രാജ്യമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടനഗരമാണ് കൊല്‍ക്കത്ത. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ ഭക്ഷണങ്ങള്‍ ഇവിടെനിന്നു ലഭിക്കും. 

കൊല്‍ക്കത്തയിലെത്തിയ ബ്രിട്ടീഷ് സ്ഥാനപതി അലെക്‌സ് എല്ലിസ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് കൊല്‍ക്കത്തയിലെ ഭക്ഷണ പ്രിയരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പശ്ചിമബംഗാളിന്റെ തനത് രുചിയുള്ള രസഗുള കഴിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും മാധുര്യം നിറഞ്ഞ കൊല്‍ക്കത്തയിലെത്തിയതിൽ ഞാന്‍ വളരെ സന്തോഷവാനാണ്. കൊല്‍ക്കത്തയിലെ കെ.സി. ദാസ് ഔട്ട്‌ലെറ്റില്‍നിന്ന് ബംഗളാര്‍ രസഗുള കഴിച്ചു-ബംഗാളി ഭാഷയില്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഔട്ട്‌ലെറ്റാണ് കെ.സി. ദാസ.

നിറഞ്ഞ ചിരിയോടെ മണ്‍പാത്രത്തില്‍ രസഗുള കഴിക്കുന്ന എലക്‌സ് എല്ലിസിന്റെ ചിത്രം വളരെ വേഗമാണ് വൈറലായത്. പൂമാലയും നെറ്റിയില്‍ കുറിയും തൊട്ടാണ് അദ്ദേഹത്തെ കെ.സി. ദാസില്‍ സ്വീകരിച്ചത്. 

കൊല്‍ക്കത്തയിലെ പ്രശസ്തമായ മറ്റ് മധുരപലഹാരങ്ങളും ഭക്ഷണങ്ങളും കഴിച്ചുനോക്കണമെന്ന് ഒട്ടേറെപ്പേര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ബ്രിട്ടീഷ് സ്ഥാനപതി തന്റെ ഭക്ഷണത്തോടുള്ള താത്പര്യം നേരത്തെയും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലയില്‍നിന്ന് ടിഫിന്‍ ബോക്‌സ് സമ്മാനമായി സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Content highlights: british high commissioner tries rasgulla in kolkata desi twitter is overjoyed