നീന ഗുപ്ത | Photo: Instagram
സസ്യാഹാരക്രമം പിന്തുടരുന്നവര് പോലും മുഖംതിരിക്കുന്ന പച്ചക്കറിയാണ് ചുരയ്ക്ക. ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ചുരയ്ക്ക രുചിയില്ലെന്ന് കരുതി പാചകത്തില്‍ നിന്ന് ഒഴിവാക്കുകയാണ് മിക്കവരും ചെയ്യുക. എന്നാല്‍, ചുരയ്ക്ക കൊണ്ട് വ്യത്യസ്തമായ ഒരു അടിപൊളി വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമില്‍ ഈ സ്പെഷ്യല്‍ വിഭവം തയ്യാറാക്കുന്നതിന്റെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
15 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന 'ലൗകി കാ ബര്താ' എന്നുപേരിട്ടിരിക്കുന്ന വിഭവമാണ് നീന തയ്യാര്‍ ചെയ്തിരിക്കുന്നത്.
വലിയൊരു ചുരയ്ക്ക എടുത്ത് രണ്ടായി പകുത്തെടുക്കണം. ഇതില്‍ ഫോര്‍ക്ക് ഉപയോഗിച്ച് പലയിടത്തായി കുത്തി, ചെറിയ കുഴികളുണ്ടാക്കണം. ശേഷം ഇതെടുത്ത് ഗ്യാസ് അടുപ്പില്‍ തീ കത്തിച്ചശേഷം ചുട്ടെടുക്കണം. ചുട്ടെടുത്ത ചുരയ്ക്കയുടെ മുകളിലുള്ള കറുത്ത തൊലികള്‍ നീക്കം ചെയ്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഇത് മിക്സിയിലിട്ട് ചെറുതായി അരച്ചെടുക്കുക.
ശേഷം ഒരു ചട്ടിയില്‍ കടുക് എണ്ണ ഒഴിച്ച് ചൂടായ ശേഷം സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുത്തതും സവാളയും നേരത്തെ അരച്ചുവെച്ചിരിക്കുന്ന ചുരയ്ക്കയും ചേര്‍ത്ത് വഴറ്റിയെടുക്കുക. കുറച്ചുനേരം കൂടി നന്നായി വഴറ്റിയെടുത്ത് കഴിയുമ്പോള്‍ സ്വാദിഷ്ടമായ വിഭവം തയ്യാറായിക്കഴിഞ്ഞു.
ഇതാദ്യമായല്ല, നീന വ്യത്യസ്തവും രുചികരവുമായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന അവര്‍ പാചകം ചെയ്യാനും താത്പര്യപ്പെടുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..