1990ല്‍ പുറത്തിറങ്ങിയ 'ഹോം എലോണ്‍' എന്ന ചിത്രത്തിന് ഈ കാലഘട്ടത്തിലും ആരാധകര്‍ ഏറെയാണ്. വീട്ടുകാര്‍ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനായി ബന്ധുവീട്ടിലേക്ക് പോകവേ വീട്ടില്‍ അബദ്ധത്തില്‍ തനിച്ചാവുകയാണ് കവിന്‍ മകലിസ്റ്റര്‍ എന്ന ആണ്‍കുട്ടി. ഒടുവില്‍ തനിച്ചായ വീട്ടില്‍ രണ്ടു കള്ളന്മാര്‍ കയറുന്നത് തടയാന്‍ കവിന്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇപ്പോഴിതാ ചിത്രത്തിലെ വീടിനു സമാനമായൊരു വീടാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. സംഗതി ജിഞ്ചര്‍ ബ്രെഡ് (ഒരിനം കേക്ക്) കൊണ്ടുണ്ടാക്കിയ കിടിലന്‍ ഹോം എലോണ്‍ വീടാണ്. 

ഹോം എലോണ്‍ സീരീസിലെ ആദ്യചിത്രം പുറത്തിറങ്ങിയതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജിഞ്ചര്‍ ബ്രെഡ് കൊണ്ട് ചിത്രത്തിലെ വീടിനു സമാനമായ രൂപം ഒരുക്കിയത്. കേക്ക് ഡിസൈനുകളുടെ പേരില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മിഷേല്‍ വിബോവോ ആണ് വ്യത്യസ്തമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. 

ജിഞ്ചര്‍ ബ്രെഡ് കൊണ്ട് ഹോം എലോണിലെ വീടിനെ അതേപടി പകര്‍ത്തി വച്ചിരിക്കുകയാണ് മിഷേല്‍. വീടിനു ചുറ്റുമുള്ള ക്രിസ്മസ് ഒരുക്കങ്ങള്‍ വരെ കേക്കില്‍ കാണാം. വീടിനു പുറത്തു നില്‍ക്കുന്ന കള്ളന്മാരെയും കെവിന്റെ ട്രീ ഹൗസുമൊക്കെ കേക്കിലും കൊണ്ടുവന്നിട്ടുണ്ട്. മഞ്ഞുപുതച്ചു കിടക്കുന്നതിന് സമാനമായാണ് ജിഞ്ചര്‍ ബ്രെഡ് ഹൗസ് തയ്യാറാക്കിയിരിക്കുന്നത്. 

ഡിസ്‌നിയുടെ പേജിലൂടെ വ്യത്യസ്തമായ ഈ കേക്കിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. സംഗതി ഉഗ്രനാണെന്നും സിനിമയിലെ വീടു പോലെയുണ്ടെന്നും ഇത്ര മനോഹരമായി തയ്യാറാക്കിയ ഹോം എലോണ്‍ വീട് എങ്ങനെയാണ് കഴിക്കാന്‍ തോന്നുക എന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Artist recreates Home Alone house in gingerbread