ക്ഷണത്തിലെ വൈവിധ്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. വിചിത്രമായ രുചികൾ ഒന്നിച്ചുണ്ടാക്കുന്നതും ഇന്ന് പുതുമയല്ലാതായി. ഐസ്ക്രീം ദോശയും ചോക്ലേറ്റ് ബിരിയാണിയുമൊക്കെ വൈറലായിട്ട് അധികമായില്ല. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും വ്യത്യസ്തമായ ഒരു ദോശയുടെ വീ‍ഡിയോ ആണ്.

ദോശക്ക് ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഈ ദോശയുടെ പേരിൽ സമൂഹമാധ്യമം രണ്ടുചേരികളായി തിരിഞ്ഞിരിക്കുകയാണ്. മറ്റൊന്നുമല്ല പഴങ്ങൾ കൊണ്ടുള്ള മസാലദോശയുടെ വീ‍ഡിയോ ആണത്. ഒന്നര മില്യണോളം പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. 

ഡൽ‌​ഹിയിൽ‌ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ചൂടാക്കിയ തവയിലേക്ക് ദോശമാവ് ഒഴിക്കുന്നതിൽ നിന്നാണ് വീഡിയാ ആരംഭിക്കുന്നത്. ശേഷം അൽപം ബട്ടർ മുകളിൽ പുരട്ടുന്നു.മൊരിയുന്നതിനിടയിൽ ഫ്രൂട്ട് മസാല തയ്യാറാക്കുന്നതും കാണാം.

അതിനായി പരത്തിയ ദോശയിലേക്ക് വിവിധ പഴങ്ങൾ അരിഞ്ഞുവച്ചത് ചേർക്കുന്നു. ആപ്പിളവും വാഴപ്പഴവും മുന്തിരിങ്ങയും ഡ്രൈ ഫ്രൂട്സുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇതിലേക്ക് അൽപം പനീർ കഷ്ണങ്ങളാക്കിയതും സോസുകളും വേണ്ട മസാല പൊടികളും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുന്നു. ഇനി ചീസ് മുകളിൽ വിതറി മിക്സ് ചെയ്തതിനുശേഷം ദോശ റോൾ ചെയ്തെടുത്ത് ആവശ്യാനുസരണം മുറിച്ചെടുത്ത് പ്ലേറ്റിൽ നിരത്തുന്നു.

ദോശ പ്രേമികളിൽ പലർക്കും ഈ പുത്തൻരുചി അത്ര പിടിച്ച മട്ടില്ല. ദോശയുടെ തനതുരുചി ഇല്ലാതാക്കി എന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്. പുതുരുചികൾ പരീക്ഷിക്കുന്നതിൽ തെറ്റില്ല, പക്ഷേ അവയെ നശിപ്പിച്ചു കൊണ്ടാവരുത് എന്നും ദോശയേ ഈ പാതകത്തിൽ നിന്ന് രക്ഷിക്കൂ എന്നും ദോശയോടെന്തിനീ ക്രൂരത എന്നുമൊക്കെ കമന്റുകൾ ചെയ്യുന്നവരുണ്ട്. എന്നാൽ അതോടൊപ്പം പുത്തൻ രുചികളെ സ്വീകരിക്കാൻ തയ്യാറാവണമെന്നും ആവശ്യക്കാർ കഴിച്ചാൽ മതിയല്ലോ നെ​ഗറ്റീവ് കമന്റുകൾ എന്തിനാണ് എന്നു ചോദിക്കുന്നവരുമുണ്ട്. 

Content Highlights: bizarre fruit dosa, weird food combinations, viral videos, dosa videos