിലൂടെയാണ് വരലക്ഷ്മി ഇതുസംബന്ധിച്ച് കുറിച്ചിരിക്കുന്നത്. 

സ്റ്റാർട്ടർ പോലെ കഴിക്കേണ്ടവയാണ് മധുരങ്ങൾ എന്നു പറയുകയാണ് വരലക്ഷ്മി. ഭക്ഷണശേഷം മധുരം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നാണ് വരലക്ഷ്മിയുടെ വാദം. ആയുർവേദ വിധിപ്രകാരം മധുരം ഭക്ഷണത്തിന് മുമ്പാണ് കഴിക്കേണ്ടതെന്നും വരലക്ഷ്മി പറയുന്നു.

ദഹിക്കാൻ പ്രയാസമുള്ള രുചിയാണ് മധുരമെന്നും അതിനാൽ അതുതന്നെ ആദ്യം കഴിക്കണമെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. മധുരം നിറച്ച ഡെസേർട്ടുകൾ മാത്രമല്ല ഇക്കൂട്ടത്തിൽ പെടുന്നത്. നെയ്യ്, ജാംഗരി, കാരറ്റ് പോലുള്ളവയും ഇത്തരത്തിൽ കണക്കാക്കേണ്ടതാണെന്ന് വരലക്ഷ്മി. 

ധാരാളം ഭക്ഷണവും മധുരവും കഴിക്കുക വഴി വയർ നിറഞ്ഞതായി തോന്നുകയും ദഹനപ്രക്രിയ സു​ഗമമാവാതിരിക്കുകയും ചെയ്യും. ഭക്ഷണശേഷം മോര് പോലുള്ള പ്രീബയോട്ടിക്കുകളാണ് കഴിക്കേണ്ടതെന്നും അവ ദഹനപ്രക്രിയ സു​ഗമമാക്കുെന്നും വരലക്ഷ്മി കുറിക്കുന്നു. 

Content Highlights: eating dessert after meal