മണം കൊണ്ടും ഗുണം കൊണ്ടും ഏവര്‍ക്കും പ്രിയപ്പെട്ടതാണ് പെനാപ്പിള്‍ അഥവ കൈതചക്ക. നിരവധി ഗുണങ്ങളുള്ള ഇവ ദഹനത്തിനും മികച്ചതാണെന്ന് പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് കിനിത കടാക്കിയ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പെനാപ്പിളില്‍ അടങ്ങിയ ബ്രോമാലിന്‍ എന്ന ഘടകം ദഹനപ്രശ്‌നങ്ങള്‍ക്ക് മികച്ചതാണ്. ഇതൊടൊപ്പം പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും പൈനാപ്പിള്‍ മികച്ചതാണ്. വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍  ധാരാളം പെനാപ്പിളില്‍ അടങ്ങിയിരിക്കുന്നു. പൈനാപ്പിള്‍ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ് - കിനിത പറയുന്നു

പെനാപ്പിളിന്റെ മറ്റ് പ്രധാനപ്പെട്ട ഗുണങ്ങള്‍

വാതരോഗത്തിനു വേദനസംഹാരി
സന്ധികളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പൈനാപ്പിളിലുണ്ട്. കൈതച്ചക്കയിലടങ്ങിയിട്ടുള്ള ഒരു എന്‍സൈം ആയ ബ്രോമെലെയ്ന്‍ വേദന ശമിപ്പിക്കുന്നതിനു സഹായിക്കും. അതുവഴി ചലനശേഷി മെച്ചപ്പെടും. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് കൈതച്ചക്കയെ പ്രകൃതിയുടെ ആസ്പിരിന്‍ എന്ന് വിളിക്കുന്നത്.

കണ്ണുകളുടെ ആരോഗ്യത്തിന്
ബീറ്റ കരോട്ടിന് എന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ട ഒന്നാണ്. പൈനാപ്പിളില്‍ ഇത് ധാരാളം ഉണ്ട്. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍  ഇത് സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ ഭക്ഷണരീതിയില്‍ കൈതച്ചക്ക ഉള്‍പ്പെടുത്തുന്നത് വഴി സാധിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് 
ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് പൊട്ടാസ്യം. പൈനാപ്പിള്‍ പൊട്ടാസിയം ലഭിക്കുന്നതിനുള്ള നല്ല ഉറവിടം ആണ്. മെഡിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു കപ്പ് പൈനാപ്പിളില്‍ 1 മില്ലിഗ്രാം സോഡിയം, 195 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട് എന്നതാണ്. 

എല്ലുകളുടെ ആരോഗ്യത്തിന് 
വൈറ്റമിന്‍ സി, അസ്‌കോര്‍ബിക് ആസിഡ് എന്നിവ കാരണം പൈനാപ്പിള്‍ സന്ധികളെ പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ടിഷ്യു ഉണ്ടാക്കാന്‍ അസ്ഥികള്‍, തരുണാസ്ഥികള്‍, ലിഗമന്റുകള്‍ എല്ലാം കൊളാജെന്‍ വളരെ വേണ്ടതാണ്. വൈറ്റമിന്‍ സി നിങ്ങളുടെ സന്ധികള്‍ ശക്തമായി നിലനിര്‍ത്താന്‍ ആവശ്യമായ കൊളാജെന്‍ ഉണ്ടാക്കുന്നതിനു സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തെ വേണ്ടുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. 

അമിതവണ്ണം കുറയ്ക്കാന്‍
ഒരു കപ്പ് പുതിയ പൈനാപ്പിളില്‍ 80 കലോറിയും, 22 ഗ്രാം കാര്‍ബോസ്, 1 ഗ്രാം പ്രോട്ടീന്‍, 2 ഗ്രാം ഫൈബര്‍ എന്നിവയും ഉണ്ട്. പ്രതിദിന വിറ്റാമിന്‍ സി ആവശ്യം 100 ശതമാനത്തിലധികം വരും. താഴ്ന്ന കലോറി ഭക്ഷണക്രമം കഴിക്കുമ്പോള്‍, പൈനാപ്പിള്‍ പോലെ നല്ല ആരോഗ്യം നിലനിര്‍ത്തുന്ന പോഷകഗുണങ്ങളുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പൈനാപ്പിള്‍ താഴ്ന്ന ഊര്‍ജ്ജ സാന്ദ്രതയുണ്ട്, അതായത് ഇതിന്റെ അളവ് താരതമ്യേന കുറച്ച് കലോറി നല്‍കും. ഇത് നാരുകളുടെ നല്ല സ്രോതസ്സാണ്, അതുവഴി ദഹനപ്രക്രിയ നന്നാക്കും. അതുവഴി ശരീരത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.

Content Highlights; benifits of pineapple