തീന്‍ മേശയില്‍ പലതരം വിഭവങ്ങള്‍ നിരത്തി സമൃദ്ധമായി ഊണ് കഴിച്ചാലേ പലര്‍ക്കും തൃപ്തിയാവു. സ്വാദിഷ്ടമായ ഈ വിഭവങ്ങള്‍ പാകം ചെയ്യാന്‍ ധാരാളം സമയവും അധ്വാനവും വേണം. ഒപ്പം ഊര്‍ജവും. ഈ ശീലം ഒന്ന് മാറ്റിപ്പിടിച്ചാല്‍ അടുക്കളയില്‍ ജോലി എടുത്തു തളരുന്നവര്‍ക്ക് അല്‍പം ആശ്വാസമാകും. രുചിയൊട്ടും കുറയാതെ ഇഷ്ടവിഭവങ്ങള്‍ മാത്രം ഉണ്ടാക്കാന്‍ ഈ അഞ്ച് വഴികള്‍ പരീക്ഷിച്ചാലോ. 

1. വീട്ടുപറമ്പിലെ നാടന്‍ പച്ചക്കറികള്‍, കപ്പ, ചേന, പപ്പായ തുടങ്ങിയവകൊണ്ടുള്ള ലളിതമായ കറികളും തോരനും പരീക്ഷിക്കാം. ഇറച്ചി, മീന്‍ തുടങ്ങിയവ ഒന്നിച്ച് വൃത്തിയാക്കി ഫ്രീസ് ചെയ്ത് സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് മാത്രം കറി വയ്ക്കാം

2. ഉച്ചയൂണിന് പകരം ടൊമാറ്റോ റൈസ്, ലെമണ്‍ റൈസ് തുടങ്ങിയവ പരീക്ഷിക്കാം. ഇവയ്‌ക്കൊപ്പം ഒരുപാട് കറികള്‍ ഒരുക്കേണ്ടതില്ല.

3. ഊണിനൊപ്പം അച്ചാറ്, കൊണ്ടാട്ടം, തൈര് എന്നിവ ഉള്‍പ്പെടുത്തിയാല്‍ കറികളുടെ എണ്ണം കുറയ്ക്കാനാവും.

4. സ്‌ക്രാമ്പിള്‍ ചെയ്ത മുട്ടയില്‍ അല്‍പം ഗ്രീന്‍ ഒണിയന്‍ നുറുക്കിയതും ഉപ്പും കുരുമുളക്‌പൊടിയും മയൊണൈസ് എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് വേവിച്ച് ബസ്മതി റൈസ് ചേര്‍ത്താല്‍ എഗ്ഗ് റൈസ് റെഡി. ഇതിനൊപ്പം മറ്റ് കറികളൊന്നും വേണ്ട.

5. എഗ്ഗ് റൈസിനായി തയ്യാറാക്കിയപോലെ മുട്ട് സ്‌ക്രാമ്പിള്‍ ചെയ്ത് എടുത്തത് രാവിലത്തെ ചപ്പാത്തിയില്‍ റോള്‍ ചെയ്‌തെടുത്താല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ കൊടുത്തുവിടാനുള്ള ഉച്ചഭക്ഷണം റെഡി. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Easy cooking tips for lunch