ലോകമെമ്പാടുമായി ഭക്ഷണവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ നടക്കാറുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളും മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് കിട്ടും. ഡല്‍ഹിയിലെ തെരുവില്‍ ഉന്തുവണ്ടിയില്‍ ഭക്ഷണം വില്‍ക്കുന്ന ഒരു സംഘം ഭക്ഷണപ്രിയര്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുകയാണ്. അവരുടെ 20 മുട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ ഭീമന്‍ എഗ്ഗ് റോള്‍ 20 മിനിറ്റുകൊണ്ട് തിന്നു തീര്‍ക്കണം. മത്സരത്തില്‍ വിജയിച്ചാല്‍ 20000 രൂപ സമ്മാനമായി അവര്‍ നല്‍കും. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച എഗ്ഗ് റോള്‍ ഉണ്ടാക്കുന്ന വീഡിയോ ഇതുവരെ 9.3 ലക്ഷം പേരാണ് കണ്ടത്. 39,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് കിട്ടി. 

ഗോതമ്പ് മാവ് കുഴച്ച് ചപ്പാത്തി പരുവമാക്കും. അതിനുശേഷം ഈ മാവ് ദോശക്കല്ലില്‍ നന്നായി പരത്തും. ഒരു ഭാഗം വെന്തശേഷം ഇത് മറിച്ചിടും. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കും. മുട്ടയിലേക്ക് മസാല ചേര്‍ത്ത് ഇളക്കും. രണ്ടുവശവും വെന്തശേഷം ഇത് അടുപ്പില്‍നിന്ന് മാറ്റി വയ്ക്കും. തുടര്‍ന്ന് എഗ്ഗ് റോളിന് ഉള്ളില്‍വയ്ക്കാന്‍ ഹക്ക ന്യൂഡില്‍സ്, സോയ ചാപ്, പനീര്‍ ടിക്ക, സവാള, മയൊണൈസ്, നാരങ്ങാ നീര്, എരിവുള്ള മുളക് സോസ് എന്നിവ ചേര്‍ക്കും. നല്ല ചൂടുള്ള എഗ്ഗ് റോള്‍ മടക്കിയെടുത്ത് കൂടിനുള്ളിലാക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

Content highlights: can you finish this gigantic egg roll in 20 minutes you may win rs 20k