കോഴിക്കോട്: ഷാര്‍ജയിലായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കും അടുത്ത ഫ്‌ളാറ്റുകാര്‍ക്കും ചെറിയ ആഘോഷങ്ങള്‍ക്ക് കേക്ക് നിര്‍മിച്ച് നല്‍കിയാണ് തുടക്കം. അവര്‍ നല്‍കിയ പ്രോത്സാഹനത്തില്‍ നിന്നാണ് ഷിംനാസ് കേക്ക് എന്ന ബ്രാന്‍ഡിലേക്ക് വളര്‍ന്നത്. ബേക്കിങ്ങില്‍ ആയിരുന്നു ആദ്യ പരീക്ഷണം പിന്നീട് പുഡിങ്ങും മറ്റും സ്വയംപഠിച്ചു. രണ്ടുവര്‍ഷമായി കോഴിക്കോട് സ്ഥിരതാമസമാണ്. ഇവിടെ തിരിച്ചെത്തിയപ്പോള്‍ ആദ്യത്തെ കസ്റ്റമേഴ്‌സ് ബന്ധുക്കളും സുഹൃത്തുക്കളും തന്നെയാണെന്ന് ഷിംന പറയുന്നു.

ക്രീം ഉള്‍പ്പെടെയുള്ളവ വീട്ടില്‍ത്തന്നെ നിര്‍മിച്ചാണ് ഉപയോഗിക്കുന്നത്. കഴിക്കാന്‍ എറ്റവും ഇഷ്ടമുള്ളവയില്‍ ഒന്നാണ് കേക്ക്. അത് സ്വന്തമായി ഉണ്ടാക്കിപ്പഠിച്ചാല്‍ വാങ്ങിക്കഴിക്കേണ്ടല്ലോ എന്നായിരുന്നു ആദ്യമൊക്കെ ആലോചിച്ചിരുന്നത്. പിന്നീടത് സീരിയസായപ്പോള്‍ പല പരീക്ഷണങ്ങളും നടത്തി.

ഓര്‍ഡര്‍ കിട്ടാത്തപ്പോള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി കേക്ക് ഉണ്ടാക്കാറുണ്ട്. യൂ ട്യൂബ് നോക്കിയാണ് ഐസിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചത്. പിന്നീട് ഒരിക്കല്‍ ഒരു ദിവസത്തെ കേക്ക് പരിശീലനക്ലാസില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഷിംനാസ് കേക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കച്ചവടം. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിനായി കേക്ക് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ പിറന്നാളിനും ഷിംനയാണ് കേക്ക് നിര്‍മിച്ച് നല്‍കിയത്. കീറ്റോ ബ്രൗണി, ചീസ് ബ്രൗണി, വീറ്റ് കുക്കീസ് തുടങ്ങിയവയും ഷിംനയുടെ അടുക്കളയില്‍ തയ്യാറാണ്.

cake
മഞ്ജു ഗോപന്‍, റഹീഷ

കേക്കില്‍ മഞ്ജുവിന്റെ പരീക്ഷണങ്ങള്‍

മഞ്ജു ഗോപനെന്ന വീട്ടമ്മ കേക്കിന്റെ മധുരം കോഴിക്കോട്ടുകാര്‍ക്ക് പകര്‍ന്നുനല്‍കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. സുഹൃത്ത് രേഷ്മയില്‍നിന്നാണ് എങ്ങിനെയാണ് കേക്ക് നിര്‍മിക്കുന്നതെന്ന് പഠിച്ചത്. ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. കുട്ടികളുടെ പിറന്നാളാഘോഷങ്ങള്‍ക്കും മറ്റും കേക്ക് നിര്‍മിച്ചു നല്‍കി. ബാഹുബലി, സ്‌പൈഡര്‍മാന്‍, ഡോറ തുടങ്ങി ഇമോജികള്‍ വരെ കേക്കില്‍ പരീക്ഷിക്കുന്നുണ്ട്.

കേക്ക് കഴിച്ച് അഭിപ്രായം അറിയുന്നതുവരെ ടെന്‍ഷനാണ്. മുത്തശ്ശിയുടെ പിറന്നാളിന് ടു ലെയര്‍ കേക്ക് ഉണ്ടാക്കിക്കൊടുത്തു. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. കുടുംബത്തില്‍നിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. മകന്റെ സ്‌കൂളില്‍ അധ്യാപകദിനത്തില്‍ തീം കേക്ക് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. കുക്കീസുകള്‍ക്കും ലോഫുകള്‍ക്കും ധാരളം ആവശ്യക്കാരുണ്ട്.

