ടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവു ശീലങ്ങളില്‍ ഒന്നായിരുന്നു. കാലം മാറിയപ്പോള്‍ ചായയും മാറി. ഈ രണ്ടക്ഷരം നമുക്കേവര്‍ക്കും ഗൃഹാതുരത്വവുമാണ് കൊച്ചുവെളുപ്പാന്‍കാലത്ത് വീടിന് വിളിപ്പാടകലെയുള്ള ചായപ്പീടികയില്‍നിന്ന് കടുപ്പത്തിലൊരു ചായ-ഏകദേശം ഒന്നരപതിറ്റാണ്ടുമുമ്പുവരെ ശരാശരി മലയാളിയുടെ പതിവുശീലങ്ങളിലൊന്നായിരുന്നു ഇത്. വീട്ടിലെ പഞ്ചസാരഭരണിയിലും ചായപ്പൊടിപാട്ടയിലും 'ആള്‍താമസ'മൊഴിഞ്ഞതുകൊണ്ടായിരുന്നില്ല ഈ പ്രഭാതചര്യ.

അതിരാവിലത്തെ ചായയ്‌ക്കൊപ്പമുള്ള പത്രപാരായണവും രാഷ്ട്രീയംപറച്ചിലും അല്പസ്വല്പം പരദൂഷണവും അത്രമേല്‍ അലിഞ്ഞുചേര്‍ന്നിരുന്നു, മലയാളിരക്തത്തില്‍. കാലക്രമത്തില്‍ ചായയുടെയും ചായപ്പീടികയുടെയും  ചേരുവയിലും രൂപത്തിലും മാറ്റങ്ങളുണ്ടായി. സമോവര്‍ 'പിടികിട്ടാപ്പുള്ളി'യായി.

എങ്കിലും 'ചായ' എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങുന്നതല്ല ചായയുടെ കടുപ്പവും ഊര്‍ജവും. സ്‌ട്രോങ്,ലൈറ്റ്, മീഡിയം, വിത്ത്, വിത്തൗട്ട്, അടിച്ചത്, അടിക്കാത്തത്, പൊടി, കട്ടന്‍, ഇഞ്ചിക്കട്ടന്‍, സുലൈമാനി...ഒന്നോര്‍ത്താല്‍ ഈ ചായ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിച്ചുതീര്‍ക്കുന്ന പാനീയമെന്ന വിശേഷണം ചായയ്ക്ക് സ്വന്തം.

ചായ 'ഗൃഹാതുരത്വത്തിന്റെ ഗ്ലാസില്‍'

വീട്ടില്‍ വിരുന്നുകാരെത്തുമ്പോള്‍ ഫ്‌ലാസ്‌കും തൂക്കി തൊട്ടടുത്ത ചായക്കടയിലേക്ക് ചായ വാങ്ങാനായി ഓടിയ കാലം ഇന്ന് മുപ്പതുകളിലെത്തിയ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. പാല് നമ്മുടെ അടുക്കളകളില്‍ പ്രത്യേക പരിഗണന അര്‍ഹിച്ചിരുന്ന കാലത്ത് തേങ്ങാപാലൊഴിച്ചും പഞ്ചസാരയ്ക്ക് ക്ഷാമം നേരിട്ട കാലത്ത് ശര്‍ക്കരയോ വെല്ലമോ കടിച്ച് രുചിച്ചും ചായയെ നാം ആഘോഷിച്ചു(വെല്ലം കടിച്ചുകൂട്ടി കുടിക്കുന്ന മധുരമില്ലാത്ത ചായയ്ക്ക് എന്തോന്ന് രുചിയെന്ന് ചോദിക്കാന്‍ വരട്ടെ.

ഇതിന്റെ രുചി അനുഭവിച്ചുതന്നെ അറിയണമെന്ന് അനുഭവസ്ഥര്‍ പറയും). പാലെഴിക്കാത്ത കട്ടന്‍ചായയെ പണ്ടുതൊട്ടേ നമുക്കറിയാമെങ്കിലും അറബിപ്പൊന്ന് തേടിപ്പോയ ഗള്‍ഫുകാര്‍ തിരിച്ചുനാട്ടിലെത്തിയതോടെയാണ് 'സുലൈമാനി' എന്ന പേര് നാട്ടില്‍ പച്ചപിടിച്ചത്.

