അടുക്കളയില്‍ നിന്ന് സ്വതന്ത്രയാവുന്ന സ്ത്രീ: ഫുഡ് ഡെലിവറി സര്‍വീസുകള്‍ വരുത്തിയ മാറ്റങ്ങൾ


അശ്വര ശിവന്‍

അടുക്കള എപ്പോഴും സ്ത്രീകളുടെ ഇടമാണല്ലോ. ഭക്ഷണം പാകം ചെയ്യേണ്ടത് അവരുടെ കടമയും. നാലു നേരം നാലു രീതിയില്‍ വെച്ചുണ്ടാക്കേണ്ട ബാധ്യതയുള്ളവര്‍. മിക്‌സി പോലുള്ള യന്ത്രങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ സ്ത്രീകള്‍ മുഴുവന്‍ സമയവും വീട്ടിലിരുന്നേനേ

Photo: Pixabay

ക്ഷണം കഴിക്കുന്നതു പോലെ മനോഹരമായ കാര്യം മറ്റെന്താണ്? പ്രത്യേകിച്ച് ലോകജനസംഖ്യയുടെ പത്തിലൊന്നില്‍ കൂടുതല്‍ പേരും പോഷകാഹാരക്കുറവ് നേരിടുമ്പോള്‍... ഭക്ഷണം വീട്ടില്‍ പാകം ചെയ്യുക എന്നത് കുറച്ചുനാള്‍ മുമ്പ് വരെ അനിവാര്യമായിരുന്നു. നന്നായി ഭക്ഷണമുണ്ടാക്കാനറിയുക എന്നത് ഒരു പെണ്‍കുട്ടിക്കു വേണ്ട ഏറ്റവും വലിയ യോഗ്യതയായി സമൂഹം കരുതി പോരുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളുടെ വരവോടെ ഈ ചിന്തകള്‍ക്കു മാത്രമല്ല, മലയാളികളുടെ വീട്ടിലെ അടുക്കളകള്‍ക്കും ഭക്ഷണശീലങ്ങള്‍ക്കുമൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഭക്ഷണം അടുക്കളയില്‍ മാത്രമല്ല

ഭക്ഷണം കഴിക്കുന്നതു പോലെ മനോഹരമായ കാര്യം മറ്റെന്താണ്? പ്രത്യേകിച്ച് ലോകജനസംഖ്യയുടെ പത്തിലൊന്നില്‍ കൂടുതല്‍ പേരും പോഷകാഹാരക്കുറവ് നേരിടുമ്പോള്‍... ഭക്ഷണം വീട്ടില്‍ പാകം ചെയ്യുക എന്നത് കുറച്ചുനാള്‍ മുമ്പ് വരെ അനിവാര്യമായിരുന്നു. നന്നായി ഭക്ഷണമുണ്ടാക്കാനറിയുക എന്നത് ഒരു പെണ്‍കുട്ടിക്കു വേണ്ട ഏറ്റവും വലിയ യോഗ്യതയായി സമൂഹം കരുതി പോരുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളുടെ വരവോടെ ഈ ചിന്തകള്‍ക്കു മാത്രമല്ല, മലയാളികളുടെ വീട്ടിലെ അടുക്കളകള്‍ക്കും ഭക്ഷണശീലങ്ങള്‍ക്കുമൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

''അടുക്കള എപ്പോഴും സ്ത്രീകളുടെ ഇടമാണല്ലോ. ഭക്ഷണം പാകം ചെയ്യേണ്ടത് അവരുടെ കടമയും. നാലു നേരം നാലു രീതിയില്‍ വെച്ചുണ്ടാക്കേണ്ട ബാധ്യതയുള്ളവര്‍. മിക്‌സി പോലുള്ള യന്ത്രങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ സ്ത്രീകള്‍ മുഴുവന്‍ സമയവും വീട്ടിലിരുന്നേനേ. പാചക കല മാത്രമല്ല തനിക്കുള്ളത് എന്ന് കുറേയധികം സ്ത്രീകള്‍ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ വന്നതോടെ അടുക്കളയില്‍ നിന്ന് സ്വതന്ത്രയാവുന്ന സ്ത്രീയെ കണ്ടുതുടങ്ങി.'' ഇതാണ് ഇത്തരം ആപ്പുകളോടും ഇഷ്ടം കൂട്ടുന്നതെന്ന് തൃശ്ശൂരിലെ വീട്ടമ്മയായ രോഹിണി.

