വേനല്‍ക്കാലത്ത് ശരീരത്തില്‍ കഫം ക്ഷയിക്കുന്നു. വാതപിത്തങ്ങള്‍ വര്‍ധിക്കുകയോ ക്ഷയിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് വേനല്‍ക്കാലത്ത് ഉപ്പ്, എരിവ്, പുളി കൂടുതലുള്ള ആഹാരപാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ചേര്‍ത്ത ചെറുനാരങ്ങാവെള്ളം തളര്‍ച്ചയ്ക്ക് താത്കാലികാശ്വാസമാകുമെങ്കിലും പിത്തവൃദ്ധിയെ ഉണ്ടാക്കും. മദ്യം, വ്യായാമം, വെയില്‍കൊള്ളല്‍ എന്നിവയും കഴിവതും ഒഴിവാക്കണം. എളുപ്പം ദഹിക്കാവുന്നതും എണ്ണമയമുള്ളതും തണുത്തതും ജലാംശം അധികമുള്ളതും ആയ ആഹാര പാനീയങ്ങള്‍ ചൂടുകാലത്ത് ഉചിതമാണ്. പഴച്ചാറുകള്‍, പഴങ്ങള്‍ എന്നിവ പ്രധാന ആഹാരത്തിനു മുമ്പായി കഴിക്കാം. ചെന്നെല്ലരിക്കഞ്ഞിയില്‍ പശുവിന്‍നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും നന്ന്. ചെന്നെല്ലരിച്ചോറ്, പാല്‍, നെയ്യ്, മുന്തിരിങ്ങ, നാളികേരവെള്ളം, പഞ്ചസാര എന്നിവ കഴിക്കുന്നത് വേനല്‍ക്കാലത്ത് ശരീരബലം കുറയാതെ നോക്കും.

തലയിലും മേലും എണ്ണ തേച്ച് കുളിച്ചശേഷം പ്രഭാതഭക്ഷണമായി കഞ്ഞിയോ മലര്‍കഞ്ഞിയോ നെയ്യ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇന്തുപ്പും പഞ്ചസാരയും ഇതില്‍ ചേര്‍ക്കാം. പുളിച്ച ദോശ, ഇഡ്ഡലി എന്നിവകളേക്കാള്‍ ഗുണം ചെയ്യുമിത്.

ഉച്ചയ്ക്ക് മാംസമോ മത്സ്യമോ ചേര്‍ത്ത് ഊണ് കഴിക്കാം. കാടമുട്ട, താറാവുമുട്ട എന്നിവയും നല്ലതാണ്. മത്സ്യമാംസാദികള്‍ പാകം ചെയ്യുമ്പോള്‍ ചുവന്ന മുളകിനുപകരം കുരുമുളകോ പച്ചമുളകോ ഉപയോഗിക്കണം. ഇഞ്ചി, ചുക്ക്, തിപ്പലി എന്നിവയും രുചിക്കനുസരിച്ച് ചേര്‍ത്ത് ഉപയോഗിക്കാം. വറുത്തവ, കൃത്രിമാഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. വെണ്ണ കടഞ്ഞെടുത്ത മോര് ധാരാളം കഴിക്കാം. മുളകോഷ്യം, കാളന്‍, ഓലന്‍, അവിയല്‍ എന്നീ കറികളാണ് ഈ കാലത്തു നല്ലത്. സാമ്പാറും രസവും കഴിവതും ഒഴിവാക്കുക. എന്നാല്‍ കുരുമുളക് രസം ദോഷകരമല്ല. ചുവന്ന മുളക് ചേര്‍ത്ത അച്ചാറുകള്‍ ഒഴിവാക്കണം. തേങ്ങാപ്പാല്‍ ചേര്‍ത്ത ഓലന്‍ അള്‍സര്‍പോലുള്ള രോഗങ്ങളെ നിയന്ത്രിക്കും. കായ, ചേന, പയര്‍, ഇടിച്ചക്ക, ഉണ്ണിപ്പിണ്ടി, പടവലം എന്നിവ കൊണ്ടുള്ള മെഴുക്കുപുരട്ടി നല്ലതാണ്. ചീര, മുരിങ്ങ എന്നിവയും കഴിക്കാം. കുമ്പളങ്ങ, വെള്ളരിക്ക എന്നിവ ധാരാളം ജലാംശം അടങ്ങിയ പച്ചക്കറികളാണ്. ഇഞ്ചിത്തൈര്, സാലഡുകള്‍, ഇഞ്ചി ചേര്‍ത്ത നാളികേരച്ചമ്മന്തി എന്നിവ ദഹനം സുഖകരമാക്കും.

രാത്രി ഭക്ഷണം, ഉറങ്ങാന്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. ദേഹശുദ്ധി വരുത്തിയശേഷം ചെന്നെല്ലരിച്ചോറ്, കഞ്ഞി, ഗോതമ്പ് കഞ്ഞി, പലഹാരങ്ങള്‍ എന്നിവ കഴിക്കാം. ഗോതമ്പ് ചില ദേഹപ്രകൃതിക്കാര്‍ക്ക് ചൂട് കൂട്ടും എന്നതിനാല്‍ പാല്‍ക്കഞ്ഞിയായി കഴിക്കുന്നതാണ് നല്ലത്.

ആഹാരത്തോടൊപ്പവും അല്ലാതെയും ഉപയോഗിക്കാവുന്ന നിരവധി പാനീയങ്ങളും 'പാനക'ങ്ങളും ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. രാമച്ചം, ചന്ദനം, ജീരകം, ചുക്ക്, മല്ലി, പതുമുകം, മുത്തങ്ങ തുടങ്ങിയവയിട്ട് തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിക്കുന്നത് ശരീരോഷ്മാവ് നിയന്ത്രിക്കും.

മുന്തിരിങ്ങ, ചക്ക, കദളിപ്പഴം, തേങ്ങ ചിരകിയത് എന്നിവ കറുവപ്പട്ട, ഏലത്തരി, നാഗപ്പൂവ്, പച്ചില, മാതളനാരങ്ങ എന്നിവകളോട് ചേര്‍ത്ത് പുതിയ മണ്‍പാത്രത്തിലാക്കി അടച്ചുവെച്ച് പുളിപ്പിച്ച് വീഞ്ഞുപോലെ കുടിക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ടുള്ള ക്ഷീണാവസ്ഥയെ ഇത് കുറയ്ക്കും. സൂര്യാഘാതത്തെ ഒരു പരിധിവരെ തടയുവാനും ഇതുകൊണ്ടു കഴിയും. തൈരില്‍ അല്ലെങ്കില്‍ മോരില്‍ പഞ്ചസാര, ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം എന്നിവ അടിച്ച് ചേര്‍ത്തുണ്ടാക്കുന്ന 'രസാളാ' കുടിക്കുന്നതും ഉന്‍മേഷം നല്‍കും. ഇഞ്ചി, കറിവേപ്പില, പച്ചമുളക് ചേര്‍ത്തുണ്ടാക്കുന്ന 'സംഭാരം', ശരീരത്തിലെ കൊഴുപ്പിനെയും ദുര്‍മേദസ്സിനെയും കുറയ്ക്കുവാന്‍ സഹായിക്കും. പഴച്ചാറുകള്‍, പാല്‍ ചേര്‍ക്കാതെ ഉപയോഗിക്കാം. പാല്‍, പഴച്ചാറുകളില്‍ ചേര്‍ത്താല്‍ അത് വിരുദ്ധാഹാരമായി മാറും.
മുന്തിരിങ്ങക്കഷായത്തില്‍ മലര്, ഏലത്തരി, കറുവപ്പട്ട, പച്ചില, മല്ലി എന്നിവയുടെ പൊടി, ശര്‍ക്കര, പഞ്ചസാര, കൂവപ്പൊടി, തേന്‍ എന്നിവ ചേര്‍ത്തുവെച്ചുണ്ടാക്കുന്ന 'രാഗം' എന്ന പാനകം, വേനല്‍ക്കാലത്തുണ്ടാകാവുന്ന വിളര്‍ച്ചയെ തടയും. ഇതില്‍തന്നെ മാതളനാരങ്ങകൂടി ചേര്‍ത്ത് 'ഷാഡബം' എന്ന പാനകവും നല്ലതാണ്.

രാത്രി കിടക്കാന്‍നേരം തണുത്ത എരുമപ്പാലില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ നല്ല ഉറക്കം കിട്ടും. കൂവ, ഉണങ്ങലരി തുടങ്ങിയവ പാലും പഞ്ചസാരയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പായസം വേനല്‍ക്കാലത്ത് കഴിക്കുന്നത് ഉചിതമാണ്. നാളികേരം ഇടിച്ചുപിഴിഞ്ഞുണ്ടാക്കുന്ന പായസമാണ് ഇതില്‍ ഏറ്റവും നല്ലത്.