സംഗീതസംവിധായകന്‍ എം. ജയചന്ദ്രന് ബനാന മുഫിന്‍സ് ഉണ്ടാക്കി നല്‍കിയത് വലിയ അനുഭവമായിരുന്നു മഞ്ജുവിന്.

ഉമ്മത്തിയുടെ പാഠങ്ങള്‍

മാങ്കാവ് പട്ടേല്‍താഴത്തുള്ള ഈ വീട്ടമ്മ കേക്ക് നിര്‍മാതാവ് എന്നതിനേക്കാളുപരി പാചക അധ്യാപിക കൂടിയാണ്. കേക്ക് നിര്‍മാണത്തില്‍ ഉമ്മത്തിയുടെ ഗുരു സ്വന്തം ഉമ്മയാണ്. ഓവന്‍ ഇല്ലാതിരുന്ന കാലത്തുതന്നെ ഉമ്മ കേക്കുകള്‍ ഉണ്ടാക്കുമായിരുന്നു. മകന് വേണ്ടിയാണ് ആദ്യം കേക്കുകള്‍ ഉണ്ടാക്കിത്തുടങ്ങിയത്. പുറത്തുനിന്ന് മായം ചേര്‍ത്തവ വാങ്ങേണ്ട എന്ന തീരുമാനമാണ് പ്രേരണയായതെന്ന് ഉമ്മത്തി പറയുന്നു.

പ്രതിമാസം പത്തില്‍കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട് ഇവര്‍ക്ക്. തേങ്ങകൊണ്ടുള്ള കേക്കാണ് ആദ്യം പരീക്ഷിച്ചത്. ഇപ്പോള്‍ എല്ലാ തരത്തിലുള്ള കേക്കുകളും നിര്‍മിച്ച് നല്‍കുന്നുണ്ട്. വീട്ടിലിരുന്ന് കേക്ക് നിര്‍മാണം പഠിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കായി ഉമ്മത്തിയുടെ വക യൂട്യൂബ് ചാനലുണ്ട്. ചോക്ലേറ്റുകള്‍ക്കും കുക്കീസിനും ആവശ്യക്കാര്‍ ഏറെയാണെന്ന് ഉമ്മത്തി പറയുന്നു.

cake
 ഉമ്മത്തി

റഹീഷയും തീം കേക്കുകളും

തീം കേക്കില്‍ സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിരുക്കുകയാണ് പുതിയറ സ്വദേശിയായ റഹീഷയെന്ന വീട്ടമ്മ. ഒന്നര വര്‍ഷത്തിലേറെയായി കേക്ക് നിര്‍മാണത്തില്‍ സജീവമാണ്. വിവാഹം, പിറന്നാള്‍, എന്‍ഗേജ്‌മെന്റ്, വാലൈന്റയിന്‍സ് ഡേ തുടങ്ങി സ്‌പെഷ്യല്‍ ദിനങ്ങള്‍ക്കായി കേക്ക് നിര്‍മിച്ച് നല്‍കുകയാണിവര്‍. യൂട്യൂബിലും ഫോണ്‍വഴിയും ഓണ്‍ലൈന്‍ സന്ദേശങ്ങളിലൂടെയും കേക്ക് നിര്‍മാണത്തിന്റെ ക്ലാസുകള്‍ എടുക്കുന്നുണ്ട് റഹീഷ. വീട്ടില്‍ വെറുതെയിരുന്നു മുഷിയുന്നതിന് പകരം വലിയ ചെലവില്ലാതെതന്നെ ജോലിചെയ്ത് പണമുണ്ടാക്കാം എന്ന ചിന്തയാണ് ഇവരെ ഈ മേഖലയിലേക്കെത്തിച്ചത്.

കോഴിക്കോട് നടന്ന ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ കേക്ക് നിര്‍മിച്ച് നല്‍കിയതാണ് എറ്റവും സന്തേഷം തോന്നിയ നിമിഷമെന്ന് റഹീഷ പറയുന്നു. ഒരുപാട് പാചക റാണിമാര്‍ ഉള്‍പ്പെടെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ ന്യൂജെന്‍ പരീക്ഷണങ്ങള്‍

