കോക്കനട്ട് നൂഡില്‍സ് സൂപ്പ്, നാസി ഗൊരേങ്ങും പിസാങ് ഗൊരേങ്ങും; പ്ലേറ്റ് നിറയെ ഏഷ്യന്‍രുചികള്‍


സിറാജ് കാസിം

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈ വിഭവങ്ങളുടെയൊക്കെ രുചി നുണയാന്‍ ഇപ്പോള്‍ ആ രാജ്യങ്ങളിലേക്കൊന്നും പോകണമെന്നില്ല. എല്ലാം ഇവിടെ നമ്മുടെ മുന്നിലെ തീന്‍മേശയില്‍ അണിനിരക്കുന്നുണ്ട്.

-

സ്റ്റാര്‍ട്ടറുകളായി തായ്‌ലന്‍ഡ് കോക്കനട്ട് നൂഡില്‍സ് സൂപ്പും സാത്തേ ബാലിനെസ് പ്രോണുമാണ് തീന്‍മേശയില്‍ ആദ്യമെത്തിയത്. പിന്നാലെ കറീഡ് പ്രോണ്‍ സ്യൂമായിയും ബീഫ് പെപ്പര്‍ ബാവോയും ഫയര്‍ ക്രാക്കര്‍ പ്രോണും വരവായി. സ്റ്റാര്‍ട്ടറുകളാല്‍ത്തന്നെ വയര്‍ പകുതി നിറഞ്ഞപ്പോള്‍ പിന്നാലെയതാ മെയിന്‍ കോഴ്‌സ് വിഭവങ്ങളുടെ വലിയൊരു 'മല' പ്രത്യക്ഷപ്പെടുന്നു. നാസി ഗൊരേങ് എന്നാണ് ആ ഇന്‍ഡൊനീഷ്യന്‍ 'മല'യുടെ പേര്. ഫ്രൈഡ് റൈസും പ്രോണ്‍ ക്രാക്കേഴ്‌സും ചിക്കന്‍ വിങ്‌സും പ്രോണ്‍ സാത്തേയും ചില്ലി സാംബലുമടക്കം സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിരതന്നെ അതില്‍ അണിനിരക്കുന്നുണ്ട്.

മെയിന്‍ കോഴ്‌സ് വയറിനകത്താക്കി ഒരുവിധം എഴുന്നേറ്റുപോകാമെന്ന് വിചാരിച്ചാല്‍ രക്ഷയില്ല. പിന്നാലെയതാ വരുന്നു ഡെസേര്‍ട്ടുകളുടെ വലിയൊരു ശ്രേണി. പിസാങ് ഗൊരേങ്ങും ലിറ്റില്‍ സോയി സ്ഫിയറും ഫൈവ് സ്‌പൈസ്ഡ് ആപ്പിള്‍ ടെമ്പുറ ഇന്‍ ഹണി സോസും കൂടി കഴിച്ചാല്‍ മാത്രമേ ഏഷ്യന്‍ മിക്‌സിങ്ങിന്റെ ടേസ്റ്റ് പൂര്‍ണമായി നമുക്ക് അനുഭവിക്കാന്‍ കഴിയൂ.

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈ വിഭവങ്ങളുടെയൊക്കെ രുചി നുണയാന്‍ ഇപ്പോള്‍ ആ രാജ്യങ്ങളിലേക്കൊന്നും പോകണമെന്നില്ല. എല്ലാം ഇവിടെ നമ്മുടെ മുന്നിലെ തീന്‍മേശയില്‍ അണിനിരക്കുന്നുണ്ട്. ഏഷ്യന്‍ വിഭവങ്ങളുടെ തീന്‍മേശകളൊരുക്കി കൊച്ചിയിലെ പല റസ്റ്റോറന്റുകളും രുചിയുടെ പുതിയ ലോകങ്ങള്‍ തുറന്നിടുമ്പോള്‍ ഭക്ഷണപ്രിയരും അങ്ങോട്ടേക്ക് ഒഴുകിയെത്തുകയാണ്.

