ടുക്കള വീടിന്റെ ഹൃദയമാണ്. അപ്പോള്‍ ആ ഹൃദയം വെടിപ്പോടു കൂടി സൂക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്‌. അടുക്കളയും അതിലെ വസ്തുക്കളും നല്ല വെടിപ്പും വൃത്തിയോടും കൂടി സൂക്ഷിക്കാന്‍ അല്‍പ്പം നേരത്തെ ശ്രമം മതി. ഇതിന് സഹായിക്കുന്ന ചില ടിപ്‌സ് പരിചയപ്പെടാം 

1. അടുക്കളയില്‍ എന്തു ജോലി ചെയ്യുന്നതിനു മുന്‍പും കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

2. ഇറച്ചിയും മീനും പച്ചക്കറിയും മറ്റും അരിയാന്‍ ഉപയോഗിക്കുന്ന പലക, കത്തി എന്നിവ ഉപയോഗശേഷം നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്ക് വെയിലത്തു വച്ച് ഉണക്കുകയാണെങ്കില്‍ ബാക്ടീരിയ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവ നശിപ്പിക്കപ്പെടും.

3. ആഴത്തിലുള്ള വെട്ടുകള്‍ ഉണ്ടെങ്കില്‍ ആ പലക (കട്ടിങ് ബോര്‍ഡ്) ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കില്‍, അതിനിടയിലൂടെ മാംസങ്ങളുടെ ചാറും മറ്റും കടന്ന് ബാക്ടീരിയ കുമിഞ്ഞുകൂടും.

4. കേടായ ഭക്ഷണ പദാര്‍ഥങ്ങള്‍ എത്രയും പെട്ടെന്ന് അടുക്കളയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ ഇടുന്ന കുട്ടയിലേക്ക് മാറ്റുകയും താമസിക്കാതെ അത് സംസ്‌കരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഇവയുടെ അടുത്ത് വച്ചിരിക്കുന്ന മറ്റ് ആഹാര പദാര്‍ഥങ്ങള്‍ കേടാകുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, അതില്‍ നിന്നുള്ള ദുര്‍ഗന്ധം അടുക്കളയില്‍ തളം കെട്ടി നില്‍ക്കും.

5. അടുക്കളയില്‍ പാത്രം പിടിക്കാനും കൈ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന തുണികള്‍, എന്നും മുടങ്ങാതെ കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കുക. ഒരു തുണി തന്നെ അടുപ്പിച്ച് ഉപയോഗിക്കുന്നതു വഴി അതില്‍ പറ്റിപ്പിടിക്കുന്ന അഴുക്ക് ഭക്ഷണ പദാര്‍ഥങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്.

6. മസാലകള്‍, പലചരക്കുകള്‍ ഇട്ടുവയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ അവ തീരുമ്പോള്‍ നന്നായി കഴുകി, വെയിലത്ത് ഉണക്കി, വീണ്ടും നിറച്ച് ഉപയോഗിക്കുക.

7. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബറുകള്‍ അതിനു വേണ്ടി മാത്രം ഉപയോഗിക്കുക. സിങ്ക് വൃത്തിയാക്കാനും അടുപ്പ് വൃത്തിയാക്കാനും മറ്റൊരു തുണി, അല്ലെങ്കില്‍ സ്‌ക്രബ്ബര്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകിക്കഴിഞ്ഞതിനു ശേഷം സ്‌ക്രബ്ബറും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. മാത്രമല്ല, ഒരു മാസത്തില്‍ അധികം, അല്ലെങ്കില്‍ ഉപയോഗമനുസരിച്ച് സ്‌ക്രബ്ബറുകള്‍ മാറ്റേണ്ടതാണ്.

8. ഭക്ഷണം പാകം ചെയ്യുമ്പോള്‍ തെറിച്ചുവീഴുകയോ മറ്റോ ചെയ്യുന്ന അവശിഷ്ടങ്ങള്‍ അപ്പോള്‍ത്തന്നെ വൃത്തിയാക്കാന്‍ നോക്കുക. അല്ലെങ്കില്‍, അത് നമ്മള്‍ മറന്നു പോകുകയാണെങ്കില്‍ ബാക്ടീരിയ ഉണ്ടാക്കുകയും മാത്രമല്ല, ഈച്ച മുതലായവയെ ആകര്‍ഷിക്കുകയും ചെയ്യും.

9. അടുക്കളയില്‍ വാട്ടര്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അവയുടെ നോബിന്റെയും പൈപ്പിന്റെയും ഇടയിലുള്ള കണക്ടര്‍ പൈപ്പ് ഇടയ്ക്ക് എടുത്ത് വൃത്തിയാക്കുക. ചൂടുവെള്ളം ഉപയോഗിച്ച് സ്റ്റെറിലൈസ്ഡ് ആക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യുക.

10. ഫ്രിഡ്ജിലെ ഫില്‍റ്റര്‍, വാട്ടര്‍ പ്യൂരിഫൈര്‍ ഫില്‍റ്റര്‍, ഗ്യാസ് സിലിണ്ടർ, കണക്ടര്‍ പൈപ്പ് എന്നിവ കാലാവധി നോക്കി കൃത്യമായി മാറ്റുക.

11. ഭക്ഷണം പാചകം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ മസാലകള്‍ ഉപയോഗിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പ് തുറക്കുമ്പോള്‍ മിക്കവാറും അവശിഷ്ടങ്ങള്‍ അവിടെ പറ്റിപ്പിടിക്കും അതുകൊണ്ട് എല്ലാ ദിവസവും, കിച്ചന്‍ സിങ്ക്, കിച്ചന്‍ പൈപ്പ്, കിച്ചന്‍ കൗണ്ടര്‍ ടോപ്പ്, അടുപ്പ് എന്നിവ പാചകത്തിന് ശേഷം വൃത്തിയായി തുടയ്ക്കുക. ഇടയ്ക്ക് വിനാഗിരി, അല്ലെങ്കില്‍ നാരങ്ങ കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് തുടയ്ക്കുക.

12. രാത്രി കിടക്കുന്നതിനു മുന്‍പ് പാത്രം കഴുകി വയ്ക്കുന്നത് ശീലമാക്കുക. അല്ലെങ്കില്‍ രാത്രി പാറ്റ, പല്ലി മുതലായവ സിങ്കില്‍ കിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളിലും പാത്രങ്ങളിലും വന്നിരിക്കാന്‍ സാധ്യതയുണ്ട്.

13. തേങ്ങ ചിരവാന്‍ ഉപയോഗിക്കുന്ന ചിരവയുടെ നാക്ക് ഇപ്പോഴും മൂടി സൂക്ഷിക്കുക. നനച്ചു തുടച്ചതിനു ശേഷം മാത്രം തേങ്ങ ചിരവുക.

14. മൈക്രോവേവും ഇടയ്ക്ക് നന്നായി തുടച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കംചെയ്യുക.

15. ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന പലകയും എന്നും വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്ക് വെള്ളത്തില്‍ കഴുകി, വെയിലത്തു വച്ച് ഉണക്കുക.

Content Highlights: kitchen tips