സ്ട്രീറ്റ്ഫുഡ് എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. കൊറോണക്കാലം പലരുടെയും സ്ട്രീറ്റ്ഫുഡ് ഇഷ്ടങ്ങളെയാണ് താൽക്കാലികമായി അടക്കിവച്ചിരിക്കുന്നത്. എന്നാൽ വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിൽ സ്പർശനമില്ലാതെ സാമൂഹിക അകലം പാലിച്ച് സ്ട്രീറ്റ് ഫുഡ് കഴിക്കാമെന്നാണെങ്കിലോ? ഒന്നു ശ്രമിക്കുക തന്നെ ചെയ്യും എന്നാണെങ്കിൽ അത്തരക്കാരെ ആകർഷിക്കുന്നൊരു പാനിപൂരി വെൻഡിങ് മെഷീൻ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ തരം​ഗമാവുന്നത്. 

ഐഎഎസ് ഓഫീസറായ ആവനിഷ് ശരൺ ഈ വ്യത്യസ്തമായ പാനി പൂരി വീഡിയോ വൈറലാക്കിയിരിക്കുന്നത്. ഛത്തിസ്​ഗഡിലെ റായ്പൂറിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പൂരിയിൽ നിറയ്ക്കേണ്ട പാനീയ മിശ്രിതങ്ങളെല്ലാം വെൻഡിങ് മെഷീനിലൂടെ നൽകുന്നതാണ് വീ‍ഡിയോയിലുള്ളത്.

 

ഉപഭോക്താവിനു വേണ്ട പൂരി ഒരു പാത്രത്തിൽ നൽകുകയാണ് കടക്കാരൻ. വാങ്ങുന്നയാൾ വെൻഡിങ് മെഷീനിൽ വച്ചിരിക്കുന്ന ഓരോ പാനീയത്തിനു കീഴെയും പൂരി കാണിച്ച് മിശ്രിതം നിറയ്ക്കുന്നു. സെൻസറിലൂടെയാണ് പൂരി പിടിക്കുമ്പോഴേക്കും പാനീയം വീഴുന്നത്. 

എന്തായാലും കോവിഡ് കാലത്തെ നല്ലൊരു കണ്ടുപിടുത്തമാണ് ഇതെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്. നിലവിൽ ഇരുപത്തിയേഴായിരത്തിൽപ്പരം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

Content Highlights: Automatic Pani Puri Machine Viral Video