food

രുചിയുടെ പുതിയ ലോകങ്ങള്‍

ചൈന, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മ്യാന്‍മാര്‍, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍,... ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ നിരകളൊരുക്കി പല റസ്റ്റോറന്റുകളും രുചിയുടെ പുതിയ ലോകങ്ങള്‍ തുറന്നിടുമ്പോള്‍ മലയാളികള്‍ എങ്ങനെയാണ് അതിനെ സ്വീകരിക്കുന്നത്? ചോദ്യത്തിന് ഉത്തരമായി എറണാകുളം കടവന്ത്രയിലെ ലിറ്റില്‍ സോയ് റസ്റ്റോറന്റില്‍ ചില കാഴ്ചകള്‍ തെളിയുന്നുണ്ട്. ''മലയാളികള്‍ പുതിയ രുചികള്‍ തേടി യാത്രചെയ്യുന്നവരാണെന്ന് ഉറപ്പിക്കുന്നതാണ് ഇവിടത്തെ കാഴ്ചകള്‍. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ തേടി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. പണ്ട് മലയാളികള്‍ക്ക് ഏഷ്യന്‍ റസ്റ്റോറന്റ് എന്നു പറഞ്ഞാല്‍ ചൈനീസ് വിഭവങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് ആ കാഴ്ചപ്പാട് മാറിയിരിക്കുന്നു. ലിറ്റില്‍ സോയ് റസ്റ്റോറന്റില്‍ നൂറിലേറെ ഏഷ്യന്‍ വിഭവങ്ങളുണ്ട്. ഇതില്‍ ചൈനയില്‍ നിന്നുള്ളത് പത്തോളം വിഭവങ്ങള്‍ മാത്രമാണ്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിഭവങ്ങള്‍ കേരളത്തില്‍ എത്താന്‍ തുടങ്ങിയതോടെ അതെല്ലാം കഴിക്കാന്‍ മലയാളികള്‍ക്ക് താത്പര്യമുണ്ട്. ഇവിടെ എത്തുന്നവരില്‍ ഏറെപ്പേര്‍ക്കും തായ് വിഭവങ്ങളോടാണ് കൂടുതല്‍ താത്പര്യം...'' ലിറ്റില്‍ സോയിയിലെ മാനേജര്‍ അഗസ്റ്റിന്‍ കെ. ബെന്നി പറയുമ്പോള്‍ അത് ശരിവെക്കുന്നതുപോലെ ഒരുപാടു പേര്‍ റസ്റ്റോറന്റിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു.

നാസി ഗൊരേങ്ങും പിസാങ് ഗൊരേങ്ങും

ഏഷ്യന്‍ വിഭവങ്ങളുടെ സ്വാദുതേടി എത്തുന്നവര്‍ക്കു മുന്നില്‍ നൂറിലേറെ വിഭവങ്ങള്‍ അണിനിരക്കുമ്പോള്‍ ഏത് കഴിക്കണമെന്ന കണ്‍ഫ്യൂഷനിലായിരിക്കും പലരും. ഏഷ്യയുടെ പല രുചികളും അറിഞ്ഞുള്ള ഒരു ലഞ്ച് എങ്ങനെ കഴിക്കുമെന്ന് ചോദിച്ചപ്പോള്‍ ഉത്തരവുമായി മുന്നിലെത്തിയത് നാഗാലാന്‍ഡുകാരി ജെമിറ്റ് നാരോയായിരുന്നു. പത്തോളം വിഭവങ്ങളുമായി ഒരു ലഞ്ച് കഴിക്കാമെന്നു പറഞ്ഞ് നാരോ ഒരു വലിയ പാത്രം മുന്നില്‍ കൊണ്ടുവന്ന് വെച്ചു. തായ് കോക്കനട്ട് നൂഡില്‍സ് സൂപ്പാണ് ആദ്യം മുന്നിലെത്തിയത്. പേര് സൂചിപ്പിക്കുന്നതുപോലെ തേങ്ങാപ്പാലില്‍ ഒരുക്കിയ ഒരു വെജിറ്റേറിയന്‍ സൂപ്പാണിത്. തായ്‌ലാന്‍ഡില്‍ നിന്നുതന്നെയുള്ള ഗ്രില്‍ഡ് ഐറ്റമായ സാത്തേ ബാലിനെസ് പ്രോണാണ് പിന്നാലെയെത്തിയത്. ചെമ്മീന്‍കൊണ്ട് തയ്യാറാക്കിയ ഈ വിഭവത്തിന് പിന്നാലെ കറീഡ് പ്രോണ്‍ സ്യൂമായിയും ബീഫ് പെപ്പര്‍ ബാവോയുമെത്തി. സ്യൂമായി ഒരുതരം മോമോ ആണെങ്കില്‍ റൊട്ടിയില്‍ സ്റ്റഫ് ചെയ്ത ബീഫ് വിഭവമാണ് പെപ്പര്‍ ബാവോ. ഇന്‍ഡൊനീഷ്യയിലും തായലാന്‍ഡിലുമൊക്കെ സൂപ്പര്‍ഹിറ്റായ ഫയര്‍ ക്രാക്കര്‍ പ്രോണാണ് പിന്നാലെയെത്തിയ വിഭവം. സ്റ്റാര്‍ട്ടറുകള്‍ കഴിഞ്ഞാണ് മെയിന്‍ കോഴ്‌സിലെ നാസി ഗൊരേങ് വരുന്നത്. ഇന്‍ഡൊനീഷ്യന്‍ വിഭവമായ ഗൊരേങ്ങില്‍ ഫ്രൈഡ് റൈസ്, പ്രോണ്‍ ക്രാക്കേഴ്‌സ്, ചിക്കന്‍ വിങ്‌സ്, പ്രോണ്‍ സാത്തേ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡൊനീഷ്യന്‍ സോസ് ആയ ചില്ലി സാംബലാണ് ഗൊരേങ്ങിലെ ആകര്‍ഷകമായ മറ്റൊരു ഇനം.

