ച്ചക്കറികളുടെ കൂട്ടത്തില്‍ വലിപ്പം കൊണ്ടു തന്നെ മന്നനാണ് 'മത്തങ്ങ'. എന്നാല്‍, ഗുണങ്ങളിലും മത്തങ്ങ മന്നനാണെന്നുള്ളത് ഒട്ടുമുക്കാല്‍ പേര്‍ക്കും അറിയില്ല.  വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ (ബീറ്റാ കരോട്ടിന്‍) കലവറയാണ് മത്തങ്ങ. 

മത്തങ്ങ മാത്രമല്ല, അതിന്റെ ഉള്ളില്‍ കാണപ്പെടുന്ന വിത്തുകളും (കുരു) വളരെ പോഷകസമൃദ്ധമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറിന്റെ (യു.എസ്.ഡി.എ.) ന്യൂട്രീഷണല്‍
ഡേറ്റാബേസ് അനുസരിച്ച് രണ്ട് ടേബിള്‍സ്പൂണ്‍ മത്തങ്ങ വിത്തുകളില്‍ അടങ്ങിയിട്ടുള്ളത് ഇവയാണ്:

125 കലോറി 

  1. 15 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് (0 ഗ്രാം പഞ്ചസാരയും അഞ്ച് ഗ്രാം ഫൈബറും ഉള്‍പ്പെടുന്നു) 
  2. പ്രോട്ടീന്‍ അഞ്ച് ഗ്രാം 
  3. ദൈനംദിന ശരീരത്തിന് ആവശ്യമായ ഇരുമ്പ് അഞ്ച് ഗ്രാം 
  4. മത്തങ്ങയുടെ ആരോഗ്യാനുകൂല്യങ്ങളെ കുറിച്ച് നോക്കാം:
  5. കണ്ണ്: മങ്ങിയ വെളിച്ചത്തില്‍ നന്നായി കാണുന്നതിന് കണ്ണുകളെ സഹായിക്കുന്നതിന് വിറ്റാമിന്‍ 'എ' യുടെ പങ്ക് വളരെ വലുതാണ്. ഒരു കപ്പ് പാകംചെയ്യപ്പെട്ട മത്തങ്ങയില്‍, നമ്മുടെ ശരീരത്തിന് പ്രതിദിനം വേണ്ടുന്ന വിറ്റാമിന്‍ 'എ' കൂടുതല്‍ അടങ്ങിയിരിക്കുന്നു എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത്. 
  6. മത്തങ്ങയില്‍ സിങ്ക് ധാതുവിന്റെ അളവും ധാരാളം ഉണ്ട്. അത് നമ്മുടെ റെറ്റിന ആരോഗ്യമുള്ളതായി സൂക്ഷിക്കാന്‍ സഹായിക്കുന്നു. 

രോഗപ്രതിരോധ ശക്തി
മത്തങ്ങ ഒരുനേരം കഴിക്കുന്നതു വഴി നമ്മുടെ ദിവസേനയുള്ള ആവശ്യത്തിന്റെ എട്ടു ശതമാനം റിബഫ്ലാവിന്‍ ലഭിക്കും. റിബഫ്ലാവിന്‍ (വിറ്റാമിന്‍ 'ബി-2' എന്നും പറയും) ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. 

പതിവായി കഴിക്കുകയാണെങ്കില്‍, വ്യത്യസ്ത തരത്തിലുള്ള കാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കും, ചില തരത്തിലുള്ള സ്തനാര്‍ബുദങ്ങള്‍ ഉള്‍പ്പെടെ. ശക്തമായ 'ആന്റി ഓക്സിഡന്റ്' ശേഷി ഉള്ളതുകൊണ്ടാണിത് സാധിക്കുന്നത്. 

മറ്റ് ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികള്‍ പോലെ മത്തങ്ങയിലും ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റ് 'ബീറ്റാ കരോട്ടിന്‍' അടങ്ങിയിരിക്കുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ പ്രകാരം, ബീറ്റാ കരോട്ടിന്‍ കാന്‍സര്‍ പ്രതിരോധത്തിന് ഒരു പരിഹാരമാകാം. 

