ഒഴുകുന്ന പിസ്സയും ആസ്വദിച്ച് കഴിക്കുന്ന ബഹിരാകാശ യാത്രികരും. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുനന ഒരു വീഡിയോ ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാഴ്ച്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ യാത്രികനായ തോമസ് പെസ്ക്വെറ്റ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ബഹിരാകാശ നിലയത്തിൽ നിന്നുള്ള കൗതുകകരമായ വീഡിയോകൾ പങ്കുവെക്കാറുള്ള തോമസ് പിസ്സ പാർട്ടിയുടെ വീഡിയോയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സഹയാത്രികർക്കൊപ്പം പിസ്സ ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. 

പിസ്സ ബേസ് എടുക്കുന്നതും അതിൽ ആവശ്യമായ ചേരുവകൾ നിറച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം. പിസ്സ ബേസും ചേരുവകളുമൊക്കെ ഒഴുകി നടക്കുന്നതും രസകരമായി അവ തയ്യാറാക്കുന്നതുമൊക്കെയാണ് വീ‍ഡിയോയിലുള്ളത്. ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്തിലും പിസാ പാർട്ടിയുണ്ടെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

Content Highlights: Astronauts enjoy floating pizza party at International Space Station