Image: Getty images
ബീറ്റ്റൂട്ട് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന്റെ മുഖ്യ കാരണം അതിന്റെ കടുത്ത നിറമാണ്. ബീറ്റലിന് എന്നു വിളിക്കപ്പെടുന്ന പ്രകൃതിദത്തമായ പിഗ്മെന്റ് ആണ് ബീറ്റ്റൂട്ടിന്റെ കടുത്ത നിറത്തിനു പിന്നില്‍. ബീറ്റ്റൂട്ട് വിദേശരാജ്യങ്ങളില്‍ സാലഡുകളില്‍ സ്ഥിരമായി ഇടംകണ്ടെത്തുന്ന ഒരു പച്ചക്കറിയാണ്. കേരളത്തില്‍ ബീറ്റ്റൂട്ട് എല്ലാവരും കഴിക്കുമെങ്കിലും ഈ പച്ചക്കറിയുടെ യഥാര്‍ത്ഥ ഗുണങ്ങളെപ്പറ്റി അറിയുന്നവര്‍ വളരെ ചുരുക്കമാണ്.
ബീറ്റ്റൂട്ട് എന്നാല്‍ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. കരള്‍, കിഡ്നി, അസ്ഥികള്‍, തലച്ചോറ്, കണ്ണുകള്‍ എന്നിവയ്ക്കെല്ലാം ഈ ഭീമന് റൂട്ട് പച്ചക്കറി കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങള്‍ ലഭിക്കുന്നു. ബീറ്റ്റൂട്ട് എന്ന പച്ചക്കറിയുടെ ഇലകളും തണ്ടും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. കിഴങ്ങിന് മധുരമാണെങ്കിലും തണ്ടിന് ചെറിയ കയ്പുരുചിയാണ്. ബീറ്റ്റൂട്ട് എന്നത് കൊഴുപ്പുകുറവായി കാണുന്ന ഒരു പച്ചക്കറിയാണ്. എന്നാല്‍ ധാരാളം വിറ്റമിനുകളും നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ്. ഒരു കപ്പ് വേവിക്കാത്ത ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ളത് - 58 കലോറി, 13 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് (9 ഗ്രാം പഞ്ചസാര, 4 ഗ്രാം നാരുകള്‍) 2 ഗ്രാം പ്രോട്ടീന്‍
രക്തസമ്മര്‍ദം കുറയ്ക്കാന്‍
ബീറ്റ്റൂട്ടിന്റെ ജ്യൂസ് കഴിക്കുന്നതു വഴി രക്തസമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് ദഹനപ്രക്രിയയുടെ ഭാഗമായി ശരീരം നൈട്രിക് ഓക്സൈഡാക്കി മാറ്റും. നൈട്രിക് ഓക്സൈഡ് ശക്തിയേറിയ ഒരു തന്മാത്രയാണ്. നൈട്രിക് ഓക്സൈഡ് കൊണ്ട് നമ്മുടെ ശരീരത്തിലെ രക്തധമനികള്‍ ശാന്തമാക്കാനും രക്തക്കുഴലുകളുടെ വലിപ്പം നേരിയതോതില്‍ വികസിപ്പിക്കാനും അതുവഴി രക്തസഞ്ചാരം സുഗമമാക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. ഇതേകാരണം കൊണ്ടു തന്നെയാണ് വ്യായാമം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്നു വര്‍ക്ക്ഔട്ട് സ്പെഷ്യലിസ്റ്റുകള്‍ പറയുന്നത്.
മൂല്യവത്തായ പോഷകങ്ങളും നാരുകളും
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റമിന്‍ സി, നാരുകള്‍, പൊട്ടാസ്യംപോലുള്ള അവശ്യ ധാതുക്കള്‍, (ആരോഗ്യമുള്ള നാഡി-പേശി പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്), മാംഗനീസ് (നിങ്ങളുടെ എല്ലുകള്‍, കരള്‍, കിഡ്നി, പാന്‍ക്രിയാസ് എന്നിവയ്ക്ക് വളരെ അത്യാവശ്യമുള്ളതാണ്). മഗ്നീഷ്യം, ഇരുമ്പ്, വിറ്റമിന്‍ എ, ബി 6, സി, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാലും പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.
