കൊട്ടാരം റോഡ് ജങ്ഷനിലെ ലാക് ദീവ്‌സ് ഷോപ്പിൽ സംരംഭകരിലൊരാളായ നിഹാൽ പറമ്പിൽ
ലക്ഷദ്വീപിലെ തനത് ഉത്പന്നങ്ങള്‍ക്കുമാത്രമായി കോഴിക്കോട്ടൊരു മാര്‍ക്കറ്റ് തുടങ്ങിയാലോ... കാലിക്കറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് ലക്ഷദ്വീപുകാരായ ഹംദുള്ള മുഹമ്മദിനും എഫ്.എം. നൗഷാദിനും പാലക്കാട്ടുകാരന്‍ നിഹാല്‍ പറമ്പിലിനും ഇത്തരമൊരു ചിന്ത ഉദിച്ചത്. അങ്ങനെ ദ്വീപിലെ ശര്‍ക്കരയും മീന്‍ ഉത്പന്നങ്ങളുമെല്ലാമായി കോഴിക്കോടൊരു കട തുടങ്ങി. കൊട്ടാരം ക്രോസ് റോഡില്‍ തുടങ്ങിയ 'ലാക് ദീവ്‌സ്' ഒരുവര്‍ഷം പിന്നിടുമ്പോള്‍ സ്വന്തമായൊരു യൂണിറ്റെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണവര്‍.
ദ്വീപില്‍നിന്നുള്ള ട്യൂണ മീന്‍കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെ ഏറെയുള്ളത്. ട്യൂണ കൊണ്ടുള്ള അച്ചാര്‍, മാസ്സ് മീന്‍, മാസ്സ് പൊടിച്ചത്, മാസ്സ് ചിപ്‌സ്, മാസ്സ് ചമ്മന്തി, മാസ്സ് പപ്പടം, ലൈറ്റ് മീറ്റ് ട്യൂണ... അങ്ങനെപോകും ഇവിടത്തെ വിഭവങ്ങള്‍. ട്യൂണ പുഴുങ്ങിയെടുത്ത് ഉണക്കിയുണ്ടാക്കുന്നതാണ് പല രുചികളും. കിലോയ്ക്ക് 800 രൂപയൊക്കെ വരും പലതിനും. ട്യൂണ അച്ചാറിന് 200 ഗ്രാമിന് 160 രൂപയാണ് വില. ചെറിയ ചെറിയ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്. അതുപോലെ തന്നെ ഉപ്പുരസമുള്ള മീന്‍ ശര്‍ക്കരയുമുണ്ട്.
വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, വിനാഗിരി, ശര്‍ക്കര, ഹലുവ എന്നിവയും ലാക് ദീവ്‌സിലുണ്ട്. ദ്വീപ് ശര്‍ക്കര കൊണ്ടുവന്നാല്‍ ഉടനടി ചെലവാകുമെന്നാണ് ഇവര്‍ പറയുന്നത്. പലപ്പോഴും ആവശ്യക്കാര്‍ പറയുന്നതിനനുസരിച്ച് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. 200 ഗ്രാം ദ്വീപ് ശര്‍ക്കരയ്ക്ക് 400 രൂപയാണ് വില. ദ്വീപ് ഉണ്ടയ്ക്ക് ഒരെണ്ണത്തിന് 35 രൂപയാണ്.
ദ്വീപില്‍നിന്നുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിനൊപ്പം കോഫീ ഷോപ്പും നടത്തുന്നുണ്ട് ഇവര്‍. ഇവിടെയും രുചികളില്‍ വ്യത്യസ്തതയുണ്ട്. നറുനീണ്ടി സര്‍ബത്ത് ഉപയോഗിച്ചുള്ളതുള്‍പ്പെടെ 20 ഇനം ചായയുണ്ട് ഇവിടെ. നന്നാറിയില്‍ പന ചക്കര, തേന്‍, ഈത്തപ്പഴം, ഏലയ്ക്ക, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയ ചേരുവകള്‍ ഉള്ളതാണ് നറുനീണ്ടി സര്‍ബത്ത്.
''ലക്ഷദ്വീപില്‍നിന്നുള്ള ഉത്പന്നങ്ങളെല്ലാം 'ലാക് ദീവ്‌സ്' എന്ന ബ്രാന്‍ഡിലാണ് വില്‍ക്കുന്നത്. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകാരും ഹോട്ടലുകാരുമെല്ലാം വെളിച്ചെണ്ണയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ചോദിച്ചുവരുന്നുണ്ട്. മൊത്തമായി നല്‍കാനുള്ള സാഹചര്യമില്ല. പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്വന്തം യൂണിറ്റ് തുടങ്ങണം. ഒപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. ഇതിനായി ലക്ഷദ്വീപ് സര്‍ക്കാര്‍പ്രതിനിധികളുമായി ചര്‍ച്ചനടത്തി. പിന്നെ പുതുതായി നീരാളികൊണ്ടുള്ള വിഭവങ്ങളും ഒരുക്കാന്‍ ആലോചിക്കുന്നുണ്ട്'' നിഹാല്‍ പറഞ്ഞു.
നിഹാല്‍ എം.എ. ഫോക്‌ലോര്‍ പൂര്‍ത്തിയാക്കി. ഹംദുള്ളയും നൗഷാദും എം.എഡിന് പഠിക്കുകയാണ്. ഷോപ്പിനുള്ള മൂലധനവും മാര്‍ക്കറ്റിങ് സഹായങ്ങളുമെല്ലാം ചെയ്തത് പാലക്കാട്ടുള്ള അന്‍ഷഫ് ആണ്. അതുപോലെ ലക്ഷദ്വീപില്‍നിന്നുള്ള തുഫൈലും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംകൂടുന്നു. 16ന് ലാക് ദീവ്‌സിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണിവര്‍.
Content Highlights: cuisine of lakshadweep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..