ഹോട്ടലുകളില്‍ അപ്രതീക്ഷ സന്ദര്‍ശനം നടത്തി ഹോട്ടല്‍ ജീവനക്കാരെയും ജനങ്ങളെയും ഞെട്ടിക്കുന്ന വി.ഐ.പി.കളെ നമ്മുടെ നാട്ടിലും കാണാറുണ്ട്. എന്നാൽ, ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വന്ന ബ്രസീലിയൻ പ്രസിഡന്റിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

യു.എന്‍. യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കറങ്ങാനിറങ്ങിയതാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏതാനും മന്ത്രിമാരും. യോഗത്തിനുശേഷം ഇവര്‍ എല്ലാവരും അടുത്തുള്ള റെസ്‌റ്റൊറന്റില്‍ എത്തിയെങ്കിലും പ്രവേശനം നിഷേധിച്ചു. വാക്‌സിനെടുക്കാത്തതാണ് കാരണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിന്റെ തെളിവു കാണിച്ചാല്‍ മാത്രമാണ് യു.എസില്‍ ഹോട്ടലുകളില്‍ പ്രവേശനമുള്ളു. 

വാങ്ങിയ പിസ റെസ്റ്റൊറന്റിനു പുറത്തുനിന്നു നിന്നു കഴിക്കുന്ന ബൊല്‍സനാരോയുടെയും കൂട്ടരുടെയും ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.  

ബ്രസീലിയന്‍ ടൂറിസം മന്ത്രി ഗില്‍സണ്‍ മഷാഡോ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ യു.എന്‍. യോഗത്തിലേക്ക് വരേണ്ടതില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ജെ ബ്ലാസിയോ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. റെസ്റ്റൊറന്റിനു പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ബ്രസീലിയന്‍ നേതാക്കന്മാരുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. 

അതേസമയം, റെസ്റ്റൊറന്റിനു പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ബ്രസീലിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്. ചിലര്‍ ബൊല്‍സനാരോയുടെ എളിമയെ പുകഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ പ്രസിഡന്റിന്റെ വാക്‌സിന്‍ വിരുദ്ധതയെ വിമര്‍ശിച്ചു.

Content highlights: brazil president eats pizza on nyc streets after un meet twitter reacts