മനുഷ്യരുടെ തിരക്കും ജോലിയുടെ സംഘര്‍ഷങ്ങളും കൊണ്ട് തുന്നിക്കൂട്ടിയ നഗരം... മുംബൈ. മഹാനഗരത്തിലെ ചുട്ടുപൊള്ളുന്ന ജീവിതങ്ങളുടെ അരികുപറ്റി ഒരു യാത്ര...


വിക്ടോറിയ ടെര്‍മിനസിലെ പ്ലാറ്റ് ഫോമുകളിലൊന്നില്‍ ഒരു വണ്ടി വന്നുനിന്നു.അതിന്റെ വാതിലുകളില്‍ കൂടിയും ജനലുകളില്‍ കൂടിയും മനുഷ്യര്‍ ധിറുതി പിടിച്ചു പുറത്തുചാടാന്‍ തുടങ്ങി.കരിയും പൊടിയും പറ്റി കറുത്ത മനുഷ്യര്‍.ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു.''

(ആള്‍ക്കൂട്ടംആനന്ദ്)

കഥ പിറന്ന ഭൂമിയിലേക്ക് 40 വര്‍ഷത്തിനുശേഷമൊരു യാത്ര.വായിച്ചറിഞ്ഞ മുംബൈ ഏറെയൊന്നും മാറിയിട്ടില്ല.വി.ടി.സ്‌റ്റേഷനില്‍ തിരക്ക് ഒന്നുകൂടെ കൂടിയിട്ടുണ്ടെന്നുമാത്രം.നരിമാന്‍ പോയിന്റില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്നില്‍നില്‍ക്കുന്നവരുടെ മുഖത്ത് ഓഹരിവിപണിയിലെ കുതിപ്പും കിതപ്പും നല്‍കുന്ന പിരിമുറുക്കമുണ്ട്. കൊളാബയില്‍ സുരക്ഷാഉദ്യോഗസ്ഥരുടെ പൂച്ചക്കണ്ണുകള്‍ക്ക് കുറച്ചുകൂടെ ജാഗ്രത കൂടിയിട്ടുണ്ട്.ബോറിവ്‌ലിയിലും ചെമ്പൂരിലുമുണ്ടായിരുന്ന പഴയ അടുപ്പൂകൂടുപോലുള്ള വീടുകള്‍ അപ്രത്യക്ഷമായി. നെരൂളിലും മലാഡിലും പുത്തന്‍ഫ്‌ലാറ്റുകള്‍ ഉയര്‍ന്നുവരുന്നു.ധാരാവിയില്‍ യന്ത്രക്കൈകള്‍ കുഴിയെടുത്തുകൊണ്ടിരിക്കുന്നു.


ബോംബെ മുംബൈയായിട്ടും നഗരത്തിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന കലമ്പലിനുമാത്രം മാറ്റമൊന്നുമില്ല. ഇന്നും തീവണ്ടികള്‍ എത്രയോ പേരെ ഇവിടെ കൊണ്ടിറക്കുന്നു. ദൂരെ നാട്ടിന്‍പുറങ്ങളിലോ നദീതീരങ്ങളിലോ തരിശുഭൂമികളിലോ ജനിച്ചുവളര്‍ന്ന മനുഷ്യര്‍ ഇപ്പോഴും ഈ നഗരത്തിലേക്ക് തുരുതുരെ ആകര്‍ഷിക്കപ്പെടുന്നു.ഈ യക്ഷിയുടെ പിടിയില്‍ പെട്ടവര്‍ പിന്നെ തേടിവന്നതെല്ലാം മറക്കുന്നു.

കാവുഗലിയിലൊരു സ്‌ഫോടനം

നേരം പത്തുമണി. ബസ്സിലും ട്രെയിനിലും ഇടതടവില്ലാതെ ഇരമ്പുകയാണ് ജനക്കൂട്ടം.റോഡില്‍ സഞ്ചിയും കുടയുമായി ജോലിക്ക് പോവുന്നവരുടെ തിരക്ക്.മുഖത്തോട് മുഖം നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന നാട്ടുകാര്‍.ഈ ഓട്ടവും വെപ്രാളവും എന്നും കാണുന്നതുകൊണ്ടാവും ഇതിലെന്തിരിക്കുന്നു എന്ന മട്ടിലാണ് വി.ടി.സ്‌റ്റേഷന്റെ നില്‍പ്. ദിവസം രണ്ട് ലക്ഷത്തോളമാളുകളല്ലേ വി.ടി.യിലൂടെ കടന്നുപോവുന്നത്.

മുംബൈയുടെ ഓര്‍മയിലുണ്ട് മൂന്നുവര്‍ഷം മുമ്പുള്ള ആ നവംബര്‍.ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നവര്‍ക്കിടയിലേക്കാണ് അന്ന് ഭീകരവാദികള്‍ കടന്നുകയറിയത്. ആ തണുത്ത പ്രഭാതത്തില്‍ മുംബൈ കണ്ണീരിലുറഞ്ഞുപോയി.തലങ്ങും വിലങ്ങും വെടികളുതിര്‍ത്തുകൊണ്ട് ഭീകരര്‍ പേ പിടിച്ച് ഓടി.നരിമാന്‍ ഹൗസിലും താജ് മഹല്‍ ഹോട്ടലിലും വി.ടി.സ്‌റ്റേഷനിലും വെടിമരുന്നിന്റെയും രക്തക്കറയുടെയും ഗന്ധം തങ്ങിനിന്നു.അപ്പോഴും കീഴടങ്ങാതെ നിന്ന ഒന്നുണ്ടായിരുന്നു,മുംബൈയുടെ മനോവീര്യം.ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്കകം മഹാനഗരം അതിനുമേലെ ഉയിര്‍ത്തെണീറ്റു. ഒന്നും സംഭവിക്കാത്തപോലെ അത് പഴയപോലെ കലമ്പല്‍ കൂട്ടിത്തുടങ്ങി.മുകളില്‍നിന്ന് മുംബൈ അതെല്ലാം കാണുന്നുണ്ടായിരുന്നു.

