ചില ഭക്ഷണസാധനങ്ങളോട് നമുക്കുള്ള അടുപ്പം വളരെ വലുതായിരിക്കും. ചില കമ്പനികള്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങളിലായിരിക്കാം അടുപ്പം. കുട്ടിക്കാല ഓര്‍മകളുമായി ചേര്‍ന്നിരിക്കുന്നതായിരിക്കാം ചിലപ്പോള്‍. 

ബിസ്‌കറ്റ് ഉത്പാദനകമ്പനിയായ ബ്രിട്ടാനിയയുടെ പ്രമുഖ ബ്രാൻഡായ ബര്‍ബണ്‍ ബിസ്‌കറ്റിനെക്കുറിച്ചാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ച. ഫുഡ് ജേണലിസ്റ്റായ വീര്‍ സാങ്‌വി പങ്കുവെച്ച സംശയമാണ് ചര്‍ച്ചയ്ക്ക് ആധാരം. ബര്‍ബണ്‍ ബിസ്‌കറ്റിന്റെ ചിത്രം പങ്കുവെച്ച് ഈ ബിസ്‌കറ്റിന് ഇതിനേക്കാള്‍ നീളം കൂടുതലില്ലായിരുന്നോ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചത്. 

സാങ്‌വിയുടെ സംശയത്തിന് ബ്രിട്ടാനിയ കമ്പനി തന്നെ നേരിട്ട് ഉത്തരവുമായെത്തി. ബിസ്‌കറ്റിന്റെ വലുപ്പത്തിന് വ്യത്യാസമൊന്നുമില്ലെന്നും പ്രതീക്ഷകള്‍ വലുതാണെന്ന് തങ്ങള്‍ക്കറിയാമെന്നും കമ്പനി മറുപടി നല്‍കി. അവസാനമായി ബിസ്‌കറ്റിന്റെ വലുപ്പത്തില്‍ മാറ്റം വരുത്തിയത് എപ്പോഴാണെന്ന് വീര്‍ സാങ്വി കമ്പനിയോട് ചോദിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനി മറുപടി നല്‍കി. അതില്‍കൂടുതല്‍ വര്‍ഷമായി താങ്കള്‍ ഞങ്ങളുടെ ബിസ്‌കറ്റ് കഴിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി സാങ്വിയോട് പറഞ്ഞു.

ഇരുവരും തമ്മിലുള്ള സംഭാഷണം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. ചിലര്‍ ബിസ്‌കറ്റിന്റെ വലുപ്പം കുറഞ്ഞെന്ന സാങ്വിയുടെ അഭിപ്രായം ശരിവെച്ചു. ചിലര്‍ ബിസ്‌കറ്റുകളോടുള്ള തങ്ങളുടെ പ്രണയം പങ്കുവെച്ചു. വലുപ്പക്കുറവ് മാത്രമല്ല, ബിസ്‌കറ്റിന്റെ രുചിയിലും വ്യത്യാസമുള്ളതായി ഒരാള്‍ കമന്റു ചെയ്തു.

Content highlights: bourbon biscuit longer britannia responds to query about size