Curry Leaves
കാര്യം കഴിഞ്ഞ കറിവേപ്പില പോലെ എന്നൊരു പ്രസിദ്ധ പഴമൊഴിയുണ്ട്. കറികളില്‍ നിറച്ച് കറിവേപ്പിലയിട്ടാലും കഴിക്കാന്‍ നേരം ഇതെല്ലാം വേസ്റ്റ് പാത്രത്തിലേക്കാണ് പോവുക. എന്നാല്‍ പ്രോട്ടീനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്
രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം , ദഹനശക്തി കൂട്ടുകയും വയറ് ശുദ്ധിയോടെ കാത്തുസൂക്ഷിക്കാനും കറിവേപ്പില സഹായിക്കുന്നു. ആഹാരത്തിലൂടെ വയറ്റില്‍ എത്തിപ്പെടുന്ന വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കറിവേപ്പിലയ്ക്കുകഴിയും.
ജീവകം എ, ബി, ഇ എന്നിവയുടെ കലവറയായ കറിവേപ്പിലയില്‍ അന്നജത്തോടൊപ്പം ശരീരത്തിന് ഗുണകരമായ അമിനോ ആസിഡുകളും ആല്‍ക്കലോയിഡുകളും ഉണ്ട്. കറിവേപ്പിന്റെ ഇല ത്വഗ്രോഗങ്ങള്‍ക്കും വിഷജന്തുക്കളുടെയും കീടങ്ങളുടെയും കടിയേറ്റാല്‍ ഔഷധമായും പ്രയോഗിക്കാവുന്നതാണ്. കറിവേപ്പ് മരത്തിന്റെ തൊലിക്ക് ശീതഗുണമുള്ളതിനാല്‍, അര്‍ശസ്സ്, രക്തദൂഷ്യത്താലുണ്ടാകുന്ന ത്വഗ്രോഗങ്ങള്‍, വെള്ളപ്പാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധരൂപേണ ഉപയോഗപ്പെടുത്താറുണ്ട്. പ്രമേഹം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും കറിവേപ്പില ചേര്‍ന്ന ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുവരുന്നു. മികച്ച ആന്റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കുവാനും കറിവേപ്പിന് കഴിവുണ്ട്.
കറിവേപ്പിന്റെ കുരുന്നിലകള്‍ ചവച്ച്കഴിച്ചാല്‍ വയറ്റില്‍ നിന്നും ചോരയും ചളിയും കൂടി പോകുന്ന അസുഖത്തിന് ശമനം കിട്ടും. മോരില്‍ കറിവേപ്പില അരച്ചുകലക്കി കഴിച്ചാല്‍, ദഹനസംബന്ധിയായ അസ്വസ്ഥതകള്‍ അകലും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ആധുനികൗഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വയറിനുണ്ടാകാറുള്ള അസ്വസ്ഥതകള്‍ക്ക് കറിവേപ്പില അരച്ചുകലക്കിയ മോര് അതിവിശിഷ്ടമാണ്.
ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം, മരുന്നുകളുടെ വിഷാംശം നശിപ്പിച്ച് സ്വസ്ഥത വീണ്ടെടുക്കുകയാണ് ഈ പ്രയോഗത്താല്‍ സാദ്ധ്യമാകുന്നത്. തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പിനെ പണ്ടുമുതലേ ആശ്രയിച്ചുവരുന്ന കാര്യം അറിവുള്ളതാണ്. കുട്ടികളുടെ വിരശല്യം നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. ആറുമാസത്തിലൊരിക്കല്‍ വിരയിളക്കുന്നതിന് മരുന്ന് നല്കിയാലും മധുരപ്രിയരും പൊതുവെ ദഹനശക്തി കുറഞ്ഞവരുമായ കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃമിശല്യം പതിവാണ്. ആഴ്ചയിലൊരുദിവസം കറിവേപ്പിലനീര് ഒരൗണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത് നല്കിയാല് ഈ പ്രശ്നത്തിന് പരിഹാരമാകും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ എ യും ഇതു വഴി ലഭിക്കും.
കുട്ടികള്‍ക്കുള്ള വിഭവങ്ങളില്‍ കറിവേപ്പില ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. മുത്താറി കുറുക്ക് തയ്യാറാക്കുമ്പോള്‍ കറിവേപ്പില നീരും ശര്‍ക്കരയും ചേര്‍ത്താല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഇത് നെയ്പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ തണുപ്പിച്ച് കശുവണ്ടിപ്പരിപ്പ് വിതറി വിവിധ ആകൃതിയില്‍ മുറിച്ചാല്‍ പച്ചനിറത്തിലുള്ള ഹല്‍വ കുട്ടികളെ ആകര്‍ഷിക്കാതിരിക്കില്ല.
പച്ചരിപ്പൊടി കറിവേപ്പിലനീരും കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കി നാളികേരം ചുരണ്ടിയിട്ടാല്‍ വിശേഷസ്വാദുള്ള ഒരു ഭക്ഷണമായിരിക്കും. കറിവേപ്പിലയും മഞ്ഞളും രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ഇവയുടെ കൂട്ടായ ഔഷധപ്രയോഗം അലര്‍ജിമാറ്റും. കറിവേപ്പിലയുടെ ഞെട്ട്പോലും ഉപയോഗപ്പെടുത്തുന്ന കഷായക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.
Content Highlights: Benefits of curry leaves
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..