ഈ ജനപ്പെരുപ്പത്തിനിടയില്‍ ഇനിയുമൊരു വെടിയൊച്ച മുഴങ്ങിയാല്‍...അപ്പോഴേക്കും ദാ പൊട്ടിക്കഴിഞ്ഞു,തൊട്ടടുത്ത 'കാവുഗലി'യില്‍ നിന്നൊരു രസഗുണ്ട്. കാവ് എന്നാല്‍ ഭക്ഷണം.ഗലി സ്ഥലവും.അവിടുത്തെ എരിവും മധുരവും പുളിയും നിറഞ്ഞ രസച്ചീളുകള്‍ക്ക് മുന്നിലേക്ക് തിരക്കുള്ള മനുഷ്യര്‍ വിശ്രാന്തി തേടിത്തുടങ്ങി.

ഭക്ഷണപ്രിയരുടെ സൂപ്പര്‍മാര്‍ക്കറ്റാണ് ഈ കാവുഗലി. ഇവിടെ കിട്ടാത്ത ഭക്ഷണമില്ല.പിടിക്കാത്ത ടേസ്റ്റും. പാവ്ബജിയും ബടാപാവും പൂരന്‍ബോളിയും തുടങ്ങി മുംബൈയിലെ തനിതറവാടികള്‍.ഒപ്പം ചൈനീസും ഇറ്റാലിയനും ഇറാനിയും.ദൈവമേ ഇന്നീ വയറൊരു പുത്തരിക്കണ്ടം മൈതാനിയാക്കണേ....

'ഓര്‍ഡറിട്ടാല്‍ പെട്ടെന്ന് ഫുഡ് കിട്ടും.പിന്നെ വിലക്കുറവുമുണ്ട്.ആളുകളെങ്ങനെ ഇടിച്ചുകയറാതിരിക്കും'ബജിയിലെ പച്ചമുളക് കടിച്ചുപോയതിന്റെ എരിവ് മുഖത്തുണ്ടെങ്കിലും സമൃദ്ധമായി ചിരിച്ചു മീനകപൂര്‍.ഐ.ടി.വിദഗ്ധയാണ്. 'ഞങ്ങള്‍ കുറേ ബാച്ചിലേഴ്‌സ് ഒരുമിച്ച് വില്ലേപാര്‍ലയില്‍ അപ്പാര്‍ട്ട്‌മെന്റിലാണ്. താമസവും ഭക്ഷണവും കുശാല്‍. ഇടയ്‌ക്കൊക്കെ വായ്ക്ക് രുചിയായി കഴിക്കാന്‍ ഈ കാവ്ഗലിയില്‍ വരും. ഇപ്പോള്‍ എല്ലാം കുഴപ്പത്തിലായെന്നേ.ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിന്റെ അടുത്ത് കുറേ പയ്യന്‍മാര്‍ താമസം തുടങ്ങി.അതോടെ ഫ്‌ലാറ്റിന്റെ ഓണര്‍ക്ക് ടെന്‍ഷന്‍.പുതിയ താമസം അന്വേഷിച്ചുള്ള നടപ്പാണ്' ശുദ്ധഹൃദയനായ ആ ഓണറെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. വെടിമരുന്ന് പുരയ്ക്കരികെ അറിഞ്ഞുകൊണ്ട് ആരെങ്കിലും തീപ്പെട്ടി സൂക്ഷിക്കുമോ.

വര്‍ഷങ്ങളായി ഭക്ഷണം കാണാത്തവരുടെ ആക്രാന്തമുണ്ട് ഈ മുംബൈക്കേഴ്‌സിന്. അത്രമാത്രം ഇടിയാണ് കാവുഗലിയിലെ ഓരോകടകള്‍ക്കുമുന്നിലും.ഗലിയുടെ പാതിയില്‍ ലെനിന്‍സ് പാവ്ബജി സെന്റര്‍.അതിന്റെ മെനുകാര്‍ഡില്‍ പ്രിയമുള്ളാരു പേര് പതിച്ചിട്ടുണ്ട്.'ബിരിയാണി... '.ഒന്നുവിളിച്ചപ്പോള്‍ ചുവന്നമുളകിന്റെ തട്ടമിട്ട് കുണുങ്ങിക്കുണുങ്ങി ആ റാണിയെത്തി.റൈസില്‍ റെഡ്ചില്ലിയും ഗരംമസാലയുമെല്ലാമിട്ട് ഒരു അവിയല്‍ പരുവം.പക്ഷേ അസ്സല്‍ ബിരിയാണിയുമായി പേരിനു മാത്രമേയുള്ളൂ കുടുംബബന്ധം.ഇതിന് ബിരിയാണിയെന്ന് പേരിട്ടവരെകണ്ടാല്‍ തലശ്ശേരിക്കാര്‍ എന്തുപറയും!.

