Photo: Instagram|Jacobs Food Diaries
മെല്‍ബണിലെ ഒരു വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ ലയ മുഹമ്മദിയുടെ ഏറ്റവും വലിയ തലവേദന എല്ലാ അമ്മമാരുടേതും തന്നെയായിരുന്നു. വികൃതിക്കുരുന്നുകളെ ഭക്ഷണം കഴിപ്പിക്കുക. അതിന് ലയ കണ്ടെത്തിയതോ അവര്‍ക്കിഷ്ടമുള്ള കാര്‍ട്ടൂണ്‍ ക്യാരക്ടറുകളുടെ രൂപത്തില്‍ ഭക്ഷണം ഉണ്ടാക്കുക എന്ന സൂത്രവും. ഇപ്പോള്‍ ലയയുടെ ജേക്കബ് ഫുഡ് ഡയറീസ് എന്ന ഇന്‍സ്റ്റ അക്കൗണ്ടിന് ഫോളോവേഴ്‌സ് രണ്ടുലക്ഷത്തില്‍പരമാണ്.
മക്കള്‍ക്ക് വിശന്നാല്‍ ഉടൻ ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും കൊണ്ട് ടോയി സ്‌റ്റോറിയിലെ വുഡി, റാവോളി സ്‌പോഞ്ച് കൊണ്ട് അപ്പിലെ ബോബിന്റെ രൂപം ഇങ്ങനെ എല്ലാ ആനിമേഷന്‍ കഥാപാത്രങ്ങളും ലയയുടെ പാത്രത്തില്‍ വിരിയും. തീര്‍ന്നില്ല ഹൊറര്‍ കഥാപാത്രങ്ങള്‍ വരെ ലയയുടെ കരവിരുതില്‍ തെളിയാറുണ്ട്, ഇറ്റ് സിനിമയിലെ പെന്നിവൈസിനെ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം ജോക്കറും അലാദീനുമൊക്കെയുണ്ട്.

ഒരു പ്രിസര്‍വേറ്റീവ്‌സും ഇവയില്‍ ഉപയോഗിക്കാറില്ലെന്ന് ലയ തന്നെ പറയുന്നു. കുട്ടികള്‍ക്ക് കഴിക്കാനുള്ളതാണല്ലോ. പഞ്ചസാര. ഉപ്പ്, കൃത്രിമ നിറങ്ങള്‍ എന്നിവയും ചേര്‍ക്കാറില്ല. പകരം നിറമുള്ള പച്ചക്കറികള്‍, ചാര്‍ക്കോള്‍ എന്നിവയൊക്കെയാണ് ഉപയോഗിക്കുക.
മകന്‍ ജേക്കബിന് പച്ചക്കറിയാണ് പ്രിയം. മാത്രമല്ല അടുക്കളയില്‍ പണികള്‍ക്ക് കുട്ടികളെയും ഒപ്പം കൂട്ടാനുള്ള വഴിയാണ് ഈ ഫുഡ് ആര്‍ട്ടെന്ന് ലയ. 'അവര്‍ക്കും ഇതൊരു രസകരമായ അനുഭവമാണ്. കുട്ടികളുമായുള്ള നമ്മുടെ ബന്ധം കൂടുതലുറപ്പിക്കാനും ഇത് സഹായിക്കും. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ അമ്മയും ഇങ്ങനെയൊക്കെ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.'- ലയ പറയുന്നു.

ഇവയുണ്ടാക്കുമ്പോള്‍ ധാരാളം ചലഞ്ചസ് ഉണ്ടാകാറുണ്ട്. ഇടക്ക് ഉടച്ച പൊട്ടറ്റോ കൊണ്ടുള്ള രൂപങ്ങളും ലയ ഉണ്ടാക്കും. അത് കഴിക്കാനല്ല. വെറുതേ ഒരു നേരംപോക്കിന്.

ഉണ്ടാക്കാന്‍ ഉദേശിക്കുന്ന ക്യാരക്ടറിന് അനുസരിച്ച് 20 മുതല്‍ 35 മിനിറ്റ് വരെ ഒരു ഫുഡ് ആര്‍ട്ടിന് സമയമെടുക്കും. ഫ്രിഡ്ജില്‍ ഉള്ള കഴിക്കാനാകുന്ന എന്തു സാധനവും ഫുഡ് ആര്‍ട്ടിന് ഉപയോഗിക്കാം. കുട്ടികള്‍ക്കുള്ള ഭക്ഷണം ഫ്രഷായി ഉണ്ടാക്കുകയാണ് പതിവ്. മക്കളെ എളുപ്പത്തില്‍ നല്ല ഭക്ഷണം കഴിപ്പിക്കാന്‍ ഫുഡ് ആര്‍ട്ട് ശീലമാക്കൂ എന്നാണ് ലയ മറ്റ് അമ്മമാരോട് പറയുന്നത്.
Content Highlights: Creative mum transforms healthy vegetables and meals into fun characters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..