''അതെ, ഒരു ദിവസം അസുഖം പിടിച്ചാല്‍, അല്ലെങ്കില്‍ കൂട്ടുകാരോടൊത്ത് പുറത്ത് പോകേണ്ടി വന്നാല്‍, ഇപ്പോള്‍ ഭക്ഷണം ഒരുക്കിവെച്ച് പോകേണ്ട ബാധ്യത ഇല്ല. കൈപ്പുണ്യത്തിന്റെ പേരിലൊന്നും ഇനി സ്ത്രീകളെ തളയ്ക്കാന്‍ ആരും വരേണ്ട. അടുക്കളയെ വെറുക്കണമെന്നല്ല പറയുന്നത്. പക്ഷേ, ഭക്ഷണമുണ്ടാക്കുന്നതില്‍ കൂട്ടുത്തരവാദിത്വം വേണം. ഓണ്‍ലൈനില്‍ നിന്ന് ഭക്ഷണം വാങ്ങുന്ന കാര്യത്തിലെങ്കിലും അതു കാണാനുണ്ട്.'' രോഹിണിയുടെ അയല്‍വാസി പ്രിയയ്ക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലവറി ആപ്പുകള്‍ പ്രിയമാണ്.

''ഇക്കാലത്ത് പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്. അത്തരം സ്ത്രീകള്‍ അവരുടെ പ്രൊഡക്ടീവ് സമയത്തില്‍ കൂടുതലും ജോലിസ്ഥലത്തും യാത്രയ്ക്കും ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് നാല് നേരത്തേക്കും കൂടിയുള്ള ഭക്ഷണം സ്വയം വീട്ടിലുണ്ടാക്കാനുള്ള സമയം കാണില്ല.'' വര്‍ക്കിങ് വിമണ്‍ ചെലവഴിക്കുന്ന പണത്തില്‍ കൂടുതലും വസ്ത്രത്തിനും ഭക്ഷണത്തിനും വേണ്ടിയാണെന്ന് തിരുവനന്തപുരത്ത് അധ്യാപികയായ സോന. ''എപ്പോഴും എല്ലാവര്‍ക്കും വേണ്ട ഭക്ഷണം രാവിലെ ഉണ്ടാക്കി വെയ്ക്കും. പക്ഷേ, രാവിലെ ഓഫിസിലേക്ക് ഓടുന്നതിനിടയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. ഇനി ഉച്ച വരെ വിശന്നിരിക്കാതെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാമല്ലോ.''

''മൂന്ന് വര്‍ഷം മുമ്പ് അമ്മ ലീനയ്ക്ക് സ്‌ട്രോക്ക് വന്നു. അതിനു ശേഷമാണ് ഞാന്‍ അടുക്കളയില്‍ കയറി തുടങ്ങിയത്. അമ്മയ്ക്ക് അസുഖമായതിനു ശേഷമാണ് ഭക്ഷണമുണ്ടാക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലായത്. വല്ലപ്പോഴും എവിടെയെങ്കിലും പോകണമെങ്കിലോ മറ്റോ ഓണ്‍ലൈനില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട്. ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ട് കറിയുണ്ടാക്കാന്‍ നേരമില്ലെങ്കില്‍ ഓണ്‍ലൈനില്‍ നിന്ന് വാങ്ങും. അത് വലിയ ഉപകാരമാണ്.'' കൊല്ലം സ്വദേശി ശ്രീജിത്തിന്റെ അനുഭവമാണിത്.