വൈകിയുണരും നഗരം

വെളുപ്പിന് എണീറ്റു പഠിക്കാതെ മൂടിപ്പുതച്ചുറങ്ങുന്ന പത്താംക്ലാസുകാരനാണ് മുംബൈ.എങ്ങനെ തട്ടിയുണര്‍ത്തിയാലും ഒന്നുകോട്ടുവായിട്ട് എണീക്കാന്‍ പതിനൊന്ന് മണിയെങ്കിലുമാവും.'പാതിരവരെ നീളുന്ന ആഘോഷങ്ങളല്ലേ.പാട്ടും കൂത്തുമൊക്കെ തീരുമ്പോള്‍ പുലരാനാവും.പിന്നെയല്ലേ ഇവിടുത്തെ ഉറക്കം' മാട്ടുംഗയില്‍ ടെക്സ്റ്റയില്‍ കമ്പനിയിലെ സെയില്‍സ് മാനേജര്‍ മനീഷ് തിവാരി. മുഖത്ത് തലേന്നത്തെ ഹാങ്ങോവറുണ്ട് . ഒരു ഹായ് ബൈയില്‍ സൗഹൃദമൊതുക്കി തിവാരി പിടിവിട്ടുപോയി.മനുഷ്യരുടെ തിരക്കും ബിസിനസ്സിന്റെ സംഘര്‍ഷങ്ങളും കൊണ്ട് തുന്നിക്കൂട്ടിയ നഗരത്തില്‍ ആളുകള്‍ക്ക് അത്രയ്‌ക്കേ സമയമുള്ളൂ.

പക്ഷേ തങ്ങളുടെ പ്രിയനഗരത്തിന് എന്തെങ്കിലുമൊരു പ്രശ്‌നം വന്നാല്‍ മുംബൈക്കാരുടെ സ്വഭാവം മാറും.കണ്ണില്‍ ചോരയില്ലാത്തവരെന്ന പേരുദോഷം അവര്‍ മാറ്റിനിര്‍ത്തും.സഹജീവികള്‍ക്കുനേരെ കണ്ണുതുറക്കും. 1987ലെ ആ വെള്ളിയാഴ്ച സംഭവിച്ചതും അതായിരുന്നു. ഒരാണ്ടില്‍ പെയ്യേണ്ട മൊത്തം മഴ ആ ഒറ്റദിവസംകൊണ്ട് മുംബൈയില്‍ പെയ്തുതീര്‍ന്നു.വൈദ്യുതി നിലച്ചു.ടെലിഫോണ്‍ അറ്റുപോയി.ട്രെയിനുകള്‍ കിടന്നിടത്തുകിടന്നു.ശരിക്കും മുംബൈ കറങ്ങിപ്പോയി.അന്നത്തെ ദിവസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ദാദറില്‍ കണ്ടുമുട്ടിയ കൃഷ്ണന്‍നായര്‍.ജന്മംകൊണ്ട് തൃശ്ശൂരുകാരനാണ്.പക്ഷേ നാല്പതുവര്‍ഷമായി മുംബൈയില്‍തന്നെയാണ്.

''അന്ന് രാത്രി വീട്ടിലെത്താനാവാതെ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ 5000 പേരാണ് കിടന്നുറങ്ങിയത്.ആരും ആരെയും ഉപദ്രവിച്ചില്ല.വഴിയില്‍ വണ്ടികിട്ടാതെ കുടുങ്ങിക്കിടന്നവര്‍ക്ക് പലരും സ്വന്തം കാറില്‍ ലിഫ്റ്റ് നല്‍കി.ഒറ്റയ്ക്കുപോയ സ്ത്രീകളെ ആരും ശല്യപ്പെടുത്തിയില്ല.എല്ലാവരും നല്ല ശമരിയക്കാരായി.വീട്ടിലെത്താനാവാതെ വാവിട്ടുകരഞ്ഞവരെ ആശ്വസിപ്പിക്കാന്‍ ചുറ്റിലും ആളുകൂടി.വെള്ളപ്പൊക്കത്തില്‍ കൂര ഒഴുകിപ്പോയവര്‍ക്ക് ദാദറിലൊരു ഹോട്ടലുകാരന്‍ ആയിരം പാക്കറ്റ് ഭക്ഷണം വിതരണംചെയ്തു.'' ഇനിയെങ്കിലും കണ്ണില്‍ ചോരയില്ലാത്തവരെന്ന് മുംബൈക്കാരെ വിളിക്കരുതെന്ന് കൃഷ്ണന്‍നായര്‍ ഓര്‍മിപ്പിക്കുന്നു.


കരിങ്കല്ലും കുമ്മായവും അടുക്കിവെച്ച് ഉയര്‍ത്തി നിര്‍ത്തിയ ബല്ലാര്‍ഡ് എസ്റ്റേറ്റ് പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മുംബൈ ഓഫീസുകള്‍ തമ്പടിച്ചിരിക്കുന്ന ഏരിയയാണിത്.ഷിപ്പിങ്ങ് കമ്പനികളും ഹോട്ടലുകളും പോര്‍ട്ട് ഹൗസുമെല്ലാം നിറഞ്ഞ ബിസി ജങ്ഷന്‍.ജോലിയുടെ തത്രപ്പാടിനിടയിലായിരുന്നു പൂജാരാജ്. കോഴിക്കോട്ടുകാരിയാണ്.പരസ്യഏജന്‍സിയില്‍ ജോലി ചെയ്യുന്നു.''ഇവിടെ എല്ലാവരും എന്തൊക്കെയോ നേടാനുള്ള ഓട്ടത്തിലാണ്. രാവിലെ എണീക്കുമ്പോള്‍ തുടങ്ങുന്ന ഓട്ടം.ആരും ഒന്നുമറിയുന്നില്ല.'' മുംബൈ ജീവിതത്തെക്കുറിച്ച് പൂജ വേഗത്തിലൊരു നിരീക്ഷണം പാസാക്കി.നഗരജീവിതത്തിന്റെ സന്തോഷങ്ങളെക്കുറിച്ച് അവള്‍ എഴുതിയ കവിതയിലെ ചില വരികള്‍ പിന്നാലെ വന്നു.