മത്തങ്ങ വിത്ത് അടങ്ങിയ ഭക്ഷണക്രമം വയര്‍, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ എന്നിവയില്‍ പിടിപെട്ടേക്കാവുന്ന കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. 

അമിതവണ്ണം
ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയില്‍ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയില്‍ ഏറ്റവും താഴ്ന്നതാണ്. എന്നാല്‍, നാരുകളുടെ അളവ് വളരെ കൂടുതലുമാണ്. അരക്കപ്പ് മത്തങ്ങയില്‍ കലോറിയുടെ അളവ് 40 ആണ്. 8 ഗ്രാം ഭക്ഷണ നാരുകളും മത്തങ്ങയുടെ ഉള്ളില്‍ അടങ്ങിയിരിക്കുന്നു.  

ഹൃദയം/ രക്തസമ്മര്‍ദം
മത്തങ്ങ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. അവയില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വളരെ ഉത്തമമാണ്. മഗ്നീഷ്യം ശരീരത്തിലുടനീളം കാത്സ്യം, പൊട്ടാസ്യം എന്നിവ എത്തിക്കാന്‍ സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെയും രക്തത്തിലെ പഞ്ചസാരയുടെ പരിപാലനത്തെയും മെറ്റബോളിസത്തെയും സഹായിക്കുന്നു. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠനം ചൂണ്ടിക്കാണിക്കുന്നത് ദിവസേനയുള്ള മഗ്നീഷ്യത്തിന്റെ ഉപയോഗം പ്രമേഹ രോഗബാധയെ 33 ശതമാനം കുറയ്ക്കുന്നതായി കണ്ടുവെന്നാണ്. മറ്റു പഠനങ്ങള്‍ കാണിക്കുന്നത് മഗ്നീഷ്യം വിഷാദത്തിനും മൈഗ്രെയിനിനും കുറവുണ്ടാക്കും എന്നാണ്.

ഉറക്കം
മത്തങ്ങ എങ്ങനെ സുഖനിദ്ര നല്‍കും എന്നല്ലേ? ശരീരത്തിന്റെ സുഖം, വിശ്രമം എന്നിവയ്ക്ക് വേണ്ട 'ന്യൂറോ ട്രാന്‍സ്മിറ്റര്‍ സെറോടോണിന്‍' ഉണ്ടാക്കാന്‍ ശരീരം ഉപയോഗിക്കുന്ന അമിനോ ആസിഡ് ആണ്  'ട്രിപ്‌റ്റോഫാന്‍'. മത്തങ്ങ വിത്തുകള്‍ 'ട്രിപ്‌റ്റോഫാനി'ന്റെ കലവറയാണ്. 

ഇത് മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, സെറോടോണിന്‍ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ചര്‍മസംരക്ഷണം 
മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ, ആല്‍ഫ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ ചര്‍മത്തിന് തിളക്കവും ഓജസും നല്‍കും. വിറ്റാമിന്‍ 'സി'യുടെ നല്ല ഉറവിടമാണ് മത്തങ്ങ. 

മൃദുലമായ ചര്‍മത്തിന് ദോഷകരമായതും ചുളിവുകള്‍ തുടങ്ങിയവയ്ക്ക് കാരണം ആയേക്കാവുന്നതുമായ 'ഫ്രീ റാഡിക്കല്‍ ഓക്സിഡിറ്റീവ്' തകരാറുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നതാണ് വിറ്റാമിന്‍ 'സി' യുടെ പ്രധാന ധര്‍മം. 

മത്തങ്ങ ജ്യൂസ് തേന്‍ ചേര്‍ത്ത് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസില്‍ ചെറുനാരങ്ങാ നീര്, തൈര്, എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി കുറച്ചുസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി. 