''ഭക്ഷണമുണ്ടാക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത പെണ്‍കുട്ടികളുമുണ്ട്. ഇഷ്ടമുള്ളവര്‍ക്ക് ഉണ്ടാക്കാം. അത് ആണായാലും പെണ്ണായാലും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റുകള്‍ ഇത്തരം സാധ്യതകളൊക്കെ തുറന്നു തരുന്നത് പോലെ തോന്നുന്നു.'' ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെ പുകഴ്ത്തുകയാണ് തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ആര്‍ദ്ര. ''അറിയാത്ത ഒരു സ്ഥലത്ത് ട്രിപ്പ് പോയി, അവിടെ കുടുങ്ങി കിടക്കുകയാണ്. ഭാഷയും സ്ഥലവുമൊന്നും അറിയില്ല. നന്നായി വിശക്കുന്നുമുണ്ട്. ആ സമയത്ത് രക്ഷകനായി മുന്നിലെത്തുന്നത് ഏതെങ്കിലും ഓണ്‍ലൈന്‍ ഫുഡ് ഡലിവറി ആപ്പോ, വെബ്‌സൈറ്റോ തന്നെയാവും. കയ്യിലൊരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടാവണമെന്ന് മാത്രം.'' എന്നാല്‍ താന്‍ ഈ ആപ്പുകള്‍ക്ക് അടിമയായോ എന്ന സംശയവും പുള്ളിക്കാരിക്കുണ്ട്.

''മുമ്പൊക്കെ വീട്ടിലിരിക്കുമ്പോള്‍ വിശപ്പു തോന്നിയാല്‍ അവിടെ ഉള്ളത് എന്തെങ്കിലും എടുത്ത് കഴിക്കും. അല്ലെങ്കില്‍ വീട്ടിലുള്ള സാധനങ്ങള്‍ വെച്ച് ചെറിയ രീതിയില്‍ പാചകം ചെയ്യാന്‍ ശ്രമിക്കും. പക്ഷേ, ഇപ്പൊ ഇഷ്ടപ്പെട്ട ഭക്ഷണമില്ലെങ്കില്‍ ഉടന്‍ സ്വിഗിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യും. ഇങ്ങനെ വാങ്ങുന്നത് കൂടുതലും ഫാസ്റ്റ് ഫുഡ് തന്നെയാണ്. ഒന്നു രണ്ടു വര്‍ഷം മുമ്പ് വരെ വീട്ടില്‍ നിന്ന് എല്ലാവരും ഒന്നിച്ച് റെസ്‌റ്റോറന്റില്‍ പോയി കഴിക്കുന്നത് മാസത്തില്‍ ഒരിക്കലായിരുന്നു. പക്ഷേ, ഇപ്പോള്‍ ഓണ്‍ലൈനില്‍ നിന്ന് രണ്ടോ, മൂന്നോ ദിവസം കൂടുമ്പോള്‍ ഭക്ഷണം വാങ്ങുന്നുണ്ട്.'' തന്റെ കൂട്ടുകാരും ഇതേ വഴിക്കു തന്നെയാണെന്ന് ആര്‍ദ്ര.

