ആദ്യമായി ഐസ്‌ക്രീം രുചിക്കുന്ന കുഞ്ഞിന് അതെങ്ങനെയായിരിക്കും തോന്നുക? കുഞ്ഞുമകള്‍ ബ്ലാക്ക്ലി റോസ് ഐസ്‌ക്രീം രുചിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തിയിരിക്കയാണ് അമ്മ. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങള്‍ക്കൊണ്ടാണ് വൈറലായത്.

ഒരു സ്‌പെഷ്യല്‍ ഐസ്‌ക്രീമാണ് ഒമ്പതുമാസം പ്രായമായ കുഞ്ഞുമകള്‍ ബ്ലാക്ക്ലി റോസിന് അച്ഛന്‍ നല്‍കിയത്. ഐസ്‌ക്രീം ആദ്യമായി ചുണ്ടോടു ചേര്‍ത്തപ്പോള്‍ അവള്‍ ആദ്യമൊന്ന് ഞെട്ടി. കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു. അടുത്ത നിമിഷം തന്റെ ഇരുകൈകളും കൊണ്ട് ആ ഐസ്‌ക്രീം ചാടിപ്പിടിച്ച് ആര്‍ത്തിയോടെ ചുണ്ടോട് അടുപ്പിച്ച് കഴിച്ചുതുടങ്ങി. ഇതിനിടയില്‍ പിന്നിലോട്ട് മറിഞ്ഞുവീഴാന്‍ പോയതൊന്നും അവള്‍ അറിയുന്നില്ല. ശ്രദ്ധ ഐസ്‌ക്രീമില്‍ മാത്രം. ചിരിയോടെ അവളുടെ അച്ഛന്‍ അവളെ ചേര്‍ത്തുപിടിച്ച് ഐസ്‌ക്രീം കഴിപ്പിക്കുന്നു. മുഖത്തും ചുണ്ടിലുമെല്ലാം ഐസ്‌ക്രീം പുരണ്ട് വിടര്‍ന്ന കണ്ണുകളോടെയുള്ള ബ്ലാക്ക്ലിയുടെ വീഡിയോ അമ്മ ബ്രിട്ടാനി തന്നെയാണ് ഷൂട്ട് ചെയ്ത് ടിക് ടോക്കിലിട്ടത്. എന്തായാലും സംഗതി വൈറലായി.

ഒറ്റ ദിവസം കൊണ്ട് രണ്ട് മില്ല്യണ്‍ ലൈക്കുകളാണ് ഈ ടിക് ടോക് വീഡിയോക്ക് കിട്ടിയത്. വൈകാതെ മറ്റ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലും വീഡിയോ ടോപ്പ് ട്രെന്‍ഡിങ് ആയി. ആദ്യമായി ഐസ്‌ക്രീം രുചിക്കുന്ന കൊച്ചുപെണ്‍കുട്ടി എന്ന ടാഗുമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വൈറലാവുകയാണ് ഈ വീഡിയോ.

Content Highlights: baby's reaction trying ice cream for the first time, food