പ്രതീകാത്മക ചിത്രം | Grihalakshmi (Photo: Madhuraj)
ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നാണ് വീഗനിസം. രണ്‍വീര്‍ സിങ് തുടങ്ങി ബോളിവുഡ് താരങ്ങളുള്‍പ്പടെ പ്രമുഖരായ പലരും തങ്ങള്‍ വീഗന്‍ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മത്സ്യ-മാംസാദികള്‍ പൂര്‍ണമായും വര്‍ജിച്ചുകൊണ്ടുള്ള ഈ ആഹാരക്രമം പിന്തുടരുന്നവര് തങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
വീഗന്‍ ആഹാരക്രമം പിന്തുടര്‍ന്നുവര്‍ക്ക് കഴിക്കുന്നതിന് പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പരിപ്പ് വര്‍ഗം
പ്രോട്ടീന്‍, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, അയണ്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് പരിപ്പ് വര്‍ഗം. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടലിലെ ബാക്ടീരിയകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു.
പയര്‍/ കടലവര്‍ഗങ്ങള്‍
കിഡ്നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ്, കാബൂളിക്കടല എന്നിവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ഫൈബര്‍, ഫോളേറ്റ്, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഓട്സ്
അരി, ഗോതമ്പ് എന്നിവയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഓട്സില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, മാഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളോറ്റ് എന്നിവയും ഓട്സില്‍ ധാരാളമായി ഉണ്ട്.
പച്ചക്കറികള്‍
ബ്രൊക്കോളി, പച്ചച്ചീര, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചോളം എന്നിവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ടോഫു
സോയാബീനില്‍ നിന്നാണ് ടോഫു തയ്യാറാക്കുന്നത്. ഇത് പ്രകൃത്യാതന്നെ ഗ്ലൂട്ടന്‍ അടങ്ങാത്തതും കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതുമാണ്. ഇത് കൂടാതെ, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്.
ആഹാരക്രമത്തില്‍ മാറ്റം വരത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടാന്‍ ശ്രദ്ധിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..