ഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം കോസ്റ്റാ കോഫി എന്ന കാപ്പികടയില്‍ പോയി ഒരു ലാറ്റെ കോഫി ഓര്‍ഡര്‍ ചെയ്തപ്പോള്‍ വില്പനക്കാരി ചോദിച്ചു കൊളംബിയന്‍ കാപ്പികുരു ഉപയോഗിച്ചുള്ള ബ്രൂ ആണോ കാപ്പിയില്‍ ചേര്‍ക്കേണ്ടതെന്ന്. കൊളംബിയന്‍ ബ്രൂ ആണെങ്കില്‍ കാപ്പിക്ക് വില കൂടും, രുചിയും. എന്നാല്‍ ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. സംഗതി സത്യമായിരുന്നു. കൊളംബിയന്‍ കാപ്പിക്ക് സവിശേഷമായ രുചിയും സുഗന്ധവുമാണ്. എന്താണ് കൊളംബിയന്‍ കാപ്പിയുടെ പ്രത്യേകത? രുചിക്കും ഗുണത്തിനും പേരുകേട്ടതാണ് കൊളംബിയന്‍ കാപ്പി ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളില്‍ ഒന്നാണ്. എന്തായിരിക്കും കൊളംബിയന്‍ കാപ്പിയെ മറ്റു കാപ്പികളില്‍ നിന്നും മികച്ചതാക്കുന്നത്? 

കാപ്പി എന്ന ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്നത് മൂന്ന് ഘടകങ്ങളാണ്. അതില്‍ ഒന്നാമത്തേത് കാപ്പി കൃഷിചെയ്യുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ്. കാപ്പികൃഷിക്ക് അനുയോജ്യമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ ഭൂപ്രകൃതി. കൃത്യമായ കാലാവസ്ഥയില്‍ വളര്‍ന്നാല്‍ മാത്രം ഗുണമേന്മയുള്ള ഫലം നല്‍കുന്ന ചെടിയാണല്ലോ കാപ്പി. ചായയും അതുപോലെ തന്നെ. മികച്ച കാപ്പിച്ചെടികള്‍ വളരാന്‍ അനുകൂലമായ കാലാവസ്ഥയും മണ്ണും മഴലഭ്യതയുമാണ് കൊളംബിയയുടെ പ്രത്യേകത. 1700 കളിലാണ് കൊളംബിയയില്‍ കാപ്പിക്കൃഷി തുടങ്ങുന്നത്. 

വര്‍ഷത്തില്‍ ശരാശരി 200 സെന്റിമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് കാപ്പിച്ചെടികള്‍ വളര്‍ത്താന്‍ അനുയോജ്യം. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ എത്താനും പാടില്ല. ഉഷ്ണമേഖലയില്‍പ്പെടുന്ന കൊളംബിയയിലെ മലമ്പ്രദേശങ്ങളില്‍ കൃത്യമായ സൂര്യപ്രകാശവും ലഭിക്കുന്നു. ചെരിവുള്ള മലനിരകള്‍ ഉള്‍പ്പെടെ ഇതും കാപ്പിക്കൃഷിക്ക് ഉതകുന്ന പ്രത്യേകതയാണ്. അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്നുള്ള ലാവ ഒഴുകി സമ്പുഷ്ടമായ മണ്ണാണ് ഈ മലനിരകളില്‍ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ഇനം കാപ്പിക്കുരു ഉത്പാദിപ്പിക്കാന്‍ കൊളംബിയയെ പ്രാപ്തമാക്കാന്‍ ഇനിയെന്തുവേണം! ലോകത്ത് ഏറ്റവുമധികം കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് കൊളംബിയ (ബ്രസീല്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍). വിഖ്യാതമായ ആന്‍ഡീസ് പര്‍വത നിരകളുടെ ചെരിവുകളിലും സാന്ത മാര്‍ത്തയിലെ സിയേറ നവാഡ മലമ്പ്രദേശങ്ങളിലുമാണ് കൊളംബിയയില്‍ പ്രധാനമായും കാപ്പിക്കൃഷി ഉള്ളത്. കാലി, മെഡലിന്‍, ബൊഗോട്ട എന്നീ കൊളംബിയന്‍ നഗരങ്ങളെ ചേര്‍ത്തുവെക്കുന്ന പ്രദേശമാണിത്. ദി കോഫി ആക്‌സില്‍ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 

