മൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു ടെലിസ്കോപ് ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പലരും. ഒരു ടെലിസ്കോപ് കാണുമ്പോൾ ഇത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നാണോ? എന്നാൽ ഇത് ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ടെലിസ്കോപ് ആണെന്നറിയുമ്പോഴാണ് അതിശയം ഇരട്ടിക്കുക. 

അഞ്ചടി ഉയരത്തിലുള്ള ടെലിസ്കോപ് തയ്യാറാക്കിയിരിക്കുന്നത് ഒരു പേസ്ട്രി ഷെഫാണ്. ലാസ് വേ​ഗാസിൽ നിന്നുള്ള ഷെഫ് അമൗരി ​ഗ്വിചോൺ ആണ് വ്യത്യസ്തമായ ഈ ചോക്ലേറ്റ് ടെലിസ്കോപ് ഒരുക്കിയ കക്ഷി. അമൗരി തന്നെയാണ് ചോക്ലേറ്റ് ടെലിസ്കോപ് വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 

താൻ ഇതുവരെ തയ്യാറാക്കിയതിൽ വച്ച് ഏറ്റവും ടെക്നിക്കലായ ചോക്ലേറ്റ് എന്നു പറഞ്ഞാണ് അമൗരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചോക്ലേറ്റ് ടെലിസ്കോപ്പിന്റെ ഓരോ ഘട്ടങ്ങളും വീഡിയോയിൽ കാണാം. 

എത്രത്തോളം ക്ഷമയോടെയും അർപ്പണബോധത്തോടെയുമാണ് അമൗരി യഥാർഥ ടെലിസ്കോപ്പിനെ വെല്ലുംവിധത്തിൽ ചോക്ലേറ്റ് കൊണ്ടു തയ്യാറാക്കിയിരിക്കുന്നത് എന്ന് കാണാം. ടെലിസ്കോപ്പിന്റെ ഭാ​ഗങ്ങളെ ചോക്ലേറ്റ് കൊണ്ട് അതേപടി തയ്യാറാക്കി അവസാനം ഓരോന്നും യോജിപ്പിച്ച് അസ്സൽ ടെലിസ്കോപ് തയ്യാറാക്കിയിരിക്കുകയാണ് കക്ഷി. വൈറ്റ് ചോക്ലേറ്റും ഡാർക് ചോക്ലേറ്റുമൊക്കെ ഉപയോ​ഗിച്ചാണ് നിർമാണം. 

അമൗരിയുടെ അസാമാന്യ കഴിവിനെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. ഷെഫിനെ നമിക്കണം എന്നും ഇദ്ദേഹത്തിന്റെ കഴിവ് അം​ഗീകാരം ലഭിക്കണമെന്നുമൊക്കെ പോകുന്നു കമന്റുകൾ. നിലവിൽ ഒരുമില്യണിൽപരം കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 

Content Highlights: Chef builds a 5-feet tall telescope made with only chocolate