''ഇവിടെ കണ്ടുമുട്ടുന്ന ഓരോ മുഖത്തും ജീവിതവും സന്തോഷവും കാണാം.ഇവിടെ എല്ലാവരും ഒറ്റയ്ക്കാണ്.ആരും ആര്‍ക്കും തുണയാവില്ല.ഇവിടുത്തെ ഓരോ തെരുവിനും തൂണിനും യാചകനും വരുന്ന ഓരോ പുതിയ ആള്‍ക്കും ഓരോ വ്യത്യസ്തകഥ പറയാനുണ്ടാവും.ഒരിക്കലെങ്കിലും ഇവിടെ വരണം.വന്നിട്ട് സ്‌നേഹം എന്തെന്ന് അറിയണം. ഏകാന്തതയെന്തെന്ന് അറിയണം.സന്തോഷമെന്തെന്നറിയണം.നിങ്ങള്‍ എന്താണെന്നറിയണം...'' ദൈവമേ, ആരാണിവള്‍.


ധാബാവാലയുടെ പിന്നാലെ

നവംബറിന്റെ ചൂടില്‍ നഗരം തിളച്ചുതുടങ്ങി.ഇടയ്ക്കിടെ ഒരു നനുത്ത കാറ്റുവന്ന് ആശ്വാസം പകരുന്നുണ്ട്.സമയം 11 മണി.ബൂട്ട് പോളീഷ് വാലകള്‍ പീടികകള്‍ തുറന്നുകഴിഞ്ഞു.ഗലികളിലേക്കുള്ള ഇടനാഴികളില്‍ കിടന്ന് ഉറങ്ങുകയും ഭക്ഷിക്കുകയും തല്ലുകൂടുകയും ചെയ്യുന്ന പയ്യന്‍മാര്‍. കാല്‍മുട്ടുകളില്‍ താടിതാങ്ങി കുന്തിച്ചിരുന്ന് രാത്രി മുറിഞ്ഞ ഉറക്കം മുഴുവനാക്കാന്‍ മെനക്കെടുന്ന ഫുട്പാത്ത് വാസികള്‍.
ചര്‍ച്ച്‌ഗേറ്റ് സ്റ്റേഷന്‍ വെള്ളത്തൊപ്പിക്കാരുടെ പിടിയിലായി കഴിഞ്ഞു.രാവിലെ ഓഫീസിലോട്ടുപോയ മുംബൈക്കാരെ ഊട്ടാന്‍വേണ്ടി ചോറ്റുപാത്രം അയയ്ക്കുന്ന തിരക്കിലാണ് ഈ ധാബാവാലകള്‍. മുംബൈയുടെ ആത്മാര്‍ത്ഥതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ദിവസം രണ്ടുലക്ഷം പേരുടെ ചോറ്റുപാത്രങ്ങള്‍ കടുകിട തെററാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന മിടുക്ക്.നൂറ്റാണ്ടുപിന്നിട്ട ഇവരുടെ സര്‍വീസിന് ഗിന്നസ് റെക്കോഡില്‍ പോലും പതിഞ്ഞ കൃത്യനിഷ്ഠ.

പത്ത് പതിനഞ്ച് ചോറ്റുപാത്രങ്ങള്‍ അടുക്കിവെച്ചുകൊണ്ട് ഒരു ധാബാവാല നടന്നെത്തി.ഷേവ് ചെയ്യാത്ത മുഖത്ത് വെറ്റിലക്കറ പറ്റിയ പല്ലുകള്‍ പുറത്തുകാണുന്നു.''രാവിലെ വീടുകളില്‍ നിന്ന് ഭക്ഷണം ശേഖരിക്കും.അത് സ്‌റ്റേഷനിലെത്തിച്ച് ട്രെയിന്‍ കയറ്റും. എത്തേണ്ട സ്റ്റേഷനിലും ആളുണ്ടാവും.അവര്‍ പാത്രങ്ങള്‍ ശേഖരിച്ച് മേല്‍വിലാസക്കാരന് എത്തിക്കും.ഭക്ഷണം കഴിഞ്ഞാല്‍ ഇതേപോലെ പാത്രങ്ങളും തിരിച്ചെത്തും.ഒരു കുടുംബത്തിന് കഴിഞ്ഞുകൂടാനുള്ള തുക സമ്പാദിക്കാം.മാസം ആറായിരം രൂപയൊക്കെ കിട്ടുന്നുണ്ട്.'' താനെക്കാരനാണ് സുനില്‍ റാവു. 40 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറി.അന്നുമുതല്‍ ധാബാവാലയായി ജോലി ചെയ്യുന്നു.

സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ ലൗഡ് സ്പീക്കര്‍ വണ്ടികളുടെ വരവും പോക്കും പ്രഖ്യാപിച്ചു.ഇന്‍ഡിക്കേറ്ററിലെ വെളിച്ചങ്ങള്‍ കെടുകയും കത്തുകയും ചെയ്തു.അപ്പോള്‍ ബോറിവ്‌ലിയിലെ വീട്ടില്‍നിന്ന് ലോവര്‍ പരേഖിലെ ഓഫീസിലേക്കുള്ള ട്രെയിനിലായിരുന്നു പ്രഭാ നാരായണപിള്ള. കഥാകൃത്ത് എം.പി.നാരായണപിള്ളയുടെ ഭാര്യ ,ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയിലാണ് പ്രഭയ്ക്ക് ജോലി.41 വര്‍ഷമായി അവര്‍ മുംബൈയുടെ പ്രഭാവലയത്തിലാണ്.

