ലുപ്പം കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഒട്ടേറെ വിഭവങ്ങളുണ്ടാകും. എന്നാല്‍, വലുപ്പം കൊണ്ടും മേക്കിങ് രീതി കൊണ്ടും കൊതിപിടിക്കുന്ന ഭീമന്‍ ചോക്കലേറ്റിന്റെ വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. 

റഷ്യന്‍ വംശജയായ കാമില ടേസ്റ്റി എന്ന ഫുഡ് ബ്‌ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ ഒന്നരക്കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകള്‍ വാരിക്കൂട്ടി ഈ വീഡിയോ ചോക്ലേറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍. 

ക്രീം, ക്രഞ്ചി തുടങ്ങി പല തരത്തിലുള്ള ചോക്‌ലേറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ചോക്ക്‌ലേറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫെറാറോ റോഷർ എന്ന മിഠായിയുടെ വലിയ പതിപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ന്യൂട്ടെല്ല ഉപയോഗിച്ചാണ് ഭീമന്‍ മിഠായിയുടെ ഉള്ളിലെ ക്രീം ഭാഗം തയ്യാറാക്കിയത്. മിഠായി തയ്യാറാക്കി കഴിഞ്ഞ് ഫെറാറോ റോഷറിന്റെ പുറംകവറും അതുപോലെ തന്നെ ഉണ്ടാക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. 

രണ്ട് കൈകള്‍ക്കൊണ്ടും ചുറ്റിപ്പിടിക്കാന്‍ അത്ര വലുപ്പത്തിലുള്ള മിഠായി ആണിത്. ഭീമന്‍ ചോക്ലേറ്റ് മിഠായി കണ്ട് വായില്‍ വെള്ളമൂറുന്നതായി ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ചിലരാകട്ടെ ഭീമന്‍ ചോക്ലേറ്റ് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി.

Content highlights: big chocolate, making video makes drool, viral on social media