പോക്കറ്റ് മണിക്കായാണ് ശ്രീലക്ഷ്മി കേക്ക് ഉണ്ടാക്കാന്‍ തുടങ്ങിയത്. ഒന്‍പത് വര്‍ഷമായി ഈ രംഗത്തുണ്ട്. നാലുവര്‍ഷംമുന്പാണ് കേക്ക് നിര്‍മാണത്തില്‍ ഡിപ്ലോമ ചെയ്തത്. ബന്ധുവായ സുലോചനയാണ് ഗുരു. പ്ലസ് ടു മുതലാണ് കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചുതുടങ്ങിയത്. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍ അടുത്തുള്ള കഫേകളില്‍ കേക്ക് നിര്‍മിച്ച് നല്‍കിയിരുന്നു. സ്വയംപര്യാപ്തത നേടുക എന്നൊരു ആഗ്രഹമാണ് ഇന്ന് കേക്കില്‍ എത്തിനില്‍ക്കുന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു. കേക്കിന് പുറമേ ഫ്രഞ്ച് മാക്രോണ്‍സ്, പാവ്ലോവ, ചോക്‌ലേറ്റ് ടോര്‍ട്ട് തുടങ്ങിയവയും ഉണ്ടാക്കുന്നുണ്ട്. പഴങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കേക്കുകള്‍കും എഗ്‌ലെസ്‌ കേക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

വിപണിയും  ഓണ്‍ലൈനില്‍

ഓണ്‍ലൈന്‍ ആണ് പ്രധാന വിപണി. ഫെയ്‌സ്ബുക്കിലെ പേജിലൂടെ ചെയ്ത കേക്കുകളുടെ ചിത്രങ്ങളും ചെറു കുറിപ്പും പോസ്റ്റ് ചെയ്യും. അതില്‍  സന്ദേശം അയക്കുന്നവര്‍ക്ക്  ഫോണ്‍ നമ്പര്‍ കൊടുത്ത് കേക്ക് കച്ചവടം നടത്തുകയാണ് പതിവ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്തും അതുകണ്ട് കേക്ക് അവശ്യപ്പെടുന്നവരും ഉണ്ട്. വാട്‌സാപ്പില്‍ സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ ഗ്രൂപ്പുണ്ടാക്കി അതില്‍ ഇവരുണ്ടാക്കുന്ന കേക്കുകളുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ഓര്‍ഡര്‍ ചെയ്യുന്നവരുണ്ട്. യൂ ട്യൂബാണ് മറ്റൊരു പ്രധാന വിപണി. കേക്കുകള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നവരും മറ്റും സംശയങ്ങള്‍ ചോദിച്ചും കേക്ക് അവശ്യപ്പെട്ടും കമന്റ് ചെയ്യും. കേക്ക് നിര്‍മാണക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആളുകള്‍ പരസ്പരം പറഞ്ഞറിഞ്ഞ് കുറെ ഓര്‍ഡറുകള്‍ കിട്ടാറുണ്ട്. വിദേശത്തുള്ളവര്‍ നാട്ടിലെ പ്രിയപ്പെട്ടവരുടെ വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്നതിനായി അവിടെ നിന്നും കേക്ക് ഓര്‍ഡര്‍ ചെയ്യാറുണ്ട്. ഓണ്‍ലൈനായാണ് പണമിടപാടും.

പ്രിയപ്പെട്ട കേക്കുകള്‍ ഇവ

കേക്ക് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. അതുകൊണ്ടുതന്നെ കേക്ക് നിര്‍മാണം ലളിതമായി ചെയ്യാന്‍ കഴിയുന്നതായി മാറി. ആഴ്ചയില്‍ ഒരു കേക്ക് നിര്‍മിച്ചുനല്‍കുന്നവര്‍  മുതല്‍ ദിവസവും രണ്ടും മൂന്നും ഓര്‍ഡര്‍ ഉള്ളവരടക്കം ഇക്കൂട്ടത്തിലുണ്ട്. ക്രിസ്മസ് കാലമായാല്‍ പ്ലം കേക്കുകള്‍ക്കാണ് ആവശ്യക്കാരേറെ. മറ്റ് സമയങ്ങളില്‍ തീം കേക്കുകളാണ് കൂടുതല്‍ വിറ്റുപോവുന്നത്. അതില്‍ കുട്ടികളുടെ പിറന്നാളിന് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വിവാഹത്തിന് സ്റ്റെപ് കേക്കുകളില്‍ പൂക്കളോ കപ്പിള്‍ ശില്പങ്ങളോ നിര്‍മിക്കും. ഫ്രൂട്ട് കേക്കുകള്‍ക്കും ആവശ്യക്കാരുണ്ട്. ഫ്രഷ് ഫ്രൂട്ടുകളും ഉണക്കപ്പഴങ്ങളും ഉപയോഗിക്കാറുണ്ട്. എഗ്‌ലെസ് കേക്കുകളും റസ്മലായി, വാഞ്ചോ, വെല്‍വെറ്റ്, ഓട്‌സ്, ഹെല്‍ത്തി കേക്കുകളും വാങ്ങുന്നവര്‍ ഏറെയാണ്. 

Content Highlights: cake baking lady entrepreneurs, christmas cakes