-
അസിഡിറ്റിയുടെ അസ്വസ്ഥതയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ് പാലും മിക്ക പാലുത്പന്നങ്ങളും. മോര്, തൈര്, യോഗര്‍ട്ട് എന്നിവയൊക്കെ ഇതില്‍പ്പെടും. ഇവ ദഹനവ്യൂഹത്തെ ശാന്തമാക്കും. തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. അവ ആഹാരം വിഘടിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു. നല്ല ബാക്റ്റീരിയകള്‍ ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. ദഹനവ്യവസ്ഥ ആരോഗ്യത്തോടെയിരിക്കാനും ഇവ സഹായിക്കുന്നു.
ഇത്തരം ഭക്ഷണങ്ങളില്‍ ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്രോബയോട്ടിക് അല്ലാത്ത ബാക്റ്റീരിയകള്‍ വയറ്റിലുണ്ടാകുന്ന ഈ അമ്ലരസത്തില് നശിച്ചുപോകും. പ്രോബയോട്ടിക് ബാക്റ്റീരിയകള്‍ ആമാശയത്തിന്റേയും കുടലിന്റേയും ഭിത്തികളില്‍ പറ്റിപ്പിടിച്ച് വളരും. മോരോ, തൈരോ ശീലമാക്കുന്നത് വയറിന് ദീര്‍ഘകാല സംരക്ഷണം നല്‍കും.
നല്ലത് വീട്ടിലെ മോര്
വീട്ടില്‍ ഉറയൊഴിച്ചുണ്ടാക്കുന്ന തൈരാണ് നല്ലത്. ഇതില്‍ എല്ലാതരത്തിലുള്ള പ്രോബയോട്ടിക് ബാക്റ്റീരിയകളും ഉണ്ടാകും. പായ്ക്കറ്റിലും മറ്റും ലഭിക്കുന്ന തൈരില്‍ പ്രകൃതിദത്തമായ രീതിയിലുള്ള ഫെര്മെന്റേഷന് അല്ല നടക്കുന്നത്. ബാക്റ്റീരിയകളുടെ പ്രത്യേക കള്‍ച്ചര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കുന്നത്. മോരില്‍ മഞ്ഞള്‍പൊടി ചേര്‍ത്തുണ്ടാക്കുന്ന കാച്ചിയമോര്, യോഗര്‍ട്ട് എന്നിവയും വയറിന് ആശ്വാസം നല്‍കുന്നതാണ്. ഇളംചൂടുള്ള പാലില്‍ ഒരു സ്പൂണ്‍ തൈര് ചേര്‍ത്തിളക്കി അടച്ചുവെച്ചാല്‍ അടുത്ത ദിവസം നല്ല തൈര് ലഭിക്കും.
കാച്ചിയ മോര് തയ്യാറാക്കാം
- കലക്കി വെണ്ണ എടുത്ത മോര്- ഒരു കപ്പ്
- വെള്ളം- കാല്‍കപ്പ്
- മഞ്ഞള്‍പൊടി- ഒരുനുള്ള്
- ഇഞ്ചി ചതച്ചത്- അല്പം
- കറിവേപ്പില- അല്പം
- ഉപ്പ്- അല്പം
വെള്ളം, മഞ്ഞള്‍പൊടി, ഉപ്പ്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോള്‍ മോര് ചേര്‍ത്ത് ഉടനെ വാങ്ങിവെച്ച് നന്നായി ഇളക്കുക.
Content Highlights: curd and buttermilk helps to fight acidity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..