മുടി
മത്തങ്ങയില്‍ ധാരാളമായി ഉള്ള ഒന്നാണ് 'പൊട്ടാസ്യം'. പൊട്ടാസ്യം ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കുന്നു. മത്തങ്ങയുടെ വിത്തില്‍ നിന്നുണ്ടാക്കുന്ന എണ്ണ സിങ്ക്, മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവപോലുള്ള പോഷകങ്ങളാല്‍ സമൃദ്ധമാണ്. 

മത്തങ്ങയുടെ വിത്തില്‍ ലിനോലിയേക്കും ഒലിക് ആസിഡും  അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ആന്റിജന്‍ ലെന്‍സുകളുടെ അളവ് കൂട്ടുന്നതിന് സഹായിക്കും (ആന്റിജന്റെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകാം എന്ന് വിശ്വസിക്കപ്പെടുന്നു).

മത്തങ്ങയുടെ കൗതുക വിശേഷങ്ങള്‍
അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും എല്ലാ വര്‍ഷവും ഒക്ടോബര്‍ 31-ന് 'ഹാലോവീന്‍' എന്ന പേരില്‍ ഒരു ആഘോഷം നടത്താറുണ്ട്. ഹാലോവീന്‍ സമയത്ത് എവിടെ തിരിഞ്ഞാലും കാണാവുന്ന ഒരു കാഴ്ചയാണ് ഭംഗിയായി കൊത്തിവച്ചിരിക്കുന്ന മത്തങ്ങകള്‍. 

ഒക്ടോബര്‍ മാസത്തില്‍ മത്തങ്ങ വിളയിക്കുന്ന തോട്ടങ്ങളില്‍ പോയി നമുക്കിഷ്ടമുള്ള മത്തങ്ങ പറിച്ചെടുക്കാനും അത് വാങ്ങിക്കാനും സാധിക്കും. മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും വിവിധ തരത്തിലുള്ള മത്സരങ്ങളും ഉണ്ടാകാറുണ്ട്. 

പ്രധാനമായി മത്തങ്ങയില്‍ തീര്‍ത്ത കൊത്തുപണികളും പ്രച്ഛന്നവേഷ മത്സരവും ഉണ്ടാകും. മിക്ക വീടുകളുടെയും മുന്നില്‍ ഹാലോവീന്‍ സമയത്ത് മത്തങ്ങ വച്ചിരിക്കുന്നതും കാണാം. അന്നേ ദിവസം കുട്ടികളും മുതിര്‍ന്നവരും വത്യസ്തമായ ഹാലോവീന്‍ വേഷങ്ങള്‍ അണിഞ്ഞ് നിരത്തിലൂടെ നടക്കുകയും, കാര്‍ണിവലുകളില്‍ പങ്കെടുക്കുകയും ചെയ്യും. 

കുട്ടികള്‍ അയല്‍വീടുകള്‍ തോറും കയറിയിറങ്ങി 'Trick or Treat' എന്നു പറഞ്ഞുകൊണ്ട് അവിടെ നിന്ന് മിഠായികള്‍ ശേഖരിക്കും. ഹാലോവീന്‍ സമയത്ത് വീടുകളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളും കറികളും മത്തങ്ങ, മത്തങ്ങവിത്ത് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉള്ളവയായിരിക്കും. 

ലോകത്തെ ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം 2624.6 പൗണ്ട്‌സ് ആണ് (അതായത് 1190.5 കിലോഗ്രാം). ബെല്‍ജിയം നാട്ടുകാരനായ മാതിയസ് വില്ലേമിന്‍സ് ആണ് ഈ മത്തങ്ങയുടെ ഉടമ. അമേരിക്കന്‍ ഐക്യനാടുകളില്‍ 80 ശതമാനത്തോളം മത്തങ്ങയുടെയും വാങ്ങലും വിതരണവും നടക്കുന്നത് ഒക്ടോബര്‍ മാസത്തിലാണ്. 

Content Highlights: benefits of pumpkin