ചിട്ടയായ ഭക്ഷണം കൃത്യമായ സമയങ്ങളില്‍ എന്നാണ് ഡയറ്റിങ് എന്നത് കൊണ്ട് അര്‍ഥമാക്കേണ്ടത്. അമിതവണ്ണം എന്നതിലുപരി നിങ്ങളുടെ ശരീരത്തിന് ആരോഗ്യമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. കല്യാണപ്രായം എത്തുമ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ വരുമ്പോഴും മാത്രമല്ല ഭക്ഷണക്രമീകരണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്, മറിച്ച് അത് ജീവിതക്രമത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.
ഡയറ്റിങ് എന്ന് കേട്ടാലുടന്‍ ഭക്ഷണത്തിന്റെ അളവും വെട്ടിക്കുറച്ച് വ്യായാമം എന്ന പേരില്‍ കുറെ കസര്‍ത്തും കാണിച്ച് അതുവരെ ഇല്ലാത്ത പ്രശ്നങ്ങളും കൂടി ശരീരത്തിന് വരുത്തി വച്ചു കൊടുക്കുകയല്ല വേണ്ടത്. ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശപ്രകാരം മാത്രമേ ഡയറ്റ് ചെയ്യാവൂ. അതുപോലെതന്നെ, ഒരു ട്രെയിനറുടെ സഹായത്തോടെ മാത്രമേ ഡയറ്റിനോടൊപ്പമുള്ള വ്യായാമം ചെയ്യാവൂ.
പെട്ടെന്നുള്ള ഫലം ആഗ്രഹിച്ച് അപകടത്തില്‍ ചെന്നുചാടുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ഭക്ഷണനിയന്ത്രണവും വ്യായാമവും പലരേയും ആരോഗ്യകരമായി തകര്‍ക്കുകയാണ് ചെയ്യാറ്. അതുകൊണ്ടുതന്നെ അറിയാവുന്നവരോട് ആലോചിച്ചു മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാവൂ.
പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്കും മത്സ്യമാംസാദികള്‍ കഴിച്ചേ മതിയാവൂ എന്നു വാശി പിടിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന വ്യത്യസ്തമായ ഭക്ഷണക്രമമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യം പച്ചക്കറി കഴിക്കുന്നവരുടെ കാര്യം തന്നെ പരിശോധിക്കാം. സമയക്രമം പാലിക്കുക എന്നതാണ് ഡയറ്റിങില്‍ ആദ്യം ചെയ്യേണ്ടത്.
പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നാരങ്ങാവെള്ളമോ ഒരു ഗ്ലാസ് പാലോ കുടിക്കാം. അതിനുശേഷം ഏഴുമണിയോടുകൂടി പ്രഭാതഭക്ഷണംകഴിക്കാം. ചപ്പാത്തിയും പനീര്‍ കറിയും കഴിക്കാം. അല്ലെങ്കില്‍ ഗോതമ്പ് ബ്രഡ്ഡും ഉപ്പുമാവും പാലും കുടിക്കാം. അങ്ങനെയെങ്കില്‍ രാവിലെ പാലിന് പകരം നാരങ്ങാ വെള്ളം കുടിച്ചാല്‍ മതിയാകും.
അടുത്ത ഘട്ടം ഭക്ഷണം കഴിക്കേണ്ടത് 11 മണിയ്ക്കാണ്. അരക്കപ്പ് തണ്ണിമത്തന് ജ്യൂസോ ഒരു പിടി മുന്തിരിയോ കഴിക്കാം. അതിനു ശേഷം ഉച്ചഭക്ഷണത്തിന് ചോറും അരക്കപ്പ് വേവിച്ച പച്ചക്കറികളും ഒരു ബൗള്‍ സാലഡും കഴിക്കാം.
വൈകുന്നേരം ചായയ്ക്ക് പകരംസംഭാരം ശീലമാക്കാം. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സംഭാരം സഹായിക്കും. രാത്രി ഭക്ഷണം 7 മണിക്ക് കഴിക്കാം. രണ്ട് ചപ്പാത്തി, ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പ്, ഒരു ബൗള്‍ സാലഡ് എന്നിവ ശീലമാക്കാം.
ഇനി മത്സ്യമാംസാഹാരം കഴിക്കാതെ പറ്റില്ല എന്ന കൂട്ടര്‍ക്ക് പരീക്ഷിക്കാവുന്ന ഡയറ്റ് പരിചയപ്പെടാം. ഇവര്‍ക്കും പ്രഭാതഭക്ഷണത്തിന് മുന്നോടിയായി നാരങ്ങാവെള്ളമോ പഞ്ചസാര തീരെ ചേര്‍ക്കാത്ത ഒരു കപ്പ് പാലോ കുടിക്കാം. പ്രഭാതഭക്ഷണത്തിന് രണ്ട് കഷണം ഗോതമ്പ് ബ്രെഡ്ഡും രണ്ട് പുഴുങ്ങിയ മുട്ടയും കഴിക്കാം.
11 മണിയോടുകൂടി രണ്ട് പിടി മുന്തിരിയോ അരക്കപ്പ് തണ്ണിമത്തനോ കഴിക്കാം. ഉച്ചഭക്ഷണത്തിന് ചോറും അരക്കപ്പ് വേവിച്ച പച്ചക്കറികളും ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡും 100 ഗ്രാം ചിക്കനും കഴിക്കാം. വൈകുന്നേരം ചായയ്ക്ക് പകരം സംഭാരം ശീലമാക്കാം. അത്താഴം ഏഴുമണിക്ക് തന്നെ കഴിക്കാം. ചപ്പാത്തിയും അരക്കപ്പ് പരിപ്പ് കറിയും 50 ഗ്രാം മീനും ശീലമാക്കാം. ഇതോടൊപ്പം തന്നെ ഒരു ബൗള്‍ സാലഡും കഴിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..