food

കാപ്പിച്ചെടികള്‍ക്കൊപ്പം വളരുന്ന മറ്റു വൃക്ഷങ്ങളും വാഴക്കൃഷിയും അമിതമായ ചൂടില്‍ നിന്നും കൊളംബിയയിലെ കാപ്പിച്ചെടികളെ സംരക്ഷിക്കുന്നു. ഗുണമേന്മയുള്ള കാപ്പി ഉല്പാദിപ്പിക്കാന്‍ കാപ്പിക്കുരു കൈകള്‍ ഉപയോഗിച്ചുതന്നെ പറിച്ചെടുക്കണം. ആറുലക്ഷത്തോളം വരുന്ന കൊളംബിയന്‍ കാപ്പി കര്‍ഷകര്‍  കൈകള്‍ ഉപയോഗിച്ചാണ് തങ്ങളുടെ തോട്ടത്തിലെ കാപ്പി വിളവെടുക്കുന്നത്. ഇതിനാണ് ഇംഗ്ലീഷില്‍ 'ചെറി പിക്ക്' എന്നുപറയുന്നത്. കൃത്യമായി വിളഞ്ഞ കുരു മാത്രം പറിച്ചെടുക്കുന്നതാണ് ഈ സമ്പ്രദായം. അതേസമയം  ബ്രസീല്‍ പോലുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ പൊതുവെ  യന്ത്രം ഉപയോഗിച്ചാണ് കാപ്പി വിളവെടുക്കുന്നത്. ഈ രീതിയെ  'സ്ട്രിപ്പ് പിക്കിങ്' എന്നാണ് പറയുന്നത്.

യന്ത്രം ഉപയോഗിച്ച് കാപ്പി വിളവെടുക്കുമ്പോഴുള്ള പ്രശ്‌നം എന്താണെന്നല്ലേ? യന്ത്രത്തിന് അറിയില്ലലോ കൃത്യമായി വിളഞ്ഞ കുരു ഏതെന്നും വിളയാത്തത് അല്ലെങ്കില്‍ അമിതമായി പഴുത്തത് ഏതെന്നും. കൊളംബിയന്‍ കാപ്പി കര്‍ഷകരുടെ കൈകള്‍ കാപ്പി വിളവെടുത്ത് കുമളിക്കും. മികച്ച സ്വാദും സുഗന്ധവും നിറയുന്ന കാപ്പി ലോകമെമ്പാടുമുള്ളവര്‍ ആസ്വദിക്കുന്നതിനു പിന്നില്‍ കൊളംബിയന്‍ കര്‍ഷകരുടെ പരുപരുത്ത വിരലുകളും വലിയ പങ്ക് വഹിക്കുന്നു. കൃത്യമായി പാകമെത്തതോ അമിതമായി പഴുത്തതോ ആയ കാപ്പിയും കൊളംബിയക്കാര്‍ വിളവെടുക്കുമെങ്കിലും മികച്ച കാപ്പി മാത്രമാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. ബാക്കിയുള്ളവ  കൊളംബിയയില്‍ തന്നെ വിപണനം ചെയ്യപ്പെടുന്നു. 

റോബസ്റ്റയും അറബിക്കയുമാണ് മികച്ച കാപ്പി ഇനങ്ങള്‍. കൊളംബിയയില്‍ നൂറു ശതമാനവും അറബിക്ക മാത്രമാണ് കൃഷി ചെയ്യുന്നത്. മികച്ച കാപ്പി എന്ന ഖ്യാതി അറബിക്ക  ഇനത്തിനാണ്. കഫീന്‍ അംശം കുറഞ്ഞ, അമ്ലത്വം അല്പം ഏറിയ അറബിക്ക കാപ്പിക്ക്  ഇത്തിരി മാധുര്യം കലര്‍ന്ന ലഘുവായ സ്വാദാണ്. അമിതമായി കയ്പ്പ് രുചി കലരാതെ കൂടുതല്‍ വറുത്തെടുക്കാവുന്നതാണ് കൊളംബിയന്‍ കാപ്പിക്കുരു. എസ്‌പ്രെസോ പോലുള്ള കാപ്പിയുണ്ടാക്കാന്‍ കാപ്പിക്കുരു  ഇത്തരത്തില്‍ വറുത്തെടുക്കണം. നരകവര്‍ഗ്ഗച്ചെടികളുടേതിന് സമാനമായതും എന്നാല്‍ ലഘുവായതുമായ ഒരു അമ്ലതയാണ് കൊളംബിയന്‍ കാപ്പിക്ക് സവിശേഷമായ സ്വാദ് പകരുന്നത്. പേരുകേട്ട കാപ്പിക്കടകളില്‍ നിന്നോ വീട്ടിലെ കോഫീ മെയ്ക്കറില്‍ നിന്നോ അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്‍സ്റ്റന്റ് കാപ്പി തരികള്‍ ചേര്‍ത്ത് ഉണ്ടാക്കി അടുത്ത തവണ നിങ്ങള്‍ കൊളംബിയന്‍ കാപ്പി ആസ്വദിക്കുമ്പോള്‍  കാപ്പിച്ചെടികള്‍ ഇടതൂര്‍ന്ന കൊളംബിയയിലെ മലനിരകളും കര്‍ഷകരും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകും.

Content Highlights: Colombian coffee the best coffee in the world