ഒപ്പം നാരങ്ങാനീര് ചേര്‍ത്ത കട്ടന്‍ചായയുടെ അനന്തസാധ്യതകളും. വന്നു വന്ന് വന്‍കിട ടീ ഫാക്ടറികളില്‍ ചായ രുചിച്ചുനോക്കി ഗുണമേന്‍മ വിലയിരുത്തുന്ന 'ടീ ടേസ്റ്റര്‍' എന്ന വൈറ്റ് കോളര്‍ ജോലിവരെ എത്തിനില്‍ക്കുന്നു ചായയുടെ പെരുമ.

'ചായയെ സിനിമേലെടുത്തു'

ഉദയ, മെറിലാന്‍ഡ് സിനിമകള്‍തൊട്ട് ഈയിടെ പൂയംകുട്ടി വനമേഖലയില്‍നിന്നും കാടിറങ്ങിവന്ന 'പുലിമുരുകനി'ല്‍വരെയുണ്ട് ചായയ്ക്ക് 'പിന്‍നിര'യിലൊരുസീറ്റ്.കഥ ഗ്രാമീണാന്തരീക്ഷത്തിലുള്ളതാണെങ്കില്‍ ചായക്കടയുടെ സെറ്റും ചായക്കടയിലെ സംഭാഷണശകലങ്ങളും പടത്തിലുണ്ടാകുമെന്നുറപ്പ്.

മണിരത്‌നത്തിന്റെ 'ദില്‍സേ'യില്‍ പെരുമഴയത്ത് വഴിയരി കിലെ ഉന്തുവണ്ടിയില്‍നിന്നും ആവിപറക്കുന്ന ചായ ഊതിക്കുടിക്കുന്ന ഷാറൂഖ് ഖാനേയും മനീഷാ കൊയ്രാളയേയും എങ്ങനെ മറക്കാനാണ്.

ആറ് മലയാളികള്‍ക്ക് നൂറു മലയാളം എന്ന മട്ടില്‍ വിവിധതരം ചായകള്‍ ഓര്‍ഡര്‍ചെയ്യുന്ന പത്രക്കാര്‍ക്ക് ഒരേ ചായ നല്‍കി, പരസ്പരം മാറിപ്പോയതാണെന്ന് പറഞ്ഞ് തലയൂരുന്ന ജഗതിയുടെ ചായക്കടക്കാരന്‍ നമ്മുടെ ചിരിയോര്‍മ്മകളില്‍ ആവി പറത്തിനില്‍ക്കും(ചിത്രം:സ്വ.ലേ.). 

ന്യൂജെന്‍ സിനിമകളില്‍ ചായക്കടയ്ക്കുപകരം കാന്റീനുകളും കഫ്ത്തീരിയകളും കോഫിഷോപ്പുകളും സ്ഥാനംപിടിച്ചുവെങ്കിലും പുതിയഗ്ലാസില്‍ നിറയുന്നത് നമ്മുടെ ആ പഴയ ചായതന്നെ.

ചായ പല വിധം

രുചിഭേദങ്ങള്‍ ഏറെയുണ്ട് ചായയ്ക്ക്. കട്ടന്‍ചായ മുതല്‍ ഗ്രീന്‍ടീ വരെ നീളുന്നു ഇതിന്റെ പട്ടിക. ഏലക്ക,ഇഞ്ചി, ചുക്ക്, ജീരകം,ഗ്രാമ്പൂ തുടങ്ങിയവ വെവ്വേറെ ചേര്‍ത്ത് അതാത് രുചിയിലുള്ള ചായ തയ്യാറാക്കാം.