''രാത്രി പത്തുമണി കഴിഞ്ഞും പേടിക്കാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാം.നാണപ്പനുള്ളപ്പോഴും പറയുമായിരുന്നു,'ജോലിക്ക് പോവുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരെ സുരക്ഷിതമായി വീട്ടിലിരുത്തി പോവാമെന്ന് '. നാട്ടിലോട്ട് തിരിച്ചു പോവണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. പിന്നെ ഒരുതവണ പോയി വന്നപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി.'അവിടുത്തെ ബന്ധങ്ങളൊക്കെ മാറിപ്പോയി.കുട്ടിക്കാലത്തൊക്കെ അടുത്തവീടിന്റെ അടുക്കളയില്‍ കയറാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നു.ഇപ്പോള്‍ എല്ലാം ഒരു ഷോ ആയി.' നാടിനേക്കാള്‍ നല്ലത് ഈ ബോംബെ തന്നെയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.''

ഭര്‍ത്താവിന്റെ അതേ വഴിയിലാണ് പ്രഭയും. മുംബൈയെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഒന്നുകൂടെ പൂരിപ്പിച്ചു. ''ഇന്ന് ബോംബെയെക്കുറിച്ച് മോശമായി പറയാന്‍ ഞാനാരെയും അനുവദിക്കില്ല. എന്റെ അമ്മാത്ത് കേരളമാണെങ്കിലും ജീവിതത്തില്‍ ഏറിയ സമയവും ഞാന്‍ ജീവിച്ചത്, ജീവിക്കുന്നത് ഇവിടെയാണ്.പോറ്റമ്മ പെറ്റമ്മയെക്കാള്‍ പ്രിയപ്പെട്ടവളാവരുതെന്നുണ്ടോ.''

ട്രെയിന്‍ പുതിയപുതിയ ലക്ഷ്യങ്ങള്‍ തേടിക്കൊണ്ടിരുന്നു.അപ്പുറത്ത് ലേഡീസ് കുപ്പെയില്‍ പൊടിപൊടിക്കുന്ന ചര്‍ച്ച.അന്ധേരിയില്‍ അടുത്തിടെയുണ്ടായ അക്രമത്തെക്കുറിച്ചുള്ള ആശങ്കകളാണ്.കഥയറിയാതെ നിന്ന ഒരു മറാത്തിക്കുവേണ്ടി തൊട്ടടുത്തിരിക്കുന്ന കണ്ണടക്കാരി ആ കഥപറഞ്ഞുകൊടുത്തു.''രണ്ടുമൂന്നുപെണ്‍കുട്ടികള്‍ക്കൊപ്പം ജ്യൂസ് കഴിക്കാന്‍ പോയതാണ് പയ്യന്‍മാര്‍.ഫുട്പാത്തില്‍നിന്ന ഏതോ കള്ളുകുടിയന്‍ പെണ്‍കുട്ടികളെ കമന്റടിച്ചു.അത് ചോദ്യം ചെയ്ത ആണ്‍കുട്ടികള്‍ അയാളെ ഓടിച്ചുവിട്ടു. ഓടിപ്പോയയാള്‍ പിന്നെ കുറെ ആളുകളുമായാണ് തിരിച്ചെത്തിയത്.അവര്‍ എല്ലാവരും കൂടെ ആണ്‍കുട്ടികളെ ഒറ്റക്കുത്തിന് തീര്‍ത്തുകളഞ്ഞു.'' കഥ ഇളക്കിവിട്ട ഞെട്ടലില്‍ ആ കമ്പാര്‍ട്ട്‌മെന്റ് അല്‍പനേരം നിശ്ശബ്ദമായി.

വണ്ടി മറൈന്‍ലൈന്‍സ് സ്റ്റേഷന്‍ കടന്നുപോയപ്പോള്‍ ജനലില്‍കൂടി കടലിന്റെ ഒരുഭാഗം ദൃശ്യമായി.വഴിവിളക്കുകളുടെ നീലവെളിച്ചം കടലിനും കരയ്ക്കും അതിരിട്ടു.തണുത്ത കാറ്റു കുറച്ചുനേരംകൂടി അകത്തു തത്തിക്കളിച്ചു.


ജുഹുവിലെ വടാപാവ്

മുഹമ്മദലി റോഡെന്ന് കേട്ടാല്‍ മിക്ക മലയാളികള്‍ക്കും പഴയൊരുകാലം ഓര്‍മ വരും. പണ്ട് കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ പോവുന്നവരുടെ ഇടത്താവളമായിരുന്നു ഇത്. ഗള്‍ഫിന്റെ മായികലോകം തേടിയെത്തിയ പലരും ഇവിടുത്തെ ചെറിയ ഗലികളില്‍ അന്തിയുറങ്ങിയിട്ടുണ്ട്. മൂട്ട കടി കൊണ്ടുകിടന്നിട്ടുണ്ട്.അന്നൊക്കെ ഏജന്റുമാര്‍ ഇവിടെയെത്തിച്ചിട്ടേ വിസ കൊടുക്കൂ.ഗള്‍ഫിന്റെ പേരില്‍ കബളിപ്പിക്കപ്പെട്ടവരും ധാരാളമുണ്ട്.


മുസ്ലിം സ്‌പെഷല്‍ വിഭവങ്ങളുടെ കലവറയെന്നൊരു പേരുകൂടിയുണ്ട്് മുഹമ്മദലി റോഡിന്. എപ്പോഴും അത് രുചിച്ചുനോക്കാന്‍ കിട്ടില്ലെന്നുമാത്രം.നോമ്പുകാലത്താണ് ഇവിടെ രുചികളുമായി തട്ടുകടകള്‍ അവതരിക്കുന്നത്.

