കോവിഡ് പടര്‍ന്ന് പിടിച്ചതും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്ന സേവനത്തിന് സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണസാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു കൊടുക്കുന്ന രീതി അത്ര ജനകീയമായിട്ടില്ലെങ്കിലും പുറംനാടുകളില്‍ വലിയ സ്വീകാര്യതയാണുള്ളത്.

ഇങ്ങനെ ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനിടെ ഡ്രോണിനെ ആക്രമിക്കുന്ന കാക്കയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലാണ് സംഭവം.

പാക്കു ചെയ്ത ഭക്ഷണവുമായി പറന്നുയര്‍ന്ന ഡ്രോണിനടുത്തേക്ക് കാക്ക പറന്നടുക്കുന്നതും ഡ്രോണിനെ കൊത്താന്‍ നോക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. അതിനുശേഷം ശക്തിയോടെ ഡ്രോണിനെ കാക്ക കൊത്തി വലിക്കാന്‍ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കാക്ക പറന്നുപോയി. ഇതിനിടെ ഡ്രോണിൽ നിന്ന് താഴേക്ക് ഭക്ഷണം വീഴുന്നു. 

40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ അരലക്ഷത്തിലധികം പേരാണ് കണ്ടത്. ബെന്‍ റോബോര്‍ട്ട് എന്നയാളാണ് ഭക്ഷണം ഓഡര്‍ ചെയതത്. താന്‍ ഓഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് കാക്കഡ്രോണിനെ ആക്രമിക്കുന്നത് ഇയാള്‍ കണ്ടത്. മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തിയ ബെന്‍ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഇടുകയായിരുന്നു. 

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത് പക്ഷികളുടെ വഴി മനുഷ്യര്‍ തടസ്സപ്പെടുത്തിയാല്‍ അവര്‍ എന്തുചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്.

Content highlights: bird attacks food delivery drone internet reacts