ഫുഡ് ആര്‍ട്ട് പലരുടെയും ഹോബിയാണ്. അത്തരത്തില്‍ ചോക്ലേറ്റില്‍ പലതരം രൂപങ്ങള്‍ തീര്‍ത്ത് ആളുകളുടെ ആരാധന നേടിയ ആളാണ് ജനീവ സ്വദേശിയായ അമൗറി ഗ്വിഷോണ്‍. ചോക്ലേറ്റില്‍ തീര്‍ത്ത ടെലിസ്‌കോപ്പും 90 കിലോഗ്രാം ചോക്ലേറ്റില്‍ നിര്‍മിച്ച ആനയുമൊക്കെ സോഷ്യല്‍മീഡിയയുടെ മനസ്സുനിറച്ച ഗ്വിഷോണിന്റെ ചില കരവിരുതുകളാണ്. ഗ്വിഷോണ്‍ ചോക്ലേറ്റില്‍ തീര്‍ത്ത മോട്ടോര്‍സൈക്കിളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഗ്വിഷോണ്‍ ചോക്ലേറ്റ് മോട്ടോര്‍സൈക്കിള്‍ ഉണ്ടാക്കുന്നതിന്റെ പലഘട്ടങ്ങളിലായുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ചോക്ലേറ്റ് മോട്ടോര്‍ സൈക്കിള്‍, എനിക്ക് എപ്പോഴും ഇഷ്ടമാണ് ചക്രങ്ങളും കോയിലും കൊണ്ട് പണികളെടുക്കാന്‍. എന്താണ് നിങ്ങള്‍ കരുതുന്നത്..' ഗ്വിഷോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. 

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനും, സീറ്റും അടക്കം ഓരോ ഭാഗവും ചോക്ലേറ്റുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിന്റെയും വിശദമായ വിവരങ്ങള്‍ വീഡിയോയില്‍ കാണാം. മൂന്നരലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഏറ്റവും സുരക്ഷിതമായ ബൈക്ക് എന്നാണ് ഒരാളുടെ കമന്റ്. നിരവധിപ്പേരാണ് ഗ്വിഷോണിനെ അഭിനന്ദിച്ചിരിക്കുന്നത്. 

Content Highlights: Chef creates chocolate motorcycle viral video