നാട്ടിന്‍പുറത്തിന്റെ ഇട്ടാവട്ടത്തില്‍ നിന്ന് പുറത്തു പോയിട്ടില്ലാത്ത വല്യമ്മച്ചിയോട് അന്നൊരു ദിവസം, യൂറോപ്പില്‍ സ്‌നോഫാളുണ്ടായതിന്റെ തൊട്ടടുത്ത ദിവസം, ഉറഞ്ഞ മഞ്ഞില്‍ തെന്നി വീഴാതിരിക്കാന്‍ ഞാന്‍ പെട്ട പാടിനെ പറ്റി വിവരിക്കുമ്പോഴുള്ള ആ ഒരു നിര്‍വൃതിയുണ്ടല്ലോ, അതും പോരാതെ എല്ലാ വിവരണവും കേട്ട് ബഌങ്കസ്യാന്നിരിക്കുന്ന അമ്മച്ചിയോട് 'ഓ പുവര്‍ അമ്മച്ചി, യൂറോപ്പിലൊന്നും പോയിട്ടില്ലല്ലോ, പിന്നെ സ്‌നോഫാളിനെ പറ്റി ഒക്കെ എന്തറിയാന്‍' എന്നു സഹതപിക്കുകേം കൂടി ചെയ്യുമ്പോഴുണ്ടാകുന്ന ആ ഒരു കോള്‍മയിര്‍, അതായത് മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ എന്തേലും കാര്യം നമ്മള്‍ ചെയ്തൂന്ന് അവരെ പറഞ്ഞു കേള്‍പ്പിക്കുമ്പോഴുള്ള ആ ഒരു 'പൊങ്ങച്ചാനന്ദം'... ഉള്ള നാടു മുഴുവന്‍ വട്ടത്തിലും നീളത്തിലും അലഞ്ഞു നടക്കുന്ന എന്നോട് നമ്മുടെ നാട്ടിലെ  കള്ളുഷാപ്പ് രുചികളെ പറ്റി വിവരിക്കുമ്പോള്‍ എന്റെ ആണ്‍സുഹൃത്തുക്കള്‍ക്കും അത്തരം ഒരു ആനന്ദമാണ്  ഉണ്ടാവാറ്. കപ്പേം മീനും പോത്തുലര്‍ത്തീതും എല്ലാം കഴിച്ചതും അത്‌ന്റെ എരിവും പുളീം ഒക്കെ വിവരിച്ച് നമ്മളിങ്ങനെ വായിലൂടെ ഒരു കൊച്ചു ടൈറ്റാനിക്കോടിക്കാനുള്ളത്രേം വെള്ളവും നിറഞ്ഞ് നില്‍ക്കുമ്പോഴായിര്‍ക്കും ആ ഒരു 'നിര്‍വ്യാജമായ' സഹതാപ പ്രകടനം. 'ഇതൊക്കെ കഴിച്ചു തന്നെ അറിയണം, ശ്ശൊ പക്ഷെ നിനക്ക് കള്ളുഷാപ്പിലൊന്നും പോവാന്‍ പറ്റില്ലല്ലോ' എന്ന്. മൂക്കിടിച്ചു പരത്താന്‍ തോന്നും.

toddy special
ഇതൊക്കെയാണേലും ഇതൊക്കെ കേട്ട് കൊതി മൂത്തു അപേക്ഷിച്ചാല്‍ ആരെങ്കിലുമൊക്കെ ഷാപ്പു വിഭവങ്ങള്‍ പാര്‍സലായി കൊണ്ടു തരും. പക്ഷെ ആ ഒരു ആംബിയന്‍സ്... അതു വീട്ടിലിരുന്നു കഴിച്ചാല്‍ കിട്ടില്ലല്ലോ. എങ്ങനേലും ഒരു കള്ളുഷാപ്പില്‍ പോയി ആ ഒരു അന്തരീക്ഷത്തിലിരുന്ന് ആവോളം വെട്ടി വിഴുങ്ങണം എന്നതായി ഒരു മെയിന്‍  ജീവിതാഭിലാഷം. 