മേധാക്ഷയ (ഡിമെന്‍ഷ്യ) സാധ്യത കുറയ്ക്കും
മുകളില്‍ വിവരിച്ചതുപോലെ ബീറ്റ്റൂട്ട് ജ്യൂസ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു. മസ്തിഷ്കത്തില്‍ നല്ല രക്തചംക്രമണം നിലനിര്‍ത്തുന്നത് മൂലം രക്തക്കുഴലില്‍ ഡിമെന്ഷ്യമൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കുന്നു. അതിനാലാണ് മറവി സംബന്ധിച്ച രോഗങ്ങള്‍ക്കും ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ് എന്നു പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള നൈട്രേറ്റ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഓക്സിജന്‍ ശരീരത്തിന് ലഭിക്കും. ഇത് മറവി പരിഹരിക്കാന്‍ കാരണമാകും.
കരളിനെയും കിഡ്നിയെയും വിഷമുക്തമാക്കും
നിങ്ങളുടെ കരള്‍, വൃക്കകള്‍ എന്നിവ നന്നായി പ്രവര്‍ത്തിക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീറ്റി റിപ്പോര്‍ട്ട് ചെയ്തത് ബീറ്റ്റൂട്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും കാരണമാകുന്നു. മറ്റു ഗവേഷണ പഠനങ്ങളും ചൂണ്ടി ക്കാണിക്കുന്നത് വൃക്കത്തകരാറുകള്‍ തടയുന്നതിനും വൃക്കരോഗങ്ങളുണ്ടാക്കുന്ന ഫ്രീ റാഡിക്കിള്സ് നീക്കം ചെയ്യുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുമെന്നാണ്.
വിളര്‍ച്ച (അനീമിയ) മാറ്റാന്‍
ചുവപ്പുരക്താണുക്കളില് കാണപ്പെടുന്ന തന്മാത്രയാണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിനാണ് രക്തത്തിന് ചുവപ്പുനിറം നല്‍കുന്നത്. രക്തകോശങ്ങളില്‍ കാണുന്ന ഈ ഹീമോഗ്ലോബിന്‍ തന്മാത്രകളാണ് ശരീരത്തിന് വേണ്ട ഓക്സിജനെത്തിക്കുന്നത്. ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ ഇരുമ്പ് (അയേണ്‍) വളരെ അത്യാവശ്യമായ പോഷണം ആണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുമ്പോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ബീറ്റ്റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥശിശുവിനും
ഗര്‍ഭസ്ഥശിശുക്കളുടെ സുഷുമ്നാ നാഡിയുടെ ശരിയായ രൂപവത്കരണത്തിനും അത്യാവശ്യ ഘടകമാണ് ഫോളിക് ആസിഡ്. കുട്ടികളില്‍ കണ്ടുവരുന്ന സ്പൈനല്‍ ബിഫിഡ പോലുള്ള അവസ്ഥയില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാന്‍ കഴിയുന്ന ഒന്നാണ് ഫോളിക് ആസിഡ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ സുഷുമ്നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കും.
കാന്‍സര്‍ പ്രതിരോധം
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഔഷധമെന്ന നിലയില്‍ രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു കിഴങ്ങാണ് ബീറ്റ്റൂട്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സയാനിന്, കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും. കൂടാതെ, ബീറ്റ്റൂട്ടില്‍ കാണപ്പെടുന്ന അദ്വിതീയ നാരുകളുടെ ഉയര്‍ന്ന നിലവാരം കോളന്‍ കാന്‍സറിനെതിരേ പ്രവര്‍ത്തിക്കുന്നു.
ബ്യൂട്ടി ആന്‍ഡ് ദി ബീറ്റ്റൂട്ട്
ചര്‍മസംരക്ഷണത്തിന് അത്യാവശ്യമായ വളരെയധികം പോഷകങ്ങള്‍ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്.
തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കുള്ള ഒരു സ്വാഭാവിക വഴിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന് അലിയിച്ചുകളയാന്‍ ഇതിനാകും.
ഫേഷ്യല്‍ പാക്ക്
2:1 ടേബിള്‍ സ്പൂണ്‍ അനുപാതത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ്, തൈര് എന്നിവ കൂട്ടിക്കലര്‍ത്തി ഫേസ് പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മത്തിന്റെ നൈസര്‍ഗിക സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.
താരന്
ബീറ്റ്റൂട്ട് ജ്യൂസ്, വിനാഗിരിയോടൊപ്പം ചേര്‍ത്ത് മുടിയില്‍ പുരട്ടുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകുക. ഇത് താരന് കാരണമുള്ള ചൊറിച്ചില്‍ തടയും. ബീറ്റ്റൂട്ടിന്റെ എന്‍സൈം സ്വഭാവം താരന് കുറയ്ക്കുകയും താരന് ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള സിലിക്ക മുടിക്ക് മൃദുത്വവും തിളക്കവും നല്കുന്നു.
തിളക്കമുള്ള മുഖത്തിന്
ഒന്നുരണ്ടു ബീറ്റ്റൂട്ട് കഷ്ണം വേവിച്ചതിനു ശേഷം, അത് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകള്‍ എന്നിവ ധാരാളമായി ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കുകയും ചെയ്യും.
മുഖത്തിന്റെ യൗവ്വനം നിലനിര്‍ത്താന്‍
തേനും പാലും ബീറ്റ്റൂട്ട് ജ്യൂസില്‍ മിക്സ് ചെയ്യുക. ആഴ്ചയില്‍ ഒരുതവണയെങ്കിലും നിങ്ങളുടെ മുഖത്ത് തേയ്ക്കുക. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകള്‍ കുറയ്ക്കുകയും പ്രകൃതിദത്തമായ തിളക്കം നല്‍കുകയും ചെയ്യും. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍, സ്ക്ലേലെന് എന്നിവ ചര്‍മത്തിലെ ഇലാസ്റ്റികത വര്‍ധിപ്പിക്കുകയും അതുവഴി മുഖത്ത് ചുളിവുകള്വരുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യും.
ചുണ്ടുകളുടെ നൈസര്‍ഗിക ചുവപ്പുനിറത്തിന്
ഉറങ്ങാന്‍പോകുന്നതിനു മുമ്പ് നിങ്ങളുടെ ചുണ്ടുകളില്‍ ബീറ്റ്റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കില്‍ ചുണ്ടിലെ പാടുകള്‍ മാറി ചുണ്ടുകള്‍ ഇളംനിറമായി മാറും. ബീറ്റ്റൂട്ടില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സന്തുലിതമായ ഗ്ലൂക്കോസ് അളവുകളുള്ള ഒരു വ്യക്തിക്ക് ഇത് ദോഷം ചെയ്യുകയില്ല, എന്നാല്‍ ഡയബെറ്റിക് മുതലായവയ്ക്ക് മരുന്നുകഴിക്കുന്നവര് ഭക്ഷണക്രമത്തില്‍ ബീറ്റ്റൂട്ട് സ്ഥിരമായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം. ബീറ്റാനിന് ആണ് ബീറ്റ്റൂട്ടിന് തനതു നിറം കൊടുക്കുന്നത്. ശരീരത്തില്‍ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാല്‍ ഉയര്‍ന്ന അളവില്‍ അത് മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു. ആയതിനാല്‍ ചിലപ്പോള്‍ ബീറ്റ്റൂട്ട് കഴിച്ചതിനു ശേഷം മൂത്രം രക്തംകലര്‍ന്ന നിറത്തിലാകും. അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. എന്നാല്‍ നിറവ്യത്യാസം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഡോക്ടറോട് പറയുക.
Content Highlights: Beet root and benefits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..