ഇപ്പറഞ്ഞ ചേരുവകള്‍ക്കൊപ്പം കുരുമുളക് ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധച്ചായയും ഉപയോഗത്തിലുണ്ട്. ഇവയ്ക്കു പുറമെയാണ് വാനില ഉള്‍പ്പെടെയുള്ള വിവിധതരം എസന്‍സു കള്‍ ചേര്‍ത്തുണ്ടാക്കുന്ന ചായയുടെ വൈവിധ്യം.തേയില ഉണക്കി ആവി കയറ്റി തയ്യാറാക്കുന്ന ഗ്രീന്‍ ടീയാണ് നിലവില്‍ 'സ്റ്റാര്‍'. 

മറ്റു ചായകള്‍ പോലെ അധികം സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്താത്ത ഗ്രീന്‍ടീയില്‍ ശരീരത്തിന് ഗുണകരമായ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇതാണ് വിപണിയിലും ഗ്രീന്‍ടീയുടെ മൂല്യം ഉയര്‍ത്തിയത്.

ചായ; ഗുണമേറെ, ഒപ്പം ദോഷവും

ചായ കുടിക്കാത്ത ഒരാള്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍ കുടിച്ചതുകൊണ്ട് ഗുണമുണ്ട്:ഒപ്പം ദോഷവും. ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ചായ സഹായകമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

കട്ടന്‍ചായയിലുള്ള ഫ്‌ലേവനോയിഡ് പോലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണ്. ആയുര്‍വേദമനുസരിച്ച് ഇഞ്ചിച്ചായ കുടിച്ചാല്‍ വാത-പിത്ത-കഫ സംബന്ധമായ ദോഷങ്ങള്‍ കുറയും.

ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുകയും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദസാധ്യത കുറയ്ക്കാന്‍ കട്ടന്‍ചായയ്ക്ക് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസം മൂന്നോ നാലോ ഗ്ലാസ് കട്ടന്‍ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്നും നീര്‍വീക്കം കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ചായയിലടങ്ങിയ ഫ്‌ലൂറൈഡുകള്‍ അസ്ഥികള്‍ക്ക് ദോഷം ചെയ്യുമെന്നതാണ് ഒരു നിരീക്ഷണം. നിദ്രാഭംഗത്തിനും ഉറക്കം കുറയാനും ചായ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

ചായയുടെ ഗുണങ്ങളും ദോഷങ്ങളുമൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രയും അടുത്തറിഞ്ഞ സ്ഥിതിക്ക് ഇനി കടുപ്പത്തിലൊരു ചായയാവാം, അല്ലേ.

ചായ- ചരിത്രം

ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു.വാമൊഴി-െഎതിഹ്യപ്രകാരം ചൈനിസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നൂങ് (shen nung) ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്.

ഇദ്ദേഹം കാട്ടില്‍ വേട്ടക്കുപോയ സമയത്ത് അല്‍പം വെള്ളം ചൂടാക്കാന്‍വെക്കുകയും ഏതോ ചെടിയുടെ ഉണങ്ങിയ ഇലകള്‍ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു.തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവര്‍ത്തി പാനീയം നല്‍കിയ ഉന്‍മേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുതപാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.

''ചാ''എന്ന ചൈനീസ് പദത്തില്‍നിന്നാണ് ചായയുടെ തുടക്കം.ഏതാണ്ടെല്ലാ ഏഷ്യന്‍ഭാഷകളിലും ''ചായ്'' എന്നാണ് ചായ  അറിയപ്പെടുന്നത്.ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് സെന്‍ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.

പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബരവസ്തുവായിമാറാനും സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല. എന്തിനധികം,അമേരിക്കന്‍വിപ്ലവത്തിന് തുടക്കമിട്ട ബോസ്റ്റണ്‍ ടീ പാര്‍ട്ടിക്കു നിമിത്തമാകാനും  

ഈ ഇത്തിരിപ്പോന്ന തേയിലക്കായി കേരളത്തില്‍നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് ചായ കൂടുതലായി ഉപയോഗിച്ചുവരുന്നത്.കേരളത്തിലെ ചായയില്‍ പാലും വെള്ളവും സമാസമമായിരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ പാലിന്റെ അളവ് കൂടും. കര്‍ണാടകയിലാവട്ടെ പാലില്‍ ചായപ്പൊടിചേര്‍ത്ത് കഴിക്കുന്നതാണ് പഥ്യം.

Content Highlights: Article about Tea