പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ക്‌ലേറ്റ്. മിഠായികളുടെയും പലഹാരങ്ങളുടെയും നിര്‍മാണത്തിനാണ് ചോക്ക്‌ലേറ്റ് അധികവും ഉപയോഗിച്ചുവരുന്നത്. 

ചോക്ക്‌ലേറ്റുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കുന്ന റോക്കറ്റ് തയ്യാറാക്കി കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ആമുറി ഗീഷോണ്‍ എന്ന ഷെഫ്. 
ചോക്കലേറ്റ് റോക്കറ്റ് തയ്യാറാക്കുന്ന വീഡിയോ ഷെഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഭൂമിയില്‍ നിന്ന് കുതിച്ചുയരുന്ന റോക്കറ്റിന്റെ രൂപമാണ് ഷെഫ് തീര്‍ത്തത്. റോക്കറ്റിന്റെ എല്ലാഭാഗങ്ങളും തീര്‍ത്തിരിക്കുന്നത് ചോക്ക്‌ലേറ്റിലാണ് എന്നതാണ് ശ്രദ്ധേയം.
 
ഒരു ട്രേയില്‍ ചോക്ക്‌ലേറ്റ് ഒരുക്കിയെടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നെ റോക്കറ്റിന്റെ ഓരോഭാഗങ്ങളും ചോക്കലേറ്റില്‍ തന്നെ നിര്‍മിച്ചെടുക്കും. അതീവശ്രദ്ധയോടെയാണ് ഓരോഭാഗങ്ങളും ഉണ്ടാക്കുന്നത്. ഏറെ സമയമെടുത്താണ് ഇത് തയ്യാറാക്കുന്നതെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. ഓരോ ഭാഗവും ചോക്ക്‌ലേറ്റ് ഉപയോഗിച്ച് തന്നെയാണ് ബന്ധിപ്പിക്കുന്നത്. കഴിക്കാന്‍ കഴിയുന്ന പെയിന്റ് ഉപയോഗിച്ച് നിറം കൂടി കൊടുത്തുകഴിയുമ്പോള്‍ റോക്കറ്റ് ചോക്ക്‌ലേറ്റ് ആണെന്ന് ആരും പറയില്ല. 

ഇതുവരെ 32 ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ അധികം ലൈക്കുകളും രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോയ്ക്ക് ലഭിച്ചു. മികച്ച കലാസൃഷ്ടിയാണിതെന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തു. 

മുമ്പും ചോക്ക്‌ലേറ്റ് കൊണ്ട് പല രൂപങ്ങളും തയ്യാറാക്കി ആമുറി ഗീഷോണ്‍ ഇന്‍സ്റ്റഗ്രാമിനെ വിസ്മയിപ്പിച്ചിട്ടുണ്ട്.

Content highlights: chef creates rocket ship out of chocolate, internet get amused