ഏതായാലും 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ഫാസ്റ്റ് ഫുഡ്ഡിനോട് കൂടുതല്‍ പ്രിയം. ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും 35 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നത് മറ്റൊരു കണക്ക്. പറഞ്ഞു വരുന്നത് ഇന്ത്യയിലെ യുവാക്കളുടെ വിശപ്പിനെ കുറിച്ചു തന്നെ. ഭക്ഷണത്തിന്റെ ആവശ്യം വര്‍ധിക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ ഫുഡ് സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കുന്നു.
''നഗരങ്ങളിലെ ലൈഫ്‌സ്‌റ്റൈല്‍ ചേഞ്ചുകള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കുള്ള ഡിമാന്റ് വര്‍ധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ഓഫിസിലെ ഒരു കോര്‍പ്പറേറ്റ് ലഞ്ചോ പാര്‍ട്ടിയോ ഇന്ന് സാധാരണമാണല്ലോ. അതിനുവേണ്ടി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുകയാണ് എളുപ്പം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു റെസ്‌റ്റോറന്റ് കണ്ടുപിടിച്ച്, ബുക്ക് ചെയ്യേണ്ട ബുദ്ധിമുട്ടില്ല.'' ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരി പൂജ മാസത്തില്‍ ഒരിക്കലെങ്കിലും ഓണ്‍ലൈനില്‍ നിന്ന് ഭക്ഷണം വാങ്ങിക്കാറുണ്ട്.

''ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകളുടെ വരവോടെ ചെറിയ തുകയ്ക്ക് പെട്ടെന്ന് ഭക്ഷണം കിട്ടുക എന്ന രീതി പലര്‍ക്കും ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. റെസ്‌റ്റോറന്റിലേക്ക് പോകും വഴിയുള്ള ട്രാഫിക്ക് ബ്ലോക്കും അവിടെ എത്തിയാലുള്ള തിരക്കും കാത്തിരിപ്പുമൊന്നും ഇനി സഹിക്കേണ്ട. എന്നാല്‍ ഡെലിവറി ബോയിസിന്റെ പരക്കം പാച്ചിലാണ് സഹിക്കാന്‍ കഴിയാത്തത്. വെബ്‌സൈറ്റില്‍ പറയുന്ന ഡെലിവറി ടൈമിനുള്ളില്‍ ഭക്ഷണമെത്തിക്കാന്‍ സ്വന്തം ജീവന്‍ വരെ അപകടത്തിലാക്കിയാണ് അവര്‍ അമിതവേഗത്തില്‍ വണ്ടിയോടിക്കുന്നത്.'' പൂജയ്ക്ക് അരിശം കയറി. ഭക്ഷണ ആപ്പുകളുടെ ഭാഗമാവാന്‍ സ്വന്തമായൊരു വാഹനവും മൊബൈല്‍ ഫോണും മതി. ഓഫറുകളാണ് ഈ ജോലിയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ വേതനത്തിന്റെ കാര്യത്തില്‍ ഫുഡ് ഡെലിവറി കമ്പനികള്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഉയരുന്നുമുണ്ട്.

ഇനി വിശന്നിരിക്കേണ്ട

''ഇന്ന് പല വീടുകളിലും രക്ഷിതാക്കളില്‍ രണ്ടുപേര്‍ക്കും വരുമാനമുണ്ട്. ഒപ്പം മക്കളും സമ്പാദിക്കുന്നു. പഴയപോലെ ചെലവ് ചുരുക്കേണ്ട. പിന്നെ മിക്ക അണുകുടുംബങ്ങളും വീട്ടിലുള്ളവരുമായി ക്വാളിറ്റി ടൈം ചെലവിടാന്‍ ആഗ്രഹിക്കുന്നവരാണ്. അതിന് അവര്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം ഓണ്‍ലൈനില്‍ നിന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്. ആഴ്ചയിലെ എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് സമയം കളയാന്‍ ആരാണ് ഇഷ്ടപ്പെടുക?'' കോഴിക്കോട്ടെ വക്കീല്‍ ഷാനി ചോദിക്കുന്നു. ''റെസ്‌റ്റോറന്റിലെ ഭക്ഷണം വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് കഴിക്കുന്നത് രസമാണ്. റെസ്‌റ്റോറന്റില്‍ ചെല്ലാന്‍ ഒരു കൂട്ടില്ലെങ്കിലും നേരെ ഓര്‍ഡര്‍ ചെയ്യാം.''