പിന്നെ ഏതു യാത്രയിലും എനിക്കു കേറാന്‍ പറ്റുന്ന കള്ളുഷാപ്പുണ്ടോ എന്നായി അന്വേഷണം. കള്ളുഷാപ്പുകളുടെ കാര്യത്തില്‍ എന്നെ ഏറ്റവും കൊതിപ്പിച്ച റൂട്ടായിരുന്നു ചങ്ങനാശേരി -ആലപ്പുഴ റോഡ്. റോഡ് സൈഡുകളില്‍ ഇടവിട്ടിടവിട്ട് കള്ളുഷാപ്പുകള്‍. യാത്ര ബസിലായിരുന്നതു കൊണ്ട് കള്ളുഷാപ്പ് കാണുമ്പം കാണുമ്പം ചാടിയിറങ്ങിപോയി അങ്ങോട്ടു കേറാന്‍ പറ്റില്ലാരുന്നൂന്നു മാത്രം. അതു കൊണ്ടെന്താ, കോഴി, പോത്ത്, പന്നി എന്നൊക്കെ കള്ളുഷാപ്പു ബോര്‍ഡുകളുള്ള ചങ്ങനാശേരി സൈഡില്‍ നിന്ന് ആലപ്പുഴ സൈഡിലെ  കൊഞ്ച്, കരിമീന്‍, ആവോലി കള്ളുഷാപ്പ് ബോര്‍ഡുകളിലേക്കെത്തീപ്പോഴേക്കും കൊതി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി കിട്ടി. കുറെ പേര് ഫാമിലി കള്ളുഷാപ്പുകള്‍ സജസ്റ്റ് ചെയ്തിരുന്നു.

 

പക്ഷേങ്കില്‍ എനിക്കതങ്ങു മനസില്‍ പിടിച്ചില്ല. നമ്മളങ്ങു കേറി ചെല്ലുന്നപാടെ 'ദാ ഫാമിലി റൂം അവിടാണേ' എന്നും പറഞ്ഞ് ഓരോ റൂമില്‍ കേറ്റി കുടിയിരുത്തും. പിന്നെന്തോന്ന് കള്ളുഷാപ്പ്. എന്റെ സങ്കല്പത്തിലെ കള്ളുഷാപ്പ് ഇങ്ങനൊന്നുമല്ല. അതിന് തെങ്ങോലയോ നിരപ്പലകയോ കൊണ്ടുള്ള ഭിത്തിയുണ്ട്. ആടുന്ന കാലുള്ള ബെഞ്ചും ഡെസ്‌കുമുണ്ട്. കള്ളും ഫുഡുമൊക്കെ യാതൊരു ഫോര്‍മാലിറ്റിയുമില്ലാതെ ആസ്വദിച്ചു കഴിക്കുന്ന കസ്റ്റമേര്‍സുണ്ട്. കള്ളും കുടിച്ച് ഡെസ്‌കില്‍ താളമിട്ടു പാടുന്ന സഹൃദയരുണ്ട്. എന്തിന് കുറയ്ക്കണം. എന്റെ സങ്കല്പ കള്ളുഷാപ്പിനു മുന്നില്‍ 'അന്തിക്കടപ്പുറത്തൊരോലക്കുടയും ചൂടി..' പാടി കുപ്പീം പിടിച്ച് നാടന്‍ ചുവടു വെയ്ക്കുന്ന മനോജ് കെ ജയനും മുരളീം വരെയുണ്ട്. അങ്ങനെ കള്ളുഷാപ്പുകളെ പറ്റി ഇമ്മിണി വല്യ സങ്കലപങ്ങളുള്ള എന്നെയാണ് ഇതു പോലെ ഫൈവ് സ്റ്റാര്‍ കള്ളുഷാപ്പുകളുടെ ഫാമിലി റൂമില്‍ തളച്ചിടാന്‍ നോക്കുന്നത്.. നടന്നതു തന്നെ..


കണ്ണൂരെ പറശ്ശിനി കള്ളുഷാപ്പ് എന്റെ റഡാറില്‍ പതിയുന്നത് തികച്ചും ആകസ്മികമായാണ്. എന്റെ കള്ളുഷാപ്പ് സ്വപ്‌നങ്ങള്‍ അറിയാവുന്ന കൂട്ടുകാരന്‍ അതു കൊണ്ടോന്ന് എന്റെ റഡാറില്‍ പതിപ്പിക്കുകയായിരുന്നു. പറശ്ശിനി മുത്തപ്പന്റമ്പലത്തെ പറ്റി പറയുന്നതിനിടെ  അതിന്റടുത്തുള്ള കള്ളുഷാപ്പ്‌നെ പറ്റി ഇങ്ങോട്ടു പറഞ്ഞു തരികയായിരുന്നു. അതിന്റെ വിവരണമൊക്കെ കേട്ടു   കഴിഞ്ഞപ്പോള്‍ മനസില്‍ ഒരു ലഡു പൊട്ടി. ഞാന്‍ തേടി നടക്കുന്ന കള്ളുഷാപ്പ് ഒരു പക്ഷെ ഇതാവാം. 
പ്രശാന്തസുന്ദരമായ ഒരു വൈകുന്നേരം ഞാനങ്ങോട്ട് തിരിച്ചു. എത്തിപ്പെടാന്‍ ഇത്തിരി പണിയാണ്. പറശ്ശിനി അമ്പലം കഴിഞ്ഞുള്ള പാലം ക്രോസ് ചെയ്ത് അപ്പുറത്തിറങ്ങി വലത്തോട്ടു തിരിഞ്ഞ് പാലത്തിനടിയിലേക്ക് ഇറങ്ങണം. പാലത്തിനടിയില്‍ വരെയേ വണ്ടി പോവൂ. പിന്നെ കാല്‍ നട തന്നെ ശരണം. ഒരു മൂന്നാലേക്കര്‍ തെങ്ങിന്‍ തോപ്പ്. അതിലാണ് ഈ കള്ളുഷാപ്പ്. ഈ സ്ഥലത്തിന്റെ പേര് നണിയൂര്‍ എന്നാണെങ്കിലും ഷാപ്പ് പറശ്ശിനി ഷാപ്പ് എന്നാണറിയപ്പെടുന്നത്. തെങ്ങിന്‍തോപ്പിനു നടുക്ക് ഒരു കൊച്ചു കുടില്‍. അതാണ് നമ്മുടെ ഷാപ്പ്. നല്ല ശാന്തമായ അന്തരീക്ഷം. തൊട്ടടുത്ത് പറശ്ശിനി പുഴ. പുഴയ്ക്കക്കരെ അമ്പലം. മൊത്തത്തില്‍ സംഭവമൊക്കെ എനിക്കിഷ്ടപ്പെട്ടു.

 

അവിടം വരെ എല്ലാം ഓക്കെ. ഷാപ്പിലേക്ക്  കേറി ചെന്ന് എന്റെ ആഗമനോദ്ദേശ്യം അറിയിച്ചപ്പോഴാണ് ദു:ഖവാര്‍ത്ത. അന്തിക്കള്ളൊക്കെ തീര്‍ന്നു പോയത്രേ. കള്ളില്ലേലും സാരമില്ല, കഴിക്കാന്‍ വല്ലതുമുണ്ടേലും ഞാന്‍ തൃപ്തിപ്പെട്ടോളാം എന്നങ്ങു ത്യാഗിണ്യായി ഞാന്‍. അതും തീര്‍ന്നു പോയി പോലും. വൈകുന്നേരം അഞ്ച് ആറു മണിയോടെ തുടങ്ങുന്ന കച്ചോടം മിക്കവാറും ഒന്നോ രണ്ടോ മണിക്കൂറോടെ തന്നെ ഷാപ്പിലെ അടുക്കള കാലിയായി അവസാനിക്കും. ഒക്കേം കേട്ട് ദു:ഖം കടിച്ചമര്‍ത്തി നില്‍ക്കുന്ന എന്റെ അവസ്ഥ കണ്ട് പാവം തോന്നീട്ടാവും 'ഒന്നു നില്‍ക്ക്. ഇവിടെ എന്തേലും ബാക്കി ഇരിപ്പുണ്ടോ എന്നു നോക്കട്ടേ'  എന്നും പറഞ്ഞ് അടുക്കളയിലേക്കു പോയ സന്തോഷ് (എന്റെ ഓര്‍മ്മ ശരിയാണെങ്കില് അതാണ് കള്ളുഷാപ്പിലെ ആ നല്ല ശമര്യാക്കാരന്റെ പേര്) ഒരു കുഞ്ഞുപാത്രവുമായാണ് തിരികെ പ്രത്യക്ഷപ്പെട്ടത്. അതിലെ ഞാനിന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു വിഭവം. കോഴീടെ വയറ്റിലെ മുട്ടക്കുല െ്രെഫ ചെയ്തതാണത്രേ. അതെങ്കിലത്. ഞാനാ പാത്രം നക്കി വടിച്ചു കഌനാട്ടാണ് തിരിച്ചു കൊടുത്തത്. ഇനിയൊരു ദിവസം രാവിലെ തന്നെ വന്ന് ഒക്കേം കഴിക്കണം എന്ന് ദൃഢപ്രതിജ്ഞയോടെയാണ് അന്ന് ആ പടിയിറങ്ങീത്.
പ്രതിജ്ഞ ഒന്നു തെറ്റിക്കാതെ അടുത്ത ദിവസം രാവിലെ തന്നെ ഞാനവിടെ ഹാജരായി. ഒട്ടും നിരാശയായില്ല. ഷാപ്പില്‍ കസ്റ്റമേര്‍സ് എത്തിത്തുടങ്ങിയിരുന്നു. ഒരു ബെഞ്ചിന്‍മേല്‍ ഞാനും സ്ഥാനം പിടിച്ചു. നിരപ്പലക ഭിത്തിയുള്ള ഓടു മേഞ്ഞ ഒരു കൊച്ചു പുര. ഉള്ളില്‍ കുറച്ചു ബെഞ്ചും ഡെസ്‌കും. ചായ്പ്പിലും ബെഞ്ച്ട്ടിട്ടൂണ്ട്. കള്ളുകുപ്പീം മുന്‍പില്‍ വച്ച് കറിയൊക്കെ തൊട്ടു നക്കി ആള്‍ക്കാരിരിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ ഒച്ചേം ബഹളോമൊന്നുമില്ല, തെങ്ങിന്‍തോപ്പില് ചുറ്റി തിരിയുന്ന കാറ്റ് കള്ളുഷാപ്പിലേക്കും എത്തുന്നു. പുറത്ത് കാക്കകളുടെ ബഹളം. ഷാപ്പിനു ചുറ്റും റോന്തു ചുറ്റുന്ന ഒരു പട്ടിക്കുട്ടി. പറശ്ശിനി പുഴയിലൂടെ നീങ്ങുന്ന തോണികള്‍. ആകപ്പാടെ നല്ല നാടന്‍ സെറ്റപ്പ്. കഴിക്കാനെന്താ എടുക്കേണ്ടത് എന്ന ചോദ്യം കേട്ട പാടേ എല്ലാം ഓരോ പ്‌ളേറ്റ് പോന്നോട്ടേന്ന് ഓര്‍ഡറും കൊടുത്തു. കൂടെ കുടിക്കാന്‍ കട്ടന്‍ കാപ്പീം. കള്ളുഷാപ്പില്‍ കേറി കുടിക്കാന്‍ കട്ടന്‍കാപ്പിയുണ്ടോന്നു ചോദിച്ച ആദ്യത്തെ ആളു ഞാനാണെന്ന് മൊത്തത്തിലുള്ള പ്രതികരണം കണ്ടപ്പോള്‍ മനസിലായി.
കള്ളില്‍ മായമുണ്ടോ എന്ന സംശയം കൊണ്ടാണ് അതിനെ ഞാന്‍ നിര്‍ദ്ദയം തഴഞ്ഞത് എന്ന് അവിടുള്ളോരു വിചാരിച്ചൂന്നു തോന്നുന്നു. ഒരു മായവുമില്ല, അവിടെ തന്നെ ചെത്തിയിറക്കുന്ന കള്ളാണെന്ന് അവിടിരിക്കുന്ന ആള്‍ക്കാരുറപ്പു തന്നു. കാലാകാലങ്ങളായി ഈ ഷാപ്പില്‍ നിന്നും ഒരു റൂട്ടീന്‍ പോലെ കള്ളു കുടിക്കുന്നവരുമുണ്ടത്രേ. അത് അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നു തോന്നീല്ല. എങ്കിലും പൊതുവെ കള്ളിന്റെ ടേസ്റ്റ് ഇഷ്ടമില്ലാത്തതു കൊണ്ടു മാത്രം, ജസ്റ്റ് ഒന്നു ടേസ്റ്റ് ചെയ്തതിനു ശേഷം ഞാന്‍ ഭക്ഷണ സാധനങ്ങളിലേക്കു തിരിഞ്ഞു. നല്ലൊന്നാന്തരം പൊടിക്കപ്പ, അപ്പം, കക്ക ഉലര്‍ത്തീത്, ചുവന്നു തുടുത്തിരിക്കുന്ന മീന്‍കറി, മസാല പിടിച്ച് തിങ്ങിവിങ്ങി  ഇരിക്കുന്ന ചിക്കന്‍കറി. ആകപ്പാടെ അര്‍മ്മാദം. കഴിച്ചു കഴിഞ്ഞിട്ടും അതിന്റെ എരിവും പുളിയുമൊക്കെ നാവില്‍  തത്തിക്കളിക്കുന്നുണ്ടായിരുന്നു.  കുടിയന്‍മാരുടെ നാക്കിന്റെ കാര്യത്തിലൊരിച്ചിരി ബഹുമാനമൊക്കെ തോന്നിപ്പോയി. സാധാരണ വീടുകളിലുണ്ടാക്കുന്നതിലും  ഒരിരിച്ചിരി അധികം എരിവും പുളിയും പിന്നെ രുചിയും. ഉണ്ടാക്കുന്ന പാത്രത്തിന്റെയും വിറകടുപ്പിന്റെയുമായിരിക്കും ഈ വ്യത്യാസമെന്ന് മനസ്സില്‍ ആശ്വസിച്ചു. 

വയറും മനസും നിറഞ്ഞാണ് അവിടുന്നിറങ്ങീത്. കാര്യം ശരിയാണ് ഷാപ്പിന്റകത്ത് പാട്ടും ഡാന്‍സുമൊന്നും കണ്ടില്ല. അവിടുള്ളോരൊക്കെ മര്യാദരാമന്‍മാരായിട്ടാണ് കള്ളു കുടിച്ചോണ്ടിരുന്നത്. എന്നാലും പോട്ടെ. ആ ഒരു ആമ്പിയന്‍സും തെങ്ങിന്‍തോപ്പും രുചികളുമൊക്കെ ധാരാളം മതി .എന്നെ  കള്ളുഷാപ്പ് ഫാന്‍സ് അസോസിയേഷന്റെ ആജീവനാന്ത മെമ്പറാക്കാന്‍. ഇത്രേമൊക്കെ ആയ സ്ഥിതിക്ക് കേരളത്തിന്റെ ദേശീയഭക്ഷണമായി കള്ളുഷാപ്പു ഫുഡിനെ അങ്ങവരോധിക്കാനും ഞാന്‍ റെഡി.