സെന്‍ട്രല്‍ സ്‌റ്റേഷനും കഴിഞ്ഞ് മുന്നോട്ട് പോവുമ്പോള്‍ റെഡ് സ്ട്രീറ്റ്. മുംബൈയുടെ നെറ്റിയിലെ കളങ്കിത മുദ്ര.പേരുകേട്ട ഗുണ്ടമാരുടെ താവളങ്ങള്‍.

''ഇവിടുത്തെ ഭരണം അരുണ്‍ഗാവ്‌ലിയുടെ സംഘത്തിനാണ്.തൊട്ടടുത്ത ചേമ്പൂര്‍ രവി പൂജാരിയുടെ കൈയിലും.'' ഡ്രൈവര്‍ അന്തോണിക്ക് എല്ലാം മനപ്പാഠമാണ്.കുപ്രസിദ്ധമായ ധാരാവിയിലൂടെയാണ് ഇപ്പോള്‍ ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് ഛോട്ടാരാജന്‍ തീറെഴുതി വാങ്ങിയ സ്ഥലമത്രെ. ''ആള് ബാങ്കോക്കിലാണെന്നാണ് കേള്‍വി.അബ്‌ഡെമന്‍ പെയിനിന് സര്‍ജറിചെയ്യാന്‍ ഒരുങ്ങുന്നു.ആ സമയത്ത് ഭാര്യഅടുത്തുവേണമെന്ന് ഗുണ്ടാരാജാവിനും മോഹമുണ്ട്.പക്ഷേ സര്‍ക്കാര്‍ വിസ കൊടുത്തിട്ടുവേണ്ടേ.'' അക്കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ലായിരുന്നു അന്തോണിക്ക്.

സായാഹ്ന ശോഭയില്‍ തിളങ്ങുന്ന ജുഹു.നീലാകാശത്ത് ചായംവരയ്ക്കുന്ന അസ്തമയസൂര്യന്‍.കടലിന്റെ കാഴ്ചകള്‍ മോന്തി ഞായറിന്റെ ആലസ്യം തീര്‍ക്കുന്ന ആള്‍ക്കൂട്ടം.മുംബൈയിലെ നമ്പര്‍വണ്‍ വടാപാവ് കടയായ 'ആനന്ദ്' ഓഫറുകള്‍ നിരത്തിവെച്ച് ആളുകളെ ക്ഷണിക്കുന്നുണ്ട്. ''ബൈ വണ്‍ ദോശ,ഗെറ്റ് വണ്‍ സോഡ ഫ്രീ...'' പ്രലോഭനങ്ങളിലേക്ക് വീണുപോവുന്ന മനുഷ്യര്‍, ഭക്ഷണപ്രിയര്‍.

ആനന്ദില്‍ മുംബൈക്കേഴ്‌സിന്റെ പ്രിയപ്പെട്ട വടാപ്പാവൊരുക്കുന്നത് തിരുവനന്തപുരംകാരന്‍ വിജയന്‍.അല്‍പം പാചകരഹസ്യം വിളമ്പി വെച്ചു ആ മലയാളിനളന്‍' ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കലാണ് ആദ്യത്തെപണി. അതില്‍ മസാലയിട്ട് നിറച്ച് ബോണ്ട പോലെയാക്കി ഉരുട്ടിയെടുക്കും.ഇത് കടലമാവില്‍ മുക്കി പൊരിക്കലാണ് അടുത്തപണി.ശേഷം റൊട്ടി നെടുകെ കീറി അതില്‍ ബട്ടര്‍ പുരട്ടിയെടുക്കും.നേരത്തെ ഒരുക്കിവെച്ച ഉരുളക്കിഴങ്ങ് ബോണ്ട റൊട്ടിയില്‍ നിറച്ച് രസക്കൂട്ടുകളൊഴിച്ചാല്‍ വടാപാവ് റെഡി'. മലയാളിയുടെ പൊറോട്ട പോലെ മുംബൈയില്‍ എവിടെയും കിട്ടും ഈ വടാപാവും.പക്ഷേ 'ഏറ്റവും രുചിയുള്ളതു കഴിക്കാന്‍ ഇവിടെത്തന്നെ വരണം', ചിരിച്ചുകൊണ്ടൊരു പരസ്യമിട്ടു വിജയന്‍.

പുറത്ത് ശര്‍ക്കരക്കുടം തേടിയെത്തുന്ന ഉറുമ്പിന്‍കൂട്ടംപോലെ ആളുകള്‍ പൊതിഞ്ഞുതുടങ്ങി.തിരക്കിനനുസരിച്ച് ആനന്ദിലെ അടുപ്പും വലുതായി വന്നു.അതിനിടെ ഒരുപറ്റം കോളേജ് സുന്ദരികള്‍ വന്ന് കടയ്ക്കുമുന്നില്‍ ലാന്‍ഡ് ചെയ്തു.പത്തുമിനുട്ടുകൊണ്ട് വെട്ടുകിളി ഇറങ്ങിയ പാടത്തിന്റെ ഗതിയായി ആ കടയ്ക്ക്.

സച്ചിനും ബച്ചനും

താരപ്രഭയുടെ പകിട്ടിലാണ് ജുഹു. വടക്കോട്ടുഭ്രമണം ചെയ്താല്‍ അമിതാബ് ബച്ചന്റെ വീട്.കിഴക്കോട്ടുനടന്നാല്‍ അഭിഷേകും ഐശ്വര്യയും.അവിടുന്ന് വിളി കേള്‍ക്കുംദൂരത്ത് ഷാരൂഖ് ഖാന്റെ പൊറുതി.മുംബൈയിലെ ഏറ്റവും വലിയ സിനിമാ പ്രാന്തരെല്ലാം ജുഹുവിലിങ്ങനെ ചുറ്റിപ്പറ്റി നില്‍പ്പാണ്.ജോലിയും ഭക്ഷണവും കഴിഞ്ഞാല്‍ മുംബൈക്കാരുടെ മൂന്നാമത്തെ അഭിനിവേശമാണ് ഈ താരഭ്രമം.ദാ വരുന്നു അതിനൊരു തെളിവ്. 'ദില്‍വാലേ ദുല്‍ ഹനിയാ ലേ ജായേഗേ' ആ സിനിമ ഇറങ്ങിയിട്ട് വര്‍ഷങ്ങളൊരുപാടായി. പക്ഷേ, മുംബൈ സെന്‍ട്രല്‍ സ്റ്റേഷനടുത്തെ മറാത്ത മന്ദിര്‍ തിയേറ്ററിന്റെ ചുമരില്‍ കാജോള്‍ ഷാരൂഖിനെ ഇപ്പോഴും കെട്ടിപ്പിടിച്ചുനില്‍പ്പാണ്.800ാം വാരത്തിലും ഇവിടെ സിനിമ തകര്‍ത്തോടുന്നു.

ആ ലഹരിയുടെ അമ്പരപ്പ് മാറുംമുമ്പേ എത്തിക്കഴിഞ്ഞു ജയ് ബച്ചന്‍ വിളികളുമായി ഒരു ചെറുസംഘം.അമിതാബ് ബച്ചന്റെ വീട്ടിലേക്കാണ് ഈ മാര്‍ച്ച് പാസ്റ്റ്.പതുക്കെപ്പതുക്കെ ആ ജാഥയ്ക്ക് നീളംകൂടി വന്നു.''ബച്ചന്‍സാബ് ദര്‍ശനം നല്‍കുന്ന ദിനമാണിന്ന്. മുംബൈയിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചയും ആറുമണിക്ക് അദ്ദേഹം വീടിനുമുന്നില്‍ പ്രത്യക്ഷപ്പെടും'', ആവേശത്തിലിരുന്ന ഒരു മറാത്തവാല ആള്‍ക്കൂട്ടത്തിലേക്ക് ക്ഷണിക്കുന്നു.

ബച്ചന്റെ വീടിനുമുന്നില്‍ ആളുകള്‍ കുത്തിയിരിപ്പുതുടങ്ങി.റോഡില്‍ ഗതാഗതം തടസ്സപ്പെടുന്നു.മഞ്ഞവെളിച്ചമിട്ട് വരുന്ന ആംബുലന്‍സുകള്‍ പോലും ആളുകളെ വകഞ്ഞുമാറ്റിപ്പോവാന്‍ പാടുപെട്ടു. ആള്‍ക്കൂട്ടത്തിനിടയിലൊരു അടക്കിപ്പിടിച്ച സംസാരം.'ഐശ്വര്യക്ക് ആണ്‍കുട്ടി പിറക്കുമോ' ഒരു കറുമ്പിയാണ് സംശയക്കാരി.'ഇരട്ടക്കുട്ടികളാണെന്നാണ് കേള്‍ക്കുന്നത്'അടുത്തിരിക്കുന്ന കോലന്‍മുടിക്കാരിയുടെ മറുപടി. പെണ്ണുതന്നെ വേറൊരുത്തി. അതുകേട്ടതും ചോദ്യകര്‍ത്താവ് തലയില്‍ കൈവെച്ചുപോയി.അപ്പൂപ്പനാവാന്‍ പോവുന്ന ബച്ചനുപോലുമില്ലാത്ത ടെന്‍ഷനുണ്ടായിരുന്നു ആ മുഖത്ത്.


ശരണം വിളികള്‍ മൂര്‍ധന്യത്തിലാവുകയാണ്. നട തുറന്ന് ശുഭ്രവസ്ത്രത്തില്‍ ബിഗ് ബി.പ്രത്യക്ഷപ്പെട്ടു.ആനന്ദലഹരിയില്‍ നൃത്തച്ചുവടുവെക്കുന്ന ഭക്തര്‍ക്കുനേരെ അദ്ദേഹം കൈകൂപ്പി നിന്നു. തുരുതുരെ മിന്നുന്ന ക്യാമറക്കണ്ണുകള്‍. ഈ അലകടലിനുള്ളില്‍നിന്ന് തടിക്ക് പരിക്കേല്‍ക്കാതെ പുറത്തുകടക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ക്രിക്കറ്റ് ബാറ്റും കൈയിലേന്തി രണ്ടു പയ്യന്മാര്‍ നടന്നുപോയി. സച്ചിന്റെ ആരാധകരാവും.

വലതുവശത്ത് ഒരേ ഉയരത്തില്‍ പണിത കെട്ടിടങ്ങളില്‍ വെളിച്ചത്തിന്റെ ജനലുകള്‍ അങ്ങിങ്ങ് തെളിഞ്ഞുകാണാം.ഒന്നിന്റെ മുറ്റത്തേക്ക് ഒരു കാര്‍ പാഞ്ഞുപോയി.മറ്റൊന്നില്‍നിന്ന് പാശ്ചാത്യസംഗീതത്തിന്റെ അടക്കിപ്പിടിച്ച ശബ്ദം ശങ്കിച്ചുശങ്കിച്ചു വന്നു.ഇവയിലെല്ലാം മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്ന് ഓര്‍ക്കുക തന്നെ ഒരു രസമാണ്.മുന്നില്‍ കാണുന്ന ജനലുകളും ബാല്‍ക്കണികളും ഒഴിച്ചാല്‍ ഈ കെട്ടിടങ്ങള്‍ക്ക് ഒരു ഹൃദയമുണ്ടെന്നോ അതില്‍ സ്ഥലമുണ്ടെന്നോ സങ്കല്‍പിക്കാന്‍ പ്രയാസം.

രാത്രിയിലേക്ക് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു മുംബൈ. ബാറുകളിലും പബ്ബുകളിലും ഉലഞ്ഞാടുന്ന യുവത്വം. നിലാവില്‍ നാണംകുണുങ്ങി നില്ക്കുന്ന ഗേറ്റ് വേ.അരികില്‍ ചെറുമന്ദഹാസംപൊഴിച്ച് താജ് ഹോട്ടല്‍. ഉല്ലാസപ്രിയര്‍ക്കുവേണ്ടി ഗേറ്റ് വേയില്‍ നിന്ന് ഒരുമണിക്കൂര്‍ ബോട്ട് യാത്രയുണ്ട്.എലിഫന്റാ കേവ്‌സില്‍ പോയി ശിവപാര്‍വതിമാരെ കണ്ടുവരാം. രാത്രി വൈകിയിട്ടും ബോട്ടിലേക്ക് ഇടിച്ചുകയറാന്‍ കാഴ്ചപ്രിയരുടെ തിരക്കുണ്ട്.


ചരിത്രത്തെ തത്വചിന്തയുടെ കണ്ണിലൂടെ നോക്കിയ എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞത് എത്ര ശരി.'ഇതൊരു അത്ഭുതനഗരമാണ്.കുറെക്കാലത്തിനുശേഷം തിരിഞ്ഞുനോക്കുകയാണെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ സ്വയം തിരിച്ചറിഞ്ഞെന്നുവരില്ല. ഈ നഗരം ഒരു യക്ഷിയെപ്പോലെയാണ്.അതു നിങ്ങളെ മാറ്റിമറിക്കും. അവസാനം അത്ഭുതങ്ങള്‍ അത്ഭുതങ്ങളായി തോന്നാതാവുകയും ചെയ്യും.'

ആരവങ്ങള്‍നേര്‍ത്തുവരുന്നു.ഇനിയും ഗേറ്റ് വേയ്ക്ക് മുന്നില്‍ സ്വപ്‌നം കണ്ടുനിന്നാല്‍ അന്തിയുറങ്ങുക കൊളാബ പോലീസ് സ്‌റ്റേഷനിലാവും.സ്വപ്‌നങ്ങളുടെ താജല്ലേ മുന്നില്‍.അവിടെയാവട്ടെ ഈ ശുഭരാത്രി.

 

എന്റെ ജീവിതത്തിന് സാക്ഷി


നദിയ മൊയ്തു ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്്.പിന്നെ സിനിമാനടിയായതിനും പ്രണയിച്ചതിനും വിവാഹം ചെയ്തതിനുമെല്ലാം ഈ നഗരമായിരുന്നു സാക്ഷി.പാലിഹില്‍സിലെ ഫ്‌ലാറ്റില്‍വെച്ച്് നദിയ തന്റെ പ്രിയനഗരത്തെക്കുറിച്ച് സംസാരിച്ചു,വര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയില്‍ കണ്ട കൗമാരക്കാരിയുടെ അതേ ചുറുചുറുക്കോടെ.

''അത്ഭുതം തോന്നും മുംബൈയെപ്പറ്റി ആലോചിക്കുമ്പോള്‍. ഈ നഗരത്തില്‍ എത്രപേരാണ് പാര്‍ക്കുന്നത്.ഇവിടേക്ക് വരുന്നവര്‍ക്കൊന്നും തിരിച്ചുപോവാന്‍ തോന്നാറില്ല. എന്റെ സന്തോഷങ്ങള്‍ക്കെല്ലാം നിമിത്തമായത് മുംബൈയാണ്.ശിശിരുമായി പ്രണയത്തിലാവുന്നതും ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടാവുന്നതും ഈ നഗരത്തില്‍ വെച്ചാണ്.എനിക്ക് രണ്ട് പെണ്‍മക്കളാ.ഒമ്പതാം ക്ലാസുകാരി സനവും അഞ്ചാം ക്ലാസുകാരി ജാനവും. ഏളേ മോള്‍ക്ക് മധുരം വല്യ ഇഷ്ടാ.ഭക്ഷണത്തിന്റെ കൂടെ എന്തേലും മധുരമുണ്ടേ അവള്‍ നല്ല ഖുഷിയായിട്ട് കഴിച്ചോളും.തനി മറാത്തി രീതി.പക്ഷേ മൂത്തമോള്‍ മലയാളി മട്ടാ.അവള്‍ക്കിത്തിരി എരിവൊക്കെ വേണം.ഒരാള്‍ക്ക് മറാത്തജീനും മറ്റേയാള്‍ക്ക് മലയാളി ജീനുമാണെന്ന് ഞങ്ങള്‍ കളിയായി പറയാറുണ്ട.

ശിശിര്‍ മറാത്തിയാണ്.അതുകൊണ്ട് അവരുടെ പാചകവും എനിക്ക് പഠിച്ചെടുക്കേണ്ടി വന്നു.നമ്മള്‍ മലയാളികളെപ്പോലെ മറാത്തികള്‍ എല്ലാത്തിലും തേങ്ങയീടാറില്ല.അതുതന്നെ ഒരുമിനക്കെട്ട പണിയാണ്.പൂരന്‍ബോളിയാണ് മറാത്തികളുടെ പ്രധാനസദ്യ.പരിപ്പും ശര്‍ക്കരയും ഛനാദാലുമൊക്കെയിട്ടുണ്ടാക്കുന്ന അസ്സല്‍ വിഭവം. മദറിന്‍ ലോയാണ് ഇതില്‍ എന്റെ ഗുരു.