ചൂടുള്ള സമയത്ത് പലർക്കും ചായയ്ക്കും കാപ്പിക്കും പകരം നാരങ്ങാവെള്ളമോ ജ്യൂസോ ഒക്കെ കുടിക്കാനാണിഷ്ടം. പെട്ടെന്ന് അതിഥികൾ കയറിവരുമ്പോഴാണ് വേണ്ടത്ര നാരങ്ങ കരുതിയിട്ടില്ലല്ലോ എന്നെല്ലാം പലരും ഓർക്കുക. എന്നാൽ ഇനി ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ ഒരു വഴിയുണ്ട്. നാരങ്ങയുടെ നീരു മാത്രമല്ല തൊലികൊണ്ടും പാനീയം ഉണ്ടാക്കാം എന്നു പറയുകയാണ് ഒരു റെഡ്ഡിറ്റ് ഉപയോക്താവ്.
ലെമണേയ്ഡ് തയ്യാറാക്കാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കേണ്ട വിധമാണ് ഫുഡ് ടിപ്സ് പങ്കുവെക്കുന്ന റെഡ്ഡിറ്റ് പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാരങ്ങാവെള്ളത്തിന് സമാനമായ രീതിയിൽ തൊലികൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നാണ് കക്ഷി പങ്കുവെച്ചിരിക്കുന്നത്.
നാരങ്ങയുടെ തൊലി അഞ്ചു മിനിറ്റോളം വെള്ളത്തിലിട്ട് തിളപ്പിക്കാനാണ് പോസ്റ്റിൽ പറയുന്നത്. ശേഷം നോക്കിയാൽ മഞ്ഞ നിറത്തിൽ നാരങ്ങയുടെ അതേ മണവും രുചിയുമുള്ള വെള്ളം ലഭിക്കും. നാരങ്ങയുടെ തൊലി ഉപയോഗിക്കാൻ ഇതിലും മികച്ച വഴിയില്ലെന്നും പോസ്റ്റിൽ പറയുന്നു. ദഹനം സുഗമമാക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച പാനീയവുമാണിത്.
നിരവധി പേരാണ് പോസ്റ്റിനു കീഴെ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുന്നത്. നാരങ്ങയുടെ തൊലിക്ക് കയ്പായതുകൊണ്ടാണ് ഇതുവരെയും വലിച്ചെറിഞ്ഞിരുന്നത്, ഇത്തരത്തിലൊരു ഉപയോഗമുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്നും പരിമിതമായ നാരങ്ങ കൊണ്ട് രുചികരമായ ലെമണേയ്ഡ് ഉണ്ടാക്കാനുള്ള വഴിയാണിതെന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: Cooking Trick with Lemon Peels