തനിച്ച് ദിവസങ്ങളോളം ഒന്നും ചെയ്യാതെ ഒരു ഹോട്ടല്‍ റൂമില്‍ രാജകീയമായി താമസിക്കാന്‍ പറ്റും, എന്നാല്‍ കൊറോണക്കാലത്ത് ആ താമസം ക്വാറന്റീനിലാണെങ്കിലോ.. രണ്ടാഴ്ച സമയത്ത് നിങ്ങള്‍ എന്ത് ഭക്ഷണം കഴിക്കും. മറുപടിയുണ്ട് 23 വയസ്സുകാരനായ ജാഗോ റാണ്‍ഡെല്‍സ് എന്ന ഷെഫിന്റെ കൈയില്‍. മുറിയില്‍ ഉള്ള സാധനങ്ങള്‍ കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതെങ്ങനെ എന്നാണ് ജാഗോ തന്റെ ടിക്ടോക് വീഡിയോയിലൂടെ പറയുന്നത്. അതിന് തേപ്പുപെട്ടിയായാലും മതി.
കാനഡയിലെ വാന്‍കൂവറില്‍ ജെക് ഗ്രാന്‍വില്ലെ സ്യൂട്ട് ഹോട്ടലിലായിരുന്നു ജാഗോ ക്വാറന്റീനിലായത്. ബ്രിട്ടീഷ് കൊളംബിയ മൗണ്ടന്‍ റിസോര്‍ട്ടില്‍ ഷെഫ് ജോലിക്കായി എത്തിയതാണ് ഇയാള്‍. എന്നാല്‍ ജോലി തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ക്വാറന്റീനിലുമായി. വെറുതേയിരുന്ന് മടുത്തപ്പോഴാണ് മുറിയിലുള്ള ഉപകരണങ്ങള്‍ കൊണ്ട് ഭക്ഷണം പാകം ചെയ്താലോ എന്ന് തോന്നിയത്.
കുറച്ച് ഭക്ഷണമൊന്നുമല്ല ജാഗോ തയ്യാറാക്കിയത്. ചിക്കന്‍ വിത്ത് മഷ്‌റൂം ക്രീം സോസ്, സാല്‍മണ്‍ വിത്ത് റൈസ് ഇന്‍ വെര്‍മിസെല്ലി, ചീസ് ബര്‍ഗര്‍, ക്രീം ബ്രൂളി... വിഭവസമൃദ്ധമായിരുന്നു പരീക്ഷണം. തേപ്പുപെട്ടിയും കോഫീമേക്കറുമാണ് ഇതിനായി ജാഗോ തിരഞ്ഞെടുത്തത്. ഒപ്പം റൂമിലുണ്ടായിരുന്ന മിനിയേച്ചര്‍ മോള്‍ഡുകളും പര്‍ച്ച്‌മെന്റ് പേപ്പറും കൂടി ഉപയോഗിച്ചു.
ഷെഫ് ജാഗോയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. ഫുഡ് ക്രിട്ടിക്കും സെലിബ്രിറ്റി ഷെഫുമായ ഗോര്‍ദോണ്‍ റാംസെ ജാഗോയുടെ വീഡിയോക്ക് കമന്റും നല്‍കി. 'ഹോട്ടലുകളില്‍ ഞാന്‍ സാധാരണ കണ്ടിട്ടുള്ളവയേക്കാല്‍ നല്ല ഭക്ഷണം.' എന്നാണ് റാംസെയുടെ അഭിപ്രായം.
Content Highlights: Chef Cooks Delicious Food With Hotel Appliances