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം">
ഗൃഹലക്ഷ്മി വാങ്ങാം

''കഞ്ഞിയും കപ്പയും തൊട്ട് കെന്റക്കി വരെ ഓണ്‍ലൈനില്‍ കിട്ടും. ഇന്റര്‍നാഷണല്‍ ഫുഡ് ബ്രാന്‍ഡുകളുടേയും റെസ്‌റ്റോറന്റുകളുടേയും ഭക്ഷണം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റുകളില്‍ ലഭ്യമാണ് എന്നതും താല്‍പര്യം കൂട്ടുന്നുണ്ട്.'' ഭക്ഷണത്തിന്റെ കാര്യത്തില്‍ താന്‍ അത്ര വലിയ രാജ്യസ്‌നേഹിയല്ലെന്ന് പത്തനംതിട്ട സ്വദേശി, എംബി.എ വിദ്യാര്‍ഥി അലന്‍.

''ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഭക്ഷണത്തിന് ഹോട്ടലില്‍ കിട്ടുന്ന വിലയേക്കാള്‍ കൂടുതലാണ് ഈടാക്കുന്നത്. നമ്മള്‍ നല്‍കുന്ന ഡെലിവറി ചാര്‍ജ്ജിന് പുറമേയാണ് ഈ തുക. ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ വിലകള്‍ക്ക് തമ്മില്‍ വ്യത്യാസമുണ്ടെന്ന് സ്വിഗിയും സമ്മതിച്ചിട്ടുണ്ട്. പിന്നെ സാമ്പത്തിക മാന്ദ്യം നേരിടുന്നത് കൊണ്ട് പല ഭക്ഷണത്തിനും റേറ്റ് കൂട്ടിയിട്ടുണ്ട്. ഉപഭോക്താക്കളെ വലയിലാക്കാന്‍ കൂപ്പണ്‍, ഡിസ്‌ക്കൗണ്ട് സംവിധാനങ്ങള്‍ തരുമെങ്കിലും ഓണ്‍ലൈനില്‍ വാങ്ങിക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.'' കോട്ടയത്ത് ബിസിനസ് നടത്തുന്ന ശിവരാമന് ഫുഡ് ഡെലിവറി ആപ്പുകള്‍ അത്ര പിടിച്ചിട്ടില്ല.

''റെസ്‌റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കൂടി നടത്തി ബിസിനസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ക്ക് സ്വന്തം വെബ്‌സൈറ്റുകളുണ്ട്. ചിലര്‍ സ്വിഗി, സൊമാറ്റോ, പൊട്ടാഫോ തുടങ്ങിയവയുമായി സഹകരിച്ചാണ് ഭക്ഷണമെത്തിക്കുന്നത്. ഫുഡ് ബിസിനസ് ഇത്തരം ഓണ്‍ലൈന്‍ ഡെലിവറി സംവിധാനത്തിലൂടെ ഒരു ഓര്‍ഗനൈസ്ഡ് രീതിയിലേക്ക് വരുമെന്നാണ് തോന്നുന്നത്.'' ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയ സുജീഷിന് ഫുഡ് ബിസിനസില്‍ ഏറെ പ്രതീക്ഷകളുണ്ട്.

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്ന ശ്രുതിയുടെ കാര്യം അല്‍പം വ്യത്യസ്തമാണ്. '' ദിവസവും രണ്ടു മണിക്കൂര്‍ കുക്കിങ്ങിന് വേണ്ടി മാറ്റി വെക്കുന്നുണ്ട്. എങ്കിലും ആഴ്ചയില്‍ ഒരു ദിവസം ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യും. മിക്കവാറും ഹോംലി ഫുഡ് കിട്ടുന്ന വെബ്‌സൈറ്റില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്യുന്നത്.'' ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസിനെ പൂര്‍ണമായി മാറ്റി നിര്‍ത്താനാവില്ലെന്ന് ശ്രുതിയും സമ്മതിക്കുന്നു.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: changing kitchen trends and women life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented