ബീറ്റാ കരോട്ടിന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റ്, കാല്‍സ്യം എന്നിവ ധാരാളമായടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ചര്‍മ്മ സംരക്ഷണത്തിനായും ശരീരഭാരം കുറയ്ക്കുന്നതിനും ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനും കാരറ്റ് പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാരറ്റ് സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തിലൂടെ. 

കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ഘടകം വിറ്റാമിന്‍ എ ആയി രൂപമാറ്റം വരുത്തുകയാണ് ചെയ്യുക. ഇതിനിടെ രക്തത്തിലെ ചീത്ത കൊളസ്‌ട്രേളിന്റെ അളവ് കുറയുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിന്റെ പഠനത്തില്‍ പങ്കെടുത്തുന്ന ഗവേഷകര്‍ വ്യക്തമാക്കി. 
രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. കാരറ്റ് കഴിക്കുന്നതിന്റെ മുഴുവന്‍ ഗുണവും ലഭിക്കുന്നതിന് വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്ന സജീവ എന്‍സൈം ആവശ്യമാണെന്ന് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. 

ബീറ്റാ കരോട്ടില്‍ ഹൃദയാരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനം കണ്ടെത്തുന്നതിന് മനുഷ്യരിലും എലികളിലുമാണ് പഠനം നടത്തിയത്. 

ആരോഗ്യമുള്ള 18-നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള 767 പേരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ രക്ത, ഡി.എന്‍.എ. സാംപിളുകളാണ് പരിശോധിച്ചത്. ബീറ്റാ കരോട്ടില്‍ വിറ്റാമിന്‍ എയിലേക്ക് രൂപമാറ്റം വരുത്തുന്ന ബീറ്റാ കരോട്ടിന്‍ ഓക്‌സിജെനേസ് 1(ബി.സി.ഒ 1) എന്ന എന്‍സൈമാണ് കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് കണ്ടെത്തി. 

ബി.സി.ഒ.1 കൂടുതല്‍ സജീവമായി നിലനിര്‍ത്തുന്നതിനു സഹായിക്കുന്ന ജനിതക ഘടകം ഉള്ളവരില്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതായിരുന്നു ഞങ്ങളുടെ ആദ്യ നിരീക്ഷണം-യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ഹ്യൂമന്‍ ന്യൂട്രീഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ജോമോ അമെന്‍ഗുവാല്‍ പറഞ്ഞു. ന്യൂട്രീഷന്‍ എന്ന ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ആദ്യ പഠനത്തിന്റെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ ഭാഗമായാണ് രണ്ടാമത് എലികളിലും ഗവേഷകര്‍ പഠനം നടത്തിയത്. ബീറ്റാ കരോട്ടിന്‍ എലികള്‍ക്ക്‌ നേരിട്ട് നല്‍കുകയാണ് ഇവിടെ ചെയ്തത്. ഈ എലികളുടെ ഹൃദയധമനികളില്‍ മറ്റുള്ളവയുമായി താരതമ്യം ചെയ്തപ്പോള്‍ കുറച്ചുമാത്രമേ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുള്ളൂവെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ജേണല്‍ ഓഫ് ലിപിഡ് റിസേര്‍ച്ചിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

Content highlights: carrots may help reduce heart risks study