പിച്ചവെച്ചു നടന്നു തുടങ്ങിയിട്ടേയുള്ളു, കൊഞ്ചല്‍ മാറിയിട്ടില്ല. പക്ഷേ ഇതിലൊന്നുമല്ല കാര്യം. കക്ഷി ഒരൊന്നൊന്നര കുക്കാണ്. പറഞ്ഞു വരുന്നത് സമൂഹമാധ്യമത്തിലെ കുട്ടിക്കുറുമ്പന്‍ ഷെഫിനെക്കുറിച്ചാണ്. കാര്യം കുഞ്ഞാണെങ്കിലും ഭക്ഷണം കഴിക്കാന്‍ മാത്രമല്ല തയ്യാറാക്കാനും താന്‍ മിടുക്കനാണെന്നു തെളിയിക്കുന്ന വിരുതനാണിത്. 

ഇന്‍സ്റ്റഗ്രാമിലെ കോബി ഈറ്റ്‌സ് എന്ന പേജിലൂടെയാണ് ഈ കുറുമ്പന്റെ പാചക വീഡിയോകള്‍ പുറത്തു വരുന്നത്. അമ്മയുടെ സഹായത്തോടെയാണ് കോബിന്റെ പാചകം. പിസ, ചോക്കളേറ്റ് കേക്ക്, സാലഡ്, ചിക്കന്‍ എന്നു വേണ്ട കോബ് പരീക്ഷിക്കാത്ത വിഭവങ്ങളും കുറവാണ്. 

അമ്മയുടെ സഹായത്തോടെ കോബ് പാചകം ചെയ്യുന്നതില്‍ നിന്നാണ് ഓരോ വീഡിയോയും ആരംഭിക്കുന്നത്. കേക്ക് ഉണ്ടാക്കുകയാണെന്നിരിക്കട്ടെ മുട്ടയും ക്രീമുമൊക്കെ പാത്രത്തിനുള്ളില്‍ മാത്രമല്ല പുറത്തേക്കും പടര്‍ന്നിരിക്കും. വെള്ളം പാത്രത്തിലേക്ക് നേരിട്ടൊഴിക്കുമ്പോഴായിരിക്കും കക്ഷിക്ക് വെറുതേ നിലത്തുമൊന്നു തൂവാന്‍ തോന്നുന്നത്. പിന്നെ ആ കൗതുകം തീരും വരെ അതായിരിക്കും പരിപാടി. ഏറ്റവും രസകരം പാചകത്തിനിടയിലെ തീറ്റയാണ്. പഴമോ സ്‌ട്രോബറിയോ സാലഡ് കഷ്ണങ്ങളോ എന്തുമായിക്കൊള്ളട്ടെ തയ്യാറാക്കുന്നതിനിടയ്ക്ക് കക്ഷിക്ക് തോന്നിയാല്‍ അതു കഴിച്ച് ബാക്കിയേ പാചകത്തിന് ലഭിക്കൂ. 

അമ്മ പറയുന്നതു പോലെ ചെയ്യാനും കോബ് മിടുക്കനാണ്. നിന്നു പാചകം ചെയ്തുമടുത്താല്‍ അമ്മയുടെ ഒക്കത്തിരുന്നായിരിക്കും പാചകം പൂര്‍ത്തിയാക്കല്‍. ഇനി കുക്കിങ് കഴിഞ്ഞു ക്ഷീണിച്ച് താനുണ്ടാക്കിയ ഭക്ഷണം കക്ഷി ആസ്വദിച്ചു കഴിക്കുന്നതു കാണാനും ചേലാണ്. അമ്മയ്ക്ക് ഇരട്ടിപ്പണിയുണ്ടാക്കുമെങ്കിലും കുട്ടികോബിന് പാചകം വിട്ടൊരു കളിയില്ല.

Content Highlights:  Baby Chef Kobe Prepares Mouthwatering Dishes