മ്യാന്‍മാറില്‍ നിന്നുള്ള ബര്‍മീസ് ഖാവോ സോയിയും മെയിന്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തുന്നവരാണ് കൂടുതല്‍പ്പേരും. നൂഡില്‍സും വെജിറ്റബിള്‍സും ചേര്‍ത്ത ഒരിനമാണ് ബര്‍മീസ് ഖാവോ സോയി. മെയിന്‍ കോഴ്‌സ് കഴിഞ്ഞ് ഡെസേര്‍ട്ടുകളായാണ് പിസാങ് ഗൊരേങ്ങും ലിറ്റില്‍ സോയ് സ്ഫിയറും ആപ്പിള്‍ ടെമ്പുറയുമൊക്കെ വരുന്നത്. പഴംവറുത്തതും തേനും ഇഞ്ചിയും കുഴച്ചതും ചേര്‍ത്തുണ്ടാക്കുന്ന ഇന്‍ഡൊനീഷ്യന്‍ ഡെസേര്‍ട്ടാണ് പിസാങ് ഗൊരേങ്. ചോക്ലേറ്റ് ബോളും സ്‌ട്രോബറിയും ബട്ടര്‍ സ്‌കോച്ചുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന സോയ് സ്ഫിയറും സൈഫ് സ്‌പൈസ്ഡ് ആപ്പിള്‍ ടെമ്പുറ ഇന്‍ ഹണി സോസും കൂടി കഴിക്കുമ്പോഴേക്കും തകര്‍പ്പനൊരു ഏഷ്യന്‍ ലഞ്ച് പൂര്‍ത്തിയാവുകയായി.

ഏഷ്യന്‍ കേരള സ്‌റ്റൈല്‍

ഏഷ്യന്‍ വിഭവങ്ങളുടെ വലിയൊരു നിരതന്നെ കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ അതെല്ലാം അതേപടി മലയാളികള്‍ സ്വീകരിക്കുന്നുണ്ടോ? ചോദ്യത്തിന് ഉത്തരം പറഞ്ഞത് ലിറ്റില്‍ സോയിയിലെ ചൈനക്കാരനായ ഷെഫ് പീറ്ററായിരുന്നു.

''ഓരോ രാജ്യക്കാര്‍ക്കും അവരവരുടേതായ രുചികളുണ്ട്. അതേസമയംതന്നെ മറ്റുള്ള ഇടങ്ങളില്‍ നിന്നുള്ള രുചികള്‍ നുണയാന്‍ അവര്‍ ആഗ്രഹിക്കാറുമുണ്ട്. മലയാളികള്‍ക്കു മുന്നിലേക്ക് ഏഷ്യന്‍ വിഭവങ്ങളുമായി ഞങ്ങള്‍ കടന്നുവന്നത് അവരെ നന്നായി പഠിച്ചിട്ടുതന്നെയാണ്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ച് നാനൂറിലേറെ വിഭവങ്ങള്‍ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു.

അതില്‍ എല്ലാം കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അത് ഇവിടെ സ്വീകാര്യമാകണമെന്നില്ല. എരിവും പുളിയും മധുരവുമൊക്കെ മലയാളികള്‍ എത്രമേല്‍ സ്വീകരിക്കുമെന്ന് പഠിച്ചുതന്നെയാണ് ഇതില്‍ തിരഞ്ഞെടുത്ത കുറെ വിഭവങ്ങള്‍ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. ചില വിഭവങ്ങള്‍ അതേപടി ഇവിടെ അവതരിപ്പിക്കുമ്പോള്‍ ചിലതില്‍ മലയാളികളുടെ രുചിക്ക് അനുസൃതമായി ചെറിയ കേരള ഫ്‌ളേവറൊക്കെ ചേര്‍ക്കേണ്ടതുണ്ട്. എങ്കിലും അടിസ്ഥാനപരമായി ഓരോ രാജ്യത്തിന്റേയും ടേസ്റ്റുകള്‍ നിലനിര്‍ത്തിത്തന്നെയാണ് നിങ്ങളുടെ തീന്‍മേശയിലേക്ക് ഓരോ ഏഷ്യന്‍ വിഭവവും എത്തിക്കുന്നത്...'' പീറ്ററിന്റെ വാക്കുകളില്‍ കേരളത്തിലേക്കെത്തുന്ന ഏഷ്യന്‍ വിഭവങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ തെളിഞ്ഞു.

Content Highlights: Asia's best dishes under one roof

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented