ഒരു വിഷുരാത്രിയുടെ സ്വാദോര്‍മ 

ശരിക്കും 'ബ്രെത്ത് ലെസ്' എന്നുവിശേഷിപ്പിക്കാമായിരുന്നു ആ കാഴ്ചയെ. ഒറ്റയിരുപ്പിന് കേരളത്തിന്റെ രുചി മുഴുവന്‍ അകത്താക്കുകയാണ് ഒറ്റശ്വാസത്തില്‍ പാടി നമ്മെ രസിപ്പിച്ച ഗായകന്‍. ഭക്ഷണം കഴിക്കലും ഒരു കലയാണെന്ന് ശരിക്കും ബോധ്യമായി അതു കണ്ടപ്പോള്‍.

 

രണ്ടുപാട്ടുകാര്‍. അവര്‍ക്കൊപ്പം ഒരു വിഷു രാത്രി. പക്ഷേ സംഗീതം നിറയുന്ന ആ സൗഹൃദനിമിഷങ്ങള്‍ക്കുമപ്പുറം, ഭക്ഷണം ഒരാളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അടുത്തറിഞ്ഞതിന്റെ അനുഭവമാണ് ഈ കുറിപ്പ്. നമ്മുടെ സ്വന്തം കേരളത്തിന്റെ രുചി ഏതുഭാവഗായകനോടും ശ്രുതി ചേരുന്നതിന്റെ ആഹ്ലാദവും.

 

കോഴിക്കോട്ട് ഒരു സംഗീതപരിപാടിക്കെത്തിയതാണ് ഹരിഹരനും ശങ്കര്‍ മഹാദേവനും. ശങ്കര്‍ജിയുമായി ദീര്‍ഘനാളത്തെ സൗഹൃദമുണ്ട്. കേരളത്തിലെത്തുമ്പോള്‍ പലവട്ടം ആതിഥേയനാകാനും അവസരം കിട്ടിയിട്ടുണ്ട്. കോഴിക്കോട് പാരഗണിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. ദുബായ് പാരഗണില്‍ ഒരു തവണ ഭക്ഷണം കഴിച്ചതിന്റെ തൊട്ടുപിന്നാലെ അതേപ്പറ്റി സ്വാദേറിയ വാക്കുകളില്‍ ഫേസ് ബുക്കില്‍ കുറിച്ചു,ശങ്കര്‍ജി. 

 

രണ്ടുപേര്‍ക്കും രാത്രിഭക്ഷണം ഒരുക്കിയിരുന്നത് സംഗീതസംവിധായകന്‍ തേജ് മെര്‍വിന്റെ വീട്ടിലാണ്. ശങ്കര്‍ജി ഇതിനുമുമ്പും തേജിന്റെ വീട്ടില്‍ വന്നിട്ടുണ്ട്. പക്ഷേ ഇത്തവണ ഹരിഹരനെപ്പോലൊരാളുടെ സാന്നിധ്യം കൂടിയുള്ളത് ആ സ്‌നേഹത്തിന്റെ രുചി ഇരട്ടിയാക്കി. 

 


വീട്ടിലേക്കുള്ള യാത്രയില്‍ ശങ്കര്‍ജി സംസാരിച്ചത് അത്രയും കേരളത്തിന്റെ ഭക്ഷണവൈവിധ്യത്തെപ്പറ്റിയാണ്. ഹരിഹരന് അതില്‍ പലതും പുതിയ അറിവുകളായിരുന്നു. സ്വാദില്‍ ഇത്രയധികം സ്വരഭേദങ്ങളുണ്ടെന്ന് ആ വലിയ ഗായകന്‍ ആദ്യമായി മനസ്സിലാക്കുകയായിരുന്നു.

 

തേജും ഭാര്യ റീമ, മക്കള്‍ ഋതിന്‍, അബിന്‍, ഭാര്യയുടെ മാതാപിതാക്കളായ ജോവെറ്റ്, പ്രേമ എന്നിവരും ഞങ്ങളെ സ്വീകരിച്ചത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. ഭക്ഷണത്തിന് മുമ്പ് മനസ്സാണ് ആദ്യം നിറയേണ്ടതെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഇവിടെ മനസ്സ് നന്നായി നിറഞ്ഞു. ഈ വീട്ടില്‍ നിറയെ സംഗീതമാണ്. തേജിന്റെ രണ്ടുമക്കളും സംഗീതജ്ഞര്‍ തന്നെ. മൂത്തയാള്‍ തൈക്കൂടം ബ്രിഡ്ജിലെ കീ ബോര്‍ഡ് വാദകന്‍. 

 

നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങളുടെ കടല്‍ ആണ് തേജും കുടുംബവും ഒരുക്കിയിരുന്നത്. കരിമീന്‍ പൊള്ളിച്ചത്,ചെമ്മീന്‍ മുളകിട്ടത്,ബീഫ് ഉലര്‍ത്തിയത്,കടുക്ക,ചിക്കന്‍,തനി കോഴിക്കോടന്‍ ബിരിയാണി,തുടങ്ങിയവയ്‌ക്കൊപ്പം ചോറും മോരുകറിയുമുള്‍പ്പെടെ സദ്യാവിഭവങ്ങളും. ശങ്കര്‍ജിയ്ക്ക് നന്നായി അറിയാം ഓരോന്നും എങ്ങനെ കഴിക്കണമെന്നും ഏതിനൊപ്പം കഴിക്കണമെന്നും. വലിയൊരു അത്ഭുത ദ്വീപില്‍ എത്തിയ നാവികനെപ്പോലെയായിരുന്നു ഹരിഹരന്‍. ആ കൗതുകം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖത്തും വാക്കുകളിലുമുണ്ടായിരുന്നു. ഓരോ പുതിയരുചിയും പരിചയിക്കുമ്പോള്‍ അദ്ദേഹം പ്രശംസകള്‍ പറത്തിവിട്ടുകൊണ്ടിരുന്നു.

 

ബീഫിന്റെ ചേരുവയാണ് ശങ്കര്‍ജിയെ ഇത്തവണ ഏറെ ആകര്‍ഷിച്ചത്. തേങ്ങാക്കൊത്തിട്ട് കേരളത്തിന്റെ തനതുരീതിയില്‍ ഉലര്‍ത്തിയെടുത്ത ബീഫ് വീണ്ടും വീണ്ടും കഴിച്ചു അദ്ദേഹം. അതുകണ്ടപ്പോള്‍ തേജിന്റെ ഭാര്യമാതാവ് പറഞ്ഞു:പൊതിഞ്ഞെടുത്തുതരാം...വീട്ടില്‍കൊണ്ടുപോയി കഴിക്കാമല്ലോ..'ശങ്കര്‍ജിയുടെ മറുപടി രസകരമായിരുന്നു. 'അയ്യോ വേണ്ട...മുംബൈയില്‍ ബീഫ് നിരോധിച്ചിരിക്കുകയാണ്. ഇതും കൊണ്ട് അങ്ങോട്ട് ചെന്നാല്‍ പിറ്റേന്നത്തെ പത്രങ്ങളുടെ ഹെഡ് ലൈന്‍ ഇങ്ങനെയായിരിക്കും: അയ്യര്‍ കോട്ട് വിത്ത് ബീഫ് ഇന്‍ എയര്‍പോര്‍ട്ട്!!!!'വീട്ടില്‍ ആരും ബീഫ് കഴിക്കില്ലെന്ന് കൂടി പറഞ്ഞു ശങ്കര്‍ജി.

 

വയനാട് മഹോത്സവത്തിന് വന്നപ്പോള്‍ രുചിച്ച വിഭവങ്ങളെക്കുറിച്ച് പറഞ്ഞു ഹരിഹരനെ കൂടുതല്‍ കൊതിപ്പിച്ചു,അദ്ദേഹം. ആ ആവേശം കണ്ടപ്പോള്‍ ചോദിക്കാന്‍ മടിച്ചില്ല:'താങ്കള്‍ക്ക് കേരള ഭക്ഷണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഓഫര്‍ ചെയ്താല്‍?'. മറുപടി ഒട്ടും വൈകിയില്ല. 'സംശയമെന്ത്?ഞാന്‍ സന്തോഷപൂര്‍വം ഏറ്റെടുക്കും..പിന്നെ മാക്‌സിമം എന്‍ജോയ് ചെയ്യും'.
കേരളത്തിന്റെ ഭക്ഷണം ലോകമെങ്ങും അറിയപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇത്രയധികം വൈവിധ്യങ്ങളുള്ള രുചിസാമ്രാജ്യം വേറെവിടെയും കാണില്ല. ഏതുതരം സ്വാദ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയും കേരളത്തില്‍ ഭക്ഷണമുണ്ടല്ലോ..'ശങ്കര്‍ജി പറഞ്ഞു.

 

ഞങ്ങള്‍ ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. കേരളടൂറിസത്തിന്റെ വിസിറ്റ് കേരള പദ്ധതിയില്‍ പ്രധാനമായും മാര്‍ക്കറ്റ് ചെയ്യപ്പെടുക ഭക്ഷണമാകുമെന്ന് പറഞ്ഞപ്പോള്‍ ശങ്കര്‍ജിക്ക് ഏറെ സന്തോഷം. പുഴകളും മലകളും കാട്ടി ലോകത്തെ വിരുന്നുവിളിക്കുന്ന പതിവിന് പകരം ഭക്ഷണം വിളമ്പി വച്ച് സ്വാഗതമോതാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആ ഭക്ഷണപ്രേമിയെ സന്തോഷഭരിതനാക്കി. 

 

അപ്പോള്‍ കോഴിക്കോട് മാതൃഭൂമിയൊരുക്കുന്ന ഭക്ഷ്യമേളയ്‌ക്കെത്തിയതിനെക്കുറിച്ചായി ശങ്കര്‍ജിയുടെ വാക്കുകള്‍. അതുകേട്ട് ഹരിഹരന്‍ ആവേശം കൊണ്ടു. അടുത്ത തവണ എന്തായാലും ഭക്ഷ്യമേളയ്‌ക്കെത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടുവട്ടം എത്താനാകാതെപോയതിന്റെ നിരാശ തീര്‍ത്തു,ഹരിഹരന്‍. 

 

വിഷുപ്പിറ്റേന്ന് ശങ്കര്‍ജിയുടെ മകന്റെ പിറന്നാള്‍ കൂടിയായിരുന്നു. കുടുംബത്തിനൊപ്പമല്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ തേജിന്റെ ആതിഥേയത്വം അത് ഒരുപരിധിവരെ മായ്ച്ചു. ശങ്കര്‍ജിയുടെ വയറും മനസ്സും ഒരുപോലെ നിറഞ്ഞുകാണണം. ഒരു മലയാളികുടുംബത്തിന്റെ സ്‌നേഹവിരുന്നിനുനടുവിലിരുന്ന് കൊണ്ട് അദ്ദേഹം മുംബൈയിലുള്ള മകനെ വിളിച്ച് പിറന്നാള്‍ ആശംസനേര്‍ന്നു. ഭാര്യയ്ക്കും മകനുമായി സ്‌കൈപ്പിലൂടെ തനിക്കുമുന്നിലുള്ള കേരളീയവിഭവങ്ങളുടെ വിശാലലോകം കാട്ടിക്കൊടുത്തു. അങ്ങനെ ഭൂമിയുടെ രണ്ട് ഭാഗങ്ങളിലിരുന്ന് അവര്‍ രുചിയിലൂടെ ഒന്നായി. പരസ്പരം സ്‌നേഹം രുചിച്ചു.

 

ആ രാത്രി യാത്ര പറയുന്നതിന് മുമ്പ് ശങ്കര്‍ജി ഉള്ളിലെ മോഹം പങ്കുവച്ചു. ഭക്ഷണം കേന്ദ്രമാക്കിയൊരു സംഗീതഷോ. ഉടന്‍ അത് നമ്മള്‍ക്ക് മുന്നിലെത്തും. സ്വാദേറിയ ആ പാട്ടുകള്‍ക്കായി